മുൻകരുതൽ: നഗരത്തിൽ കർശന പരിശോധന അനധികൃത നിർമാണം പിടിക്കാൻ പടപ്പുറപ്പാട്
Mail This Article
ബെംഗളൂരു ∙ ബഹുനില കെട്ടിടം തകർന്നുവീണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ നിർമാണം നടക്കുന്ന മുഴുവൻ കെട്ടിടങ്ങളെക്കുറിച്ചും സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബിബിഎംപിയോട് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആവശ്യപ്പെട്ടു. രൂപരേഖയിൽ മാറ്റം വരുത്തിയതും ഗുണനിലവാരമില്ലാതെയും നിർമിക്കുന്ന കെട്ടിടങ്ങൾ അപകടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതിനിടെ, കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ആകെ മരണം 9 ആയി. ബാബുസപാളയയിലെ അഞ്ജനാദ്രി ലേഔട്ടിൽ നിർമാണത്തിലിരുന്ന 6 നില കെട്ടിടം ചൊവ്വാഴ്ച വൈകിട്ടാണ് തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതരമായി പരുക്കേറ്റ 5 പേർ ചികിത്സയിൽ തുടരുകയാണ്.
ബിബിഎംപിയിൽ നിന്ന് അനുമതി തേടുന്ന സമയത്തു സമർപ്പിച്ച രൂപരേഖ പ്രകാരമാണോ കെട്ടിടം നിർമിക്കുന്നത്, അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം, നിർമാണത്തിലെ ശാസ്ത്രീയത എന്നിവയാണ് സർവേയിൽ ഉദ്യോഗസ്ഥർ പരിശോധിക്കുക. അനധികൃതമാണെന്നു കണ്ടെത്തിയാൽ നിർമാണം തടയും. ഉടമയ്ക്കും കരാറുകാർക്കുമെതിരെ നടപടി സ്വീകരിക്കും. നിയമലംഘനത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ബിബിഎംപി ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ശിവകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കമലാനഗറിൽ വീഴാറായ കെട്ടിടം പൊളിച്ചുനീക്കി
കമലാനഗറിൽ തകർന്നുവീഴാറായ നിലയിലുള്ള 3 നില കെട്ടിടം ബിബിഎംപി പൊളിച്ചുനീക്കി. താമസക്കാരായ 5 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. വെള്ളക്കെട്ട് പതിവായതോടെ കെട്ടിടത്തിന്റെ അടിത്തറയ്ക്കു ബലക്ഷയമുണ്ടായ സാഹചര്യത്തിലാണ് നടപടി. 25 വർഷം പഴക്കമുള്ള കെട്ടിടമാണിത്.
ദുരിതാശ്വാസം: 3,000 കോടിയുടെ വായ്പയെടുക്കും
ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ 3,000 കോടി രൂപ വായ്പയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കൃത്യമായ കർമപദ്ധതിക്കു രൂപംനൽകി രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴവെള്ളക്കനാലുകളുടെ 50 മീറ്റർ ചുറ്റളവിൽ നിർമാണം അരുത്
കയ്യേറ്റം വെള്ളക്കെട്ടിനു കാരണമാകുന്ന സാഹചര്യത്തിൽ മഴവെള്ളക്കനാലുകളുടെ 50 മീറ്റർ ചുറ്റളവിൽ നിർമാണ പ്രവർത്തനങ്ങൾക്കു സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തി. അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റാനും കനാലുകളുടെ വ്യാപ്തി വർധിപ്പിക്കാനും ഡി.കെ.ശിവകുമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർക്കു പൂർണ അധികാരം നൽകിയിട്ടുണ്ട്.
വെള്ളക്കെട്ട് ദുരിതം രൂക്ഷമായ മേഖലകളിൽ പ്രശ്നപരിഹാരത്തിനായി ഉദ്യോഗസ്ഥരുടെ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വിശദ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്കു ഒരാഴ്ചത്തെ സമയം അനുവദിച്ചതായും ശിവകുമാർ കൂട്ടിച്ചേർത്തു. നഗരത്തിലെ തടാകങ്ങളെ പുതിയ മഴവെള്ളക്കനാലുകളുമായി ബന്ധിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാനാണ് ലക്ഷ്യമിടുന്നത്.