കർണാടക ആർടിസി: ആപ്പിൽ കൂടുതൽ സേവനങ്ങൾ; പാഴ്‌സൽ അയയ്ക്കാനും അവതാർ
Mail This Article
ബെംഗളൂരു∙ ഓൺലൈൻ ടിക്കറ്റ് റിസർവേഷനു വേണ്ടിയുള്ള അവതാർ ആപ്പിൽ കർണാടക ആർടിസി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നു. പാഴ്‌സൽ സേവനവും വിനോദയാത്രകൾക്ക് ഉൾപ്പെടെ ബസുകൾ വാടകയ്ക്ക് ലഭിക്കുന്നതിനുള്ള ബുക്കിങ് സൗകര്യവുമാണ് പുതുതായി തുടങ്ങുന്നത്. വ്യക്തിഗതം, ബിസിനസ് എന്നീ 2 കാറ്റഗറികളിലായി ആവശ്യക്കാർക്ക് സേവനങ്ങൾ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
അവതാർ 4.0 പരിഷ്കരിക്കുന്നതോടെ റിസർവേഷൻ കൗണ്ടറുകളിൽ ഉൾപ്പെടെ പേപ്പർ ടിക്കറ്റുകളുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കും. 6 മാസം മുൻപ് വെബ്സൈറ്റും ആപ്പും പരിഷ്കരിച്ചതോടെ ടിക്കറ്റ് ബുക്കിങ് കൂടുതൽ ലളിതമായി. ക്യുആർ കോഡ് ഉപയോഗിച്ചു പണമടയ്ക്കുന്ന സംവിധാനത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.
ഒറ്റദിവസം ലഭിച്ചത് 5.59 കോടി രൂപ
ദീപാവലി സീസണിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിലൂടെ കർണാടക ആർടിസി ഒറ്റദിവസം നേടിയത് 5.59 കോടി രൂപയുടെ വരുമാനം. 85,462 ടിക്കറ്റുകളാണ് നവംബർ 3ന് മാത്രം വിറ്റഴിഞ്ഞത്. 2006ന് ശേഷം ഇത്രയും ടിക്കറ്റുകൾ വിറ്റഴിയുന്നത് റെക്കോർഡാണ്. അന്ന് പതിവ് സർവീസുകൾക്ക് പുറമേ 643 സ്പെഷൽ ബസുകൾ ഓടിച്ചു. 80% ടിക്കറ്റുകൾ ഓൺലൈനിലൂടെയാണു വിറ്റഴിഞ്ഞത്. ബെംഗളൂരുവിൽനിന്ന് മൈസൂരു, ഹുബ്ബള്ളി, തിരുപ്പതി, ശിവമൊഗ്ഗ, കലബുറഗി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ബുക്കിങ് ലഭിച്ചത്.
ഗോൾഡൻ ചാരിയറ്റ് വീണ്ടും
വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കർണാടകയുടെ ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റ് സർവീസ് പുനരാരംഭിക്കാൻ ഐആർസിടിസി. ഡിസംബർ മുതൽ അടുത്ത വർഷം മാർച്ച് വരെയുള്ള ബുക്കിങ് ആരംഭിച്ചു. പ്രൈഡ് ഓഫ് കർണാടക, ഗ്ലിംപ്സസ് ഓഫ് കർണാടക, ജ്യുവൽസ് ഓഫ് സൗത്ത് എന്നീ പേരുകളിൽ 6 ദിവസം നീണ്ടുനിൽക്കുന്ന പാക്കേജ്
യാത്രകൾ ബുക്ക് ചെയ്യാം. കർണാടക ടൂറിസം വികസന കോർപറേഷന്റെ (കെഎസ്ടിഡിസി) നിയന്ത്രണത്തിലുണ്ടായിരുന്ന ട്രെയിൻ 2020ലാണ് ഐആർസിടിസിക്ക് കൈമാറിയത്. കോവിഡിനെ തുടർന്ന് 2 വർഷമായി ഓടിയിരുന്നില്ല. 18 എസി കോച്ചുകളുള്ള ട്രെയിനിൽ 84 പേർക്ക് യാത്ര ചെയ്യാം.13 ടു ടയർ ബെഡ് കാബിനുകൾ, 30 ത്രീടയർ ബെഡ്ഡ് കാബിനുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിന് വെബ്സൈറ്റ്: irctctourism.com.