ഐരാവത് ക്ലബ് ക്ലാസ് 2.0 ബസുകളെത്തി; കോഴിക്കോട്, കാസർകോട് റൂട്ടുകളിൽ രാജകീയ യാത്ര
Mail This Article
ബെംഗളൂരു∙ കർണാടക ആർടിസി പുതുതായി പുറത്തിറക്കിയ 20 ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ 2 സർവീസുകൾ കേരളത്തിലേക്ക്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുക. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് അടുത്ത ദിവസം തുടങ്ങും.
കാസർകോട്ടേക്ക് മൈസൂരു, മടിക്കേരി, പുത്തൂർ വഴി പുതിയ സർവീസാണ് ആരംഭിക്കുന്നത്. നിലവിൽ കാസർകോടിന് മൈസൂരു, സുള്ള്യ വഴി നോൺ എസി സ്ലീപ്പർ സർവീസ് മാത്രമാണുള്ളത്. കോഴിക്കോട്ടേക്ക് രാത്രി 10.30ന് പുറപ്പെടുന്ന ഐരാവത് ക്ലബ് ക്ലാസ് ബസിന് പകരമാണ് പുതിയ ബസ് ഏർപ്പെടുത്തിയത്.
മൈസൂരു, ബത്തേരി വഴിയാകും സർവീസ്. ബെംഗളൂരുവിൽനിന്ന് ശിവമൊഗ്ഗ, തിരുപ്പതി, ദാവനഗരെ, ബെള്ളാരി, കുന്ദാപുര, മംഗളൂരു, ഹൈദരാബാദ്, മൈസൂരു, ചെന്നൈ, റായ്ച്ചൂർ, ശ്രീഹരിക്കോട്ട എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ. ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവർ പങ്കെടുത്തു. ജോലിക്കിടെ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു.
കൂടുതൽ സൗകര്യങ്ങളുമായി ക്ലബ് ക്ലാസ് 2.0
വോൾവോയുടെ 9600 സിരീസിലെ, 15 മീറ്റർ നീളം വരുന്ന ക്ലബ് ക്ലാസ് 2.0 ബസിൽ 51 പേർക്ക് യാത്ര ചെയ്യാം. മറ്റു ബസുകളെ അപേക്ഷിച്ച് 5.6% ഉയരവും ലഗേജ് സൂക്ഷിക്കാൻ 20% കൂടുതൽ സ്ഥല സൗകര്യവും ലഭിക്കും. 2 ബക്കറ്റ് സീറ്റുകൾക്കിടയിൽ മൊബൈൽ ചാർജിങ് പോയിന്റ്, തീപിടിത്ത മുന്നറിയിപ്പിനായി ഫയർ അലാം, സീറ്റുകൾക്കരികിൽ വാട്ടർ നോസിൽ എന്നീ സൗകര്യങ്ങളുണ്ട്.
ക്യുആർ കോഡ് ടിക്കറ്റ്
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്യുആർ കോഡ് സ്കാനർ സംവിധാനത്തോടെയുള്ള ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ (ഇടിഎം) സംസ്ഥാനാന്തര റൂട്ടുകളിൽ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി എംഡി അൻപുകുമാർ പറഞ്ഞു. യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാം. നിലവിൽ കർണാടകയ്ക്കുള്ളിലെ ചില റൂട്ടുകളിൽ ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു.
ബസുകളുടെ എണ്ണത്തിൽ ഒന്നാമത്
രാജ്യത്തെ പൊതുഗതാഗത ട്രാൻസ്പോർട്ട് കോർപറേഷനുകളിൽ 24,282 ബസുകളുമായി കർണാടക ആർടിസി ഒന്നാം സ്ഥാനത്തെത്തി. പ്രതിദിനം 13,424 ട്രിപ്പുകൾ. 5800 പുതിയ ബസുകൾ വാങ്ങാൻ നടപടിയായതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കഴിഞ്ഞ വർഷം 3417 ബസുകൾ വാങ്ങി.
സ്ത്രീകൾക്കു സൗജന്യയാത്ര ഉറപ്പാക്കുന്ന ശക്തി പദ്ധതിയിൽ 317.18 കോടി പേർ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തു. 7656.33 കോടി രൂപയുടെ ടിക്കറ്റുകളാണ് നൽകിയത്. ജോലിക്കിടെ മരിച്ച 22 ജീവനക്കാരുടെ കുടുംബങ്ങൾക്ക് 1 കോടിരൂപ വീതം ഇൻഷുറൻസ് നൽകി. അപകടത്തിൽ മരിക്കുന്ന യാത്രക്കാർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയായി ഉയർത്തി. 1150 ബസുകൾ വീണ്ടും നവീകരിച്ച് സർവീസിനിറക്കി. ഇതിൽ ആറെണ്ണം എസി ബസുകളാണ്.
ഡിജിറ്റൽ പാസ് സാധുത പരിശോധിക്കാൻ ആപ്
ബെംഗളൂരു∙ ഡിജിറ്റൽ പാസ് സാധുത ബസ് നമ്പർ ഉപയോഗിച്ച് പരിശോധിക്കാൻ സംവിധാനം ഒരുക്കി ബിഎംടിസി. ഇതിനായി ടുമോക് ആപ്പിൽ ബസിന്റെ നമ്പർ നൽകണം. ബസുകളിലെ ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് പാസിന്റെ സാധുത ഉറപ്പാക്കുന്ന സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. യാത്രക്കാരും ജീവനക്കാരുമായി വാക്കുതർക്കത്തിന് ഉൾപ്പെടെ ഇതു കാരണമായിരുന്നു. ബിഎംടിസിയുടെ പ്രതിദിന, പ്രതിമാസ, പ്രതിവാര പാസുകളാണ് ടുമോക് ആപ്പിൽനിന്നു ലഭിക്കുക.