ADVERTISEMENT

ബെംഗളൂരു ∙ പുതിയ സ്ലീപ്പർ ബസുകൾ ലഭിക്കുന്നതോടെ കേരളത്തിലേക്കുള്ള വാരാന്ത്യ സർവീസുകൾ പ്രതിദിനമാക്കാൻ കർണാടക ആർടിസി. ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം സർവീസുകളാണ് പ്രതിദിനമാക്കുക. നേരത്തെ പ്രതിദിന സർവീസുകളായിരുന്ന ഇവ ബസ് ക്ഷാമത്തെ തുടർന്നാണ് വാരാന്ത്യ സർവീസുകളാക്കിയത്. സെമി സ്ലീപ്പർ ഐരാവത് ക്ലബ് ക്ലാസ് ബസുകൾ ഉപയോഗിച്ചാണ് നിലവിൽ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്ക് കഴിഞ്ഞ വർഷം അംബാരി ഉത്സവ് സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചിരുന്നെങ്കിലും മാസങ്ങൾക്കുള്ളിൽ നിർത്തി. ദേശീയപാത 66 വീതികൂട്ടുന്ന പ്രവൃത്തികളുടെ ഭാഗമായി ഗതാഗതക്കുരുക്ക് രൂക്ഷമായതും തിരിച്ചടിയായി.

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആലപ്പുഴയിലേക്ക്
ബെംഗളൂരുവിൽ നിന്നുള്ള വിനോദസഞ്ചാരികളെ കൂടി ലക്ഷ്യമിട്ടാണ് കർണാടക ആർടിസി ആലപ്പുഴയിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ആലപ്പുഴയിലേക്ക് ബെംഗളൂരുവിൽ നിന്ന് 2 സ്പെഷൽ സർവീസുകൾ നടത്തിയത് വിജയകരമായിരുന്നു. കേരള ആർടിസി നേരത്തെ ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് പ്രതിദിന എസി സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ഇത് തിരുവനന്തപുരത്തേക്ക് നീട്ടി. മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് മാത്രമാണ് ആലപ്പുഴ വഴി ബെംഗളൂരുവിലേക്കുള്ള ഏക പ്രതിദിന ട്രെയിൻ സർവീസ്.

ടിക്കറ്റ് നിരക്കിളവ് ഓഗസ്റ്റിലും തുടരും
കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള പ്രീമിയം എസി ബസുകളിലെ 10% ടിക്കറ്റ് നിരക്കിളവ് ഓഗസ്റ്റിലും തുടരും. ജൂലൈ 31 വരെ പ്രഖ്യാപിച്ചിരുന്ന നിരക്കിളവാണ് നീട്ടിയത്. നിലവിലെ ടിക്കറ്റ് നിരക്കിൽ നിന്ന് 100–120 രൂപ വരെയാണു കുറച്ചത്. തിങ്കൾ മുതൽ വ്യാഴം വരെ അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത് ഡയമണ്ട് ക്ലാസ്, അംബാരി സ്ലീപ്പർ, ഐരാവത് ബസുകളിൽ ഓൺലൈൻ റിസർവേഷൻ നടത്തുന്നവർക്കാണ് ഇളവു ലഭിക്കുന്നത്. രാജഹംസ, പല്ലക്കി നോൺ എസി സ്ലീപ്പർ ബസുകളിൽ നിരക്കിളവില്ല. വാരാന്ത്യ സർവീസുകളിലും സ്പെഷൽ ബസുകളിലും 15–20% വരെ കൂടിയ നിരക്ക് (ഫ്ലെക്സി) ഈടാക്കുന്നത് തുടരും.

എയർ ഇന്ത്യ ബെംഗളൂരു–അബുദാബി സർവീസ്
എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിൽനിന്ന് അബുദാബിയിലേക്കു നോൺ സ്റ്റോപ് വിമാനസർവീസ് ആരംഭിച്ചു. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് വൈകിട്ട് 3.15നും അബുദാബിയിൽ നിന്ന് വൈകിട്ട് 6.55നുമാണു സർവീസ്. നേരത്തെ മംഗളൂരുവിൽ നിന്നു മാത്രമായിരുന്നു എയർ ഇന്ത്യയ്ക്ക് അബുദാബി സർവീസ് ഉണ്ടായിരുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ സർവീസ് നിർത്തി; ഉയർന്ന നിരക്കും സമയക്രമവും വിന
ബെംഗളൂരു ∙ എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരു–കണ്ണൂർ സർവീസിന് തിരിച്ചടിയായത് ഉയർന്ന ടിക്കറ്റ് നിരക്കും അശാസ്ത്രീയമായ സമയക്രമവും. ജൂലൈ ആദ്യവാരം ആരംഭിച്ച സർവീസാണു യാത്രക്കാരില്ലെന്ന പേരിൽ കഴിഞ്ഞ ദിവസം നിർത്തലാക്കിയത്. നേരത്തെ 2 സർവീസുകളാണ് എയർ ഇന്ത്യ ബെംഗളൂരു–കണ്ണൂർ സെക്ടറിൽ നടത്തിയിരുന്നത്. എയർ ഇന്ത്യ സ‍ർവീസ് നിർത്തിയതോടെ നിലവിൽ ഇൻഡിഗോ മാത്രമാണ് കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് പ്രതിദിന സർവീസ് നടത്തുന്നത്. ബെംഗളൂരുവിൽ നിന്ന് രാവിലെ 6.10നും വൈകിട്ട് 6.05നും കണ്ണൂരിൽ നിന്ന് രാവിലെ 7.50നും ഉച്ചയ്ക്ക് 2.40നുമാണ് ഇൻഡിഗോ സർവീസുകൾ.

കണ്ണൂർ വിമാനത്താവളത്തിന്റെ ആരംഭത്തിൽ ആഭ്യന്തര സെക്ടറിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് ബെംഗളൂരുവിലേക്കായിരുന്നു. ആദ്യം1800–2500 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 5000–9000 രൂപവരെയാണ് നിരക്ക്. 2018 ഡിസംബറിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്തപ്പോൾ ബെംഗളൂരുവിൽ നിന്ന് ആദ്യ സർവീസ് നടത്തിയ ഗോ എയറിന്റെ അടിസ്ഥാന ടിക്കറ്റ് നിരക്ക് 1415 രൂപയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com