ADVERTISEMENT

ബെംഗളൂരു∙ മെട്രോ നാഗസന്ദ്ര–മാധവാര 3.14 കിലോമീറ്റർ പാതയിൽ സർവീസ് നടത്താൻ റെയിൽവേ സുരക്ഷ കമ്മിഷണറുടെ അനുമതി. ഈ മാസം പകുതിയോടെ സർവീസ് ആരംഭിക്കാൻ ബിഎംആർസി ഒരുക്കങ്ങൾ ആരംഭിച്ചു. വ്യാഴാഴ്ച സൗത്ത് സർക്കിളിന്റെ ചുമതലയുള്ള കമ്മിഷണർ എ.എം.ചൗധരിയുടെ നേതൃത്വത്തിൽ ട്രാക്കും സ്റ്റേഷനും സുരക്ഷിതമാണെന്ന് കണ്ടെത്തി. ഒപ്പം സ്റ്റേഷനിലെ സൗകര്യങ്ങളും തൃപ്തികരമാണെന്ന് വിലയിരുത്തി.

6 കോച്ചുകളുള്ള ട്രെയിൻ ഓടിക്കാനാണ് അനുമതി. മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നിവയാണ് സ്റ്റേഷനുകൾ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്തിയതിനു ശേഷം ഉദ്ഘാടന തീയതി തീരുമാനിക്കുമെന്ന് ബിഎംആർസി അറിയിച്ചു. സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്–നാഗസന്ദ്ര ഗ്രീൻ ലൈനിന്റെ തുടർച്ചയായി മാധവാരയിലെ ബാംഗ്ലൂർ രാജ്യാന്തര കൺവൻഷൻ സെന്റർ (ബിഐഎസി) വരെയുള്ള പാതയുടെ നിർമാണം 2017ലാണ് ആരംഭിച്ചത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള തർക്കമാണ് നിർമാണത്തിൽ കാലതാമസമുണ്ടാക്കിയത്.

ട്രെയിനുകളുടെ ഇടവേള കുറയ്ക്കണം
ഒരു പാത കൂടി തുറക്കുന്നതോടെ ട്രെയിനുകളിലെയും കോച്ചുകളിലെയും തിരക്ക് വർധിക്കും. അതിനാൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. നിലവിൽ 5 മിനിറ്റ് വരെ ഇടവേളയുള്ളതു 3 മിനിറ്റായി കുറയ്ക്കണമെന്നാണ് ആവശ്യം. ഹ്രസ്വദൂര ട്രെയിനുകളുടെ റൂട്ടുകൾ പുനഃക്രമീകരിക്കണമെന്നും ആവശ്യം ഉയരുന്നു. 

മെട്രോയ്ക്കൊപ്പം സ്പോർട്സ്  കോംപ്ലക്സും
കല്ലേനഗ്രഹാര–നാഗവാര പാതയിലെ ശിവാജിനഗർ ഭൂഗർഭ മെട്രോ സ്റ്റേഷനോട് അനുബന്ധിച്ച് സ്പോർട്സ് കോംപ്ലക്സ് നിർമിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ ഗ്രൗണ്ടുകളും സ്വിമ്മിങ്പൂളും ഉൾപ്പെടെ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഓഡിറ്റോറിയവും ഇവിടെ പണിയുമെന്ന് ശിവാജിനഗർ എംഎൽഎ റിസ്വാൻ അർഷാദ് പറഞ്ഞു.

ബിഎംആർസിയും ബിബിഎംപിയും സർക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ബിബിഎംപിയുടെ പക്കലുള്ള 2.5 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കും. ശിവാജിനഗർ മെട്രോ സ്റ്റേഷന്റെ നിർമാണം അന്തിമ ഘട്ടത്തിലെത്തിയതോടെയാണ് നടപടി. 3 വർഷത്തിനുള്ളിൽ കോംപ്ലക്സിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും എംഎൽഎ പറഞ്ഞു.

English Summary:

Exciting news for Bengaluru commuters! The Nagasandra-Madhavara section of the Green Line metro is set to open soon, bringing much-needed connectivity to BIEC. This article covers the safety clearance, potential opening date, concerns about passenger congestion, and plans for a new sports complex near Shivajinagar station.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com