ADVERTISEMENT

ബെംഗളൂരു∙ റെയിൽവേ പതിവ് തെറ്റിച്ചില്ല, സ്പെഷൽ ട്രെയിനുകൾ ഇത്തവണയും മലയാളികൾക്ക് പ്രയോജനപ്പെടില്ല. വിവിധയിടങ്ങളിലേക്കായി ദീപാവലിക്ക് 60 സ്പെഷൽ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയിൽവേ അനുവദിച്ചത്. ഇതിൽ ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി)– തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) പ്രതിവാര ട്രെയിനടക്കം 3 എണ്ണത്തിൽ 90% സീറ്റുകളും കാലിയാണ്.

 ദീപാവലിക്കു ശേഷം 6ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സർവീസിലാണ് 90% സീറ്റുകൾ ബാക്കി. ഓണം സ്പെഷലായി ഓഗസ്റ്റിൽ അനുവദിച്ച ട്രെയിൻ പിന്നീട് നവംബർ 6 വരെ നീട്ടുകയായിരുന്നു. 16 എസി ത്രീ ടയർ കോച്ചുകളുള്ള ട്രെയിനിൽ 2 സ്ലീപ്പർ കോച്ചുകൾ മാത്രമേയുള്ളൂവെന്നത് സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. സ്പെഷൽ ട്രെയിനായതിനാൽ 30% അധികനിരക്ക് നൽകണമെന്നതും തിരിച്ചടിയാണ്.

  ബെംഗളൂരുവിൽ നിന്ന് ബുധനാഴ്ചകളിലും കൊച്ചുവേളിയിൽ നിന്ന് ചൊവ്വാഴ്ചകളിലുമാണു സർവീസുള്ളത്. ബയ്യപ്പനഹള്ളി– കൊച്ചുവേളി സ്പെഷൽ (06084) ഉച്ചയ്ക്ക് 12.45ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി– ബയ്യപ്പനഹള്ളി സ്പെഷൽ (06083) വൈകിട്ട് 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 10.55നു ബയ്യപ്പനഹള്ളിയിലെത്തും. 

 അതേസമയം, ദീപാവലി ആഘോഷിക്കാൻ നാടുപിടിച്ചവർക്കു ബെംഗളൂരുവിലേക്ക് മടങ്ങാനായി ഇത്തവണ അൺറിസർവ്ഡ് അന്ത്യോദയ സ്പെഷൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)– ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി) അന്ത്യോദയ എക്സ്പ്രസ് (06039) 4ന് വൈകിട്ട് 6.05ന് പുറപ്പെട്ട് 5ന് രാവിലെ 10.55ന് ബയ്യപ്പനഹള്ളിയിലെത്തും. ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി)– തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) ‌അന്ത്യോദയ എക്സ്പ്രസ് (06040) 5ന് ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ട് 6ന് പുലർച്ചെ 5ന് തിരുവനന്തപുരം നോർത്തിലെത്തും.

യശ്വന്തപുര–കോട്ടയം സ്പെഷൽ നീട്ടണം
ദീപാവലി സ്പെഷലായി അനുവദിച്ച യശ്വന്തപുര–കോട്ടയം സ്പെഷൽ ട്രെയിൻ ശബരിമല, ക്രിസ്മസ് സീസണിലേക്ക് നീട്ടണമെന്ന് ആവശ്യം. നിലവിൽ ഇരുവശങ്ങളിലേക്കും ഓരോ ട്രിപ് വീതമാണു സർവീസ് നടത്തിയത്. മണ്ഡലകാലത്ത് കോട്ടയത്തേക്ക് നേരിട്ട് ട്രെയിൻ ലഭിക്കുന്നത് ബെംഗളൂരുവിൽ നിന്നുള്ള അയ്യപ്പഭക്തർക്കും സൗകര്യപ്രദമാകും.

വൈകിട്ട് 6.30നു യശ്വന്തപുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 8.10നാണ് കോട്ടയത്തെത്തുന്നത്. കോട്ടയത്തുനിന്ന് രാവിലെ 11.10ന് പുറപ്പെട്ട് പുലർച്ചെ 1.15നു യശ്വന്തപുരയിലെത്തും. കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയായതോടെ കൂടുതൽ ട്രെയിനുകൾ നിർത്തിയിടാനും സൗകര്യമുണ്ട്.

ഐരാവത് ക്ലബ് ക്ലാസ് 2.0 സർവീസുകൾ ഇന്നുമുതൽ
കർണാടക ആർടിസി പുതുതായി പുറത്തിറക്കിയ ഐരാവത് ക്ലബ് ക്ലാസ് 2.0 ബസുകളുടെ കാസർകോട്, കോഴിക്കോട് സർവീസുകൾ ഇന്ന് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബെംഗളൂരു–കാസർകോട് സർവീസ് രാത്രി 9.17ന് ശാന്തിനഗർ ബസ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് (സാറ്റലൈറ്റ് (10.01), മൈസൂരു (11.57), സുള്ള്യ (പുലർച്ചെ 4.46), മുള്ളേരിയ (5.01)) രാവിലെ 5.47ന് കാസർകോടെത്തും. കാസർകോട് നിന്ന് രാത്രി 10.02ന് പുറപ്പെട്ട് രാവിലെ 6.17ന് ബെംഗളൂരുവിലെത്തും.

1000 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ വാരാന്ത്യങ്ങളിലാണ് സർവീസ്. യാത്രക്കാരുടെ തിരക്ക് കൂടുന്നതോടെ പ്രതിദിന സർവീസ് ആരംഭിക്കും. കോഴിക്കോടേക്ക് നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസിന് പകരമാണ് പുതിയ ബസ് ഏർപ്പെടുത്തുന്നത്. രാത്രി 10.32ന് ശാന്തിനഗറിൽ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (11.02), മൈസൂരു (1.15), ബത്തേരി വഴി രാവിലെ 5.32ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്ന് രാത്രി 10.33ന് പുറപ്പെട്ട് പുലർച്ചെ 5.16ന് ബെംഗളൂരുവിലെത്തും.

English Summary:

This Diwali, Malayali travelers face disappointment as special trains from Bengaluru to Kerala remain largely empty. Despite high demand, limited sleeper coaches, expensive fares, and inconvenient scheduling are being blamed for the poor response.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com