110 ഗ്രാമങ്ങളിൽ വെള്ളമെത്തിക്കും; കാവേരി അഞ്ചാം ഘട്ടത്തിന് തുടക്കം
Mail This Article
ബെംഗളൂരു∙ നീണ്ട കാത്തിരിപ്പിനു വിരാമമായി നഗരപ്രാന്തത്തിലെ 110 ഗ്രാമങ്ങളിൽ വെള്ളം എത്തിക്കാനുള്ള കാവേരി അഞ്ചാം ഘട്ട പദ്ധതിക്കു തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. ടികെഹള്ളി ജലശുദ്ധീകരണ പ്ലാന്റിലെ ചടങ്ങിൽ കാവേരി നദിക്കു പൂജ അർപ്പിച്ച ഇരുവരും തൈ നട്ടു. ടികെ ഹള്ളിയിലെ ജലശുദ്ധീകരണ പ്ലാന്റിൽനിന്നും ബിബിഎംപി പരിധിയിലെ 110 ഗ്രാമങ്ങളിൽ ജലം എത്തിക്കുന്നതാണ് പദ്ധതി. 5 ലക്ഷം പേർക്ക് ഇതു പ്രയോജനപ്പെടും. ജപ്പാൻ ഇന്റർനാഷനൽ കോർപറേഷൻ ഏജൻസിയുടെ സഹകരണത്തോടെ 4336 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഇതോടെ ബെംഗളൂരു ജല അതോറിറ്റി ഉപഭോക്താക്കളുടെ എണ്ണം 15 ലക്ഷം കടക്കും.
നീണ്ടുപോയത് 10 വർഷം
യശ്വന്ത്പുര, ബയട്രായനപുര, ടി. ദാസറഹള്ളി, മഹാദേവപുര, യെലഹങ്ക, രാജരാജേശ്വരി നഗർ, ബൊമ്മനഹള്ളി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലുള്ളവർ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനു പദ്ധതി പരിഹാരമാകും. 2014ൽ ശിലാസ്ഥാപനം നിർവഹിച്ച പദ്ധതി നടപ്പിലാക്കാൻ ഏറെക്കാലമായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർമാണത്തിൽ കാലതാമസം ഉണ്ടായതാണു തിരിച്ചടിയായത്. കാവേരി ജലത്തിന്റെ അഭാവത്തിൽ അമിത വില നൽകി കുടിവെള്ള ടാങ്കറുകളെയാണ് ഇവർ ആശ്രയിച്ചിരുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.