അനുഗ്രഹീത ഗായകരുമായി മനോരമ ഓർമച്ചെപ്പ് 10ന്
Mail This Article
ബെംഗളൂരു∙നാലു പതിറ്റാണ്ടിലേറെയായി നമ്മെ മോഹിപ്പിക്കുന്ന ശബ്ദ സൗകുമാര്യം, മലയാള മനോരമ ‘ഓർമച്ചെപ്പ്’ സംഗീതസന്ധ്യയെ ധന്യമാക്കാൻ ഉണ്ണി മേനോൻ എത്തുന്നു. പിന്നണിഗാന രംഗത്ത് 43 വർഷം പിന്നിടുന്ന ഉണ്ണി മേനോനൊപ്പം പുതുതലമുറയുടെ ഇഷ്ട ഗായകരായ അനൂപ് ശങ്കറും ചിത്ര അരുണും വേദിയിലെത്തും. കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ 10ന് വൈകിട്ട് 5.30നാണ് പരിപാടി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാലായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ ഉണ്ണിമേനോൻ ആലപിച്ചിട്ടുണ്ട്.
ചെന്നൈയിൽ 20 ഗായകർക്കൊപ്പം 40 മണിക്കൂർ നീണ്ട സംഗീത പരിപാടിയിലൂടെ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ഗായകനാണ് അനൂപ് ശങ്കർ. ഹൗസ്ഫുൾ എന്ന സിനിമയിലൂടെ 2007ൽ ചലച്ചിത്ര പിന്നണിഗാന രംഗത്ത് പ്രവേശിച്ച ചിത്ര അരുൺ ഒട്ടേറെ ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഭാഷാ വേർതിരിവില്ലാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടുത്തിയാണ് ഇക്കുറി മനോരമയുടെ പ്രിയ വായനക്കാർക്കായി ഓർമച്ചെപ്പ് ഒരുക്കുന്നത്. 10 അംഗ ലൈവ് ഓർക്കസ്ട്ര പശ്ചാത്തല സംഗീതമൊരുക്കും. ജീന ഗ്രൂപ്പാണ് മുഖ്യ പ്രായോജകർ. പവേഡ് ബൈ ടിടികെ പ്രസ്റ്റിജ്. ഇന്റേണി, ജെംസ് ബി സ്കൂൾ, ചേറ്റുപുഴ ആലീസ് ജ്വല്ലറി എന്നിവരാണ് സഹപ്രായോജകർ. വെള്ളാറ ടൂർസ് ആൻഡ് ട്രാവൽസ് ട്രാവൽ പാർട്ണറും റോയൽ സെറീനിറ്റി ഹോസ്പിറ്റാലിറ്റി പാർട്ണറുമാണ്. വൈകിട്ട് 5.15നു തന്നെ ഇരിപ്പിടം ഉറപ്പാക്കണം.