ശമനമില്ലാതെ മഴ; കനത്ത ജാഗ്രത
Mail This Article
ബെംഗളൂരു∙ മഴക്കെടുതി തുടരുന്നതിനിടെ കാവേരി, കൃഷ്ണ നദീതടങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം മുന്നറിയിപ്പു നൽകി. തീരദേശ, മലനാട് ജില്ലകളിലും വടക്കൻ കർണാടകയിലും കനത്ത മഴ തുടരുന്നതിനിടെയാണിത്. ഗോഖക്കിൽ ഘട്ടപ്രഭ, ഹാവേരിയിൽ കുമുദവതി, ശിവമൊഗ്ഗയിൽ തുംഗ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.
ചിക്കമഗളൂരുവിൽ ഹേമാവതിയും കുടകിൽ ഹാരംഗിയും ചാമരാജനഗറിൽ കാവേരി നദികളും കവിഞ്ഞതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചാമരാജനഗറിൽ മുല്ലൂർ, ദാസനപുര, ഹംപാപുര, സരഗൂരു പ്രദേശങ്ങളാണ് പ്രളയഭീഷണിയിലുള്ളത്. കെആർഎസ്, കബനി അണക്കെട്ടുകളിൽ നിന്ന് 170000 ക്യുസെക്സ് വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണിത്. ഈ പ്രദേശങ്ങളിൽ ഒട്ടേറെ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
ഇതുവരെ ലഭിച്ചത് 57% അധികമഴ
സംസ്ഥാനത്ത് 57% അധികം മഴയാണ് ഇക്കുറി ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സി.പി.പാട്ടീൽ പറഞ്ഞു. ജനുവരിക്കും ജൂലൈക്കുമിടയിൽ സാധാരണ 221 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 345.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്.