ADVERTISEMENT

മൈസൂരു ∙ ചരിത്രനഗരത്തിന്റെ വീഥികളിൽ ആഘോഷത്തിരയായി 10 ദിവസം നീണ്ടുനിന്ന ദസറവിരുന്ന് സമാപിച്ചു. വൊഡയാർ നാട്ടുരാജ്യത്തിന്റെ ഓർമകൾ നിറഞ്ഞുനിന്ന ആഘോഷച്ചടങ്ങുകളുടെ സമാപനത്തിന്റെ ഭാഗമായി നടത്തിയ ജംബോ സവാരി കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി ആയിരങ്ങളാണ് മൈസൂരുവിലേക്ക് ഒഴുകിയെത്തിയത്. കോരിച്ചൊരിയുന്ന മഴയെയും അവർ ആവേശത്തോടെ വരവേറ്റു.അംബാവിലാസ് കൊട്ടാരത്തിൽ ഉച്ചയ്ക്ക് 1.41നു നന്ദിദ്വജ പൂജ ആരംഭിച്ചതോടെ ദസറ സമാപനച്ചടങ്ങുകൾക്ക് തുടക്കമായി. ചടങ്ങുകളിൽ പങ്കെടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ ചാമുണ്ഡിദേവിക്കു പുഷ്പവൃഷ്ടി നടത്തിയതോടെ ജംബോ സവാരിക്കുള്ള വാദ്യമേളം മുഴങ്ങി. ചാമുണ്ഡിദേവിയുടെ 750 കിലോ ഭാരം വരുന്ന സുവർണ സിംഹാസനം പല്ലക്കിലേറ്റിയ അംബാരി ആന വിശിഷ്ടാതിഥികൾക്ക് മുന്നിലെത്തി അനുഗ്രഹം നൽകിയതോടെ 21 ആചാര പീരങ്കിവെടികൾ മുഴങ്ങി. 

അംബാവിലാസ് കൊട്ടാരം മുതൽ ബന്നിമണ്ഡപം വരെയുള്ള 5 കിലോമീറ്റർ ഹൗഡയും വഹിച്ചുകൊണ്ട് തലയെടുപ്പോടെ അഭിമന്യു നീങ്ങിയപ്പോൾ, 13 ആനകൾ അനുഗമിച്ചു. ജംബോ സവാരിയിൽ കർണാടകയുടെ തനത് പാരമ്പര്യം നിറഞ്ഞുനിൽക്കുന്ന 46 നിശ്ചലദൃശ്യങ്ങളും കർണാടക പൊലീസ് സേനയുടെയും അശ്വാരൂഢ സേനയുടെയും മാർച്ച് പാസ്റ്റും കാണികൾക്ക് ആവേശമേകി. ബന്നിമണ്ഡപം ഗ്രൗണ്ടിൽ ടോർച്ച് ലൈറ്റ് പരേഡ് (തീവെട്ടി പ്രകടനം) ഗവർണർ താവർ ചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്തു. ലേസർ ലൈറ്റ് ഷോയും കരിമരുന്ന് പ്രകടനവും മാനത്ത് ദൃശ്യവിസ്മയം തീർത്തു.

യദുവീറിന് രണ്ടാം കൺമണി
വൊഡയാർ രാജകുടുംബത്തിലെ നിലവിലെ അവകാശിയും മൈസൂരു എംപിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറിനും ഭാര്യ തൃഷിക കുമാരിക്കും രണ്ടാമതും ആൺകുഞ്ഞ് പിറന്നു. വെള്ളിയാഴ്ച രാവിലെയാണ് തൃഷിക പ്രസവിച്ചത്. തലേദിവസം വരെ കൊട്ടാരത്തിലെ പൂജകളിൽ സജീവമായിരുന്നു തൃഷിക. മൂത്തമകൻ ആദ്യവീറും  ഇത്തവണത്തെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

English Summary:

Mysore comes alive with the vibrant celebration of Dussehra. Thousands witnessed the grandeur of the Jumbo Savari procession, led by Abhimanyu the elephant, carrying the golden throne of Goddess Chamundeshwari. The city reverberated with cultural performances and the festive spirit, marking the culmination of the 10-day event. Adding to the celebrations, the royal family welcomes a new member as Yaduveer Krishnadatta Chamaraja Wadiyar and Trishika Kumari celebrate the birth of their second son.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com