ട്രെയിനുകളിൽ റിസർവ് ചെയ്ത ടിക്കറ്റുണ്ട്, പക്ഷേ കാലുകുത്താനിടമില്ല; പലരും കയറിയത് കിട്ടിയ കോച്ചുകളിൽ
Mail This Article
ബെംഗളൂരു∙ ദീപാവലി അവധിക്ക് ശേഷം കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയവർക്ക് ദുരിതയാത്ര. റിസർവേഷൻ കോച്ചുകളിൽ പോലും തിക്കും തിരക്കും കാരണം കാലുകുത്താനിടമില്ലാത്ത സ്ഥിതി. തെക്കൻ കേരളത്തിൽനിന്ന് കന്യാകുമാരി–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)–മൈസൂരു എക്സ്പ്രസ് എന്നീ പതിവ് ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റുള്ളവർക്ക് പോലും കോച്ചുകളിൽ കയറാൻ കഴിഞ്ഞില്ല.
പലരും കിട്ടിയ കോച്ചുകളിൽ തള്ളിക്കയറിയെങ്കിലും ഇരിക്കാൻ പോലും സ്ഥലം കിട്ടിയില്ല. ലഗേജുകളുമായി എത്തിയവർക്ക് ട്രെയിൻ കയറാൻ കഴിയാതെ യാത്ര തന്നെ റദ്ദാക്കേണ്ടി വന്നു. മലബാറിൽ നിന്ന് സേലം വഴിയുള്ള കണ്ണൂർ–യശ്വന്തപുര എക്സ്പ്രസിലും സമാന സാഹചര്യമായിരുന്നു.
മടക്കയാത്രയ്ക്ക് സ്പെഷൽ ട്രെയിൻ ഇല്ല
കൂടുതൽ തിരക്കുള്ള ഇന്നലെ ഒരു സ്പെഷൽ ട്രെയിൻ പോലും ഇല്ലാതിരുന്നതും യാത്രാക്ലേശം ഇരട്ടിപ്പിച്ചു. കേരള, കർണാടക ആർടിസി സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു. തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്ക് രണ്ടിരട്ടി വരെ കൂട്ടി. ദീപാവലി സ്പെഷലായി അനുവദിച്ച തിരുവനന്തപുരം നോർത്ത്–ബയ്യപ്പനഹള്ളി ടെർമിനൽ അന്ത്യോദയ എക്സ്പ്രസ് ഇന്ന് വൈകിട്ട് 6.05നാണ് തിരുവനന്തപുരത്ത്നിന്ന് പുറപ്പെടുന്നത്.
14 ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിൻ ഇന്നലെ അനുവദിച്ചിരുന്നെങ്കിൽ യാത്രാതിരക്കിന് അൽപം ആശ്വാസം ലഭിക്കുമായിരുന്നു. തിരിച്ച് ബയ്യപ്പനഹള്ളിയിൽ നിന്നുള്ള മടക്ക സർവീസ് നാളെയാണ്. ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി)–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) അന്ത്യോദയ എക്സ്പ്രസ് (06040) ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ട് 6ന് പുലർച്ചെ 5ന് തിരുവനന്തപുരത്തെത്തും.