മെട്രോ നാഗസന്ദ്ര–മാധവാര പാത അനുമതി ലഭിച്ചിട്ട് ഒരു മാസം സർവീസ് എന്നുതുടങ്ങും?
Mail This Article
ബെംഗളൂരു∙ റെയിൽവേ അനുമതി ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും നാഗസന്ദ്ര–മാധവാര പാതയിൽ സർവീസ് ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നാഗസന്ദ്ര മെട്രോ സ്റ്റേഷന്റെ പ്രവർത്തനം താളംതെറ്റിച്ച് യാത്രക്കാരുടെ തിരക്ക്. ഇന്നലെ രാവിലെ 6നും 11നും ഇടയിൽ 15,800 യാത്രക്കാരാണ് സ്റ്റേഷനിലെത്തിയത്.
സാധാരണയിലും അയ്യായിരത്തിലധികം പേർ. ദീപാവലി ആഘോഷങ്ങൾക്കു ശേഷം തീരദേശ, വടക്കൻ കർണാടക മേഖലകളിൽനിന്നു നഗരത്തിലേക്കു മടങ്ങിയെത്തിയവർ പാതയുടെ അഭാവത്തിൽ കൂട്ടമായി നാഗസന്ദ്ര സ്റ്റേഷനെ ആശ്രയിച്ചതോടെയാണ് തിരക്കേറിയത്. പ്രവേശന കവാടത്തിലെ ക്യു ഒരു കിലോമീറ്ററോളം നീണ്ടു.
പാർക്കിങ് കേന്ദ്രം നിറഞ്ഞതോടെ യാത്രക്കാർ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തു. ഇത് മേഖലയിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. സുരക്ഷാ ജീവനക്കാർ ഏറെ പണിപ്പെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്, റെയിൽവേ, ബസ് ടെർമിനലുകൾക്കു സമീപമുള്ള മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പതിവിലും കൂടുതൽ യാത്രക്കാരെത്തി.
ഉദ്ഘാടന തീയതിയിൽ തീരുമാനമായില്ല
തുമക്കൂരു റോഡിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനുള്ള നാഗസന്ദ്ര–മാധവാര 3.14 കിലോമീറ്റർ പാതയിൽ സർവീസ് നടത്താൻ ഒക്ടോബർ നാലിനാണ് റെയിൽവേ സുരക്ഷ കമ്മിഷണർ അനുമതി നൽകിയത്. മെട്രോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് നിർമിച്ച പാതയിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉദ്ഘാടന തീയതി സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനമായില്ല.
മന്ത്രിമാരുടെ ഉൾപ്പെടെ അസൗകര്യമാണ് ഇതിനു കാരണമെന്നാണ് സൂചന. ബയ്യപ്പനഹള്ളി–കെആർപുരം പാതയ്ക്കു സമാനമായി സർവീസ് ആരംഭിച്ചതിനു ശേഷം ഔദ്യോഗിക ഉദ്ഘാടനം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അധികൃതരിൽനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നിവയാണ് പാതയിലെ സ്റ്റേഷനുകൾ.