ADVERTISEMENT

ബെംഗളൂരു ∙ മുൻകൂറായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാലാവധി 120 ദിവസത്തിൽ നിന്നു 60 ആയി കുറച്ചതോടെ ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കുള്ള ട്രെയിൻ യാത്ര കൂടുതൽ ദുരിതമാകും.ഉത്സവ സീസണിൽ ഉൾപ്പെടെ ടിക്കറ്റ് റിസർവേഷനുള്ള തിരക്കു വർധിക്കുകയും ചെയ്യും. അവധി സംബന്ധിച്ച് മാസങ്ങൾക്കു മുൻപേ തീരുമാനമെടുത്ത് ടിക്കറ്റ് ഉറപ്പാക്കുന്ന സ്ഥിരം യാത്രക്കാരെയാണ് റെയിൽവേയുടെ നടപടി കൂടുതലും ബാധിക്കുക. 

നഗരത്തിലെ ചില ഐടി കമ്പനികൾ ആഴ്ചയിൽ 2 ദിവസം ഓഫിസിലും ബാക്കിയുള്ള ദിവസങ്ങളിൽ വർക്ക് ഫ്രം ഹോമുമായി ഹൈബ്രിഡ് രീതിയിലാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർ എല്ലാ ആഴ്ചയും നാട്ടിലേക്കു പോയിവരാൻ ഇതു സൗകര്യമൊരുക്കുന്നു. യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് 4 മാസം മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഇക്കൂട്ടർക്കും ഇനി കൃത്യമായി ടിക്കറ്റ് ലഭ്യമാകാതെ വരും. 

ഇവിടെയില്ല, കൂട്ട കാൻസലേഷൻ 
ഉത്തരേന്ത്യയിൽ അവസാനനിമിഷം ടിക്കറ്റ് കാൻസൽ ചെയ്യുന്നതു പതിവാകുന്നതും അത് നഷ്ടത്തിനിടയാക്കുന്നതുമായ സാഹചര്യത്തിലാണ് റെയിൽവേ നടപടിയെന്നാണ് സൂചന. എന്നാൽ, ഏറെ തിരക്കേറിയ ബെംഗളൂരു–കേരള റൂട്ടിൽ ഇത്തരത്തിൽ കൂട്ടമായി ടിക്കറ്റ് കാൻസൽ ചെയ്യുന്ന രീതിയില്ലെന്ന് മലയാളി യാത്രക്കാരുടെ സംഘടനകൾ പറയുന്നു. ഉത്സവ സീസണുകളിലും മറ്റും അവസാനനിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കു കൂടുതൽ സാധ്യതയുണ്ടാകുമെന്നതാണ് ഇതുകൊണ്ടുള്ള ഏക ഗുണമെന്നും അവർ പറഞ്ഞു. 

‘പ്രത്യേകിച്ചു കാരണങ്ങളില്ലാതെയാണ് റെയിൽവേയുടെ നടപടി. വരാനിരിക്കുന്ന ശബരിമല, ക്രിസ്മസ് സീസണുകളിൽ തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തുകയാണ് റെയിൽവേ ഇപ്പോൾ ചെയ്യേണ്ടത്. അതു സംബന്ധിച്ച് ഉടൻ തന്നെ റെയിൽവേയെ സമീപിക്കും.’ 

English Summary:

Train travelers from Bangalore are facing a new challenge: reduced advance booking periods. With the window shrinking from 120 days to 60, securing train tickets, especially during peak seasons, will become more competitive. This change directly impacts travelers who prefer to plan their journeys months in advance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com