ADVERTISEMENT

ബെംഗളൂരു∙ ആഴ്ചയിൽ ഒരു ദിവസമെങ്കിലും പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ഐടി ജീവനക്കാരോട് ആവശ്യപ്പെട്ട് ട്രാഫിക് പൊലീസ്. ഐടി മേഖലകളിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണു നടപടി. ഐടി ജീവനക്കാരിൽ 50 ശതമാനമെങ്കിലും പൊതുഗതാഗത മാർഗം ഉപയോഗിച്ചാൽ ഗതാഗതക്കുരുക്ക് 20 % വരെ കുറയ്ക്കാനാകുമെന്നു കണ്ടെത്തിയിരുന്നു. 

സ്വകാര്യ വാഹനങ്ങൾ കൂടുന്നതു മലിനീകരണം കൂടാനും ഇടയാക്കുന്നു. പ്രശ്നപരിഹാരത്തിനു പൊതുഗതാഗത മാർഗങ്ങളിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ പൊലീസ് നടപടി ആരംഭിച്ചു. ബിഎംടിസി, മെട്രോ, ഓട്ടോ, ടാക്സി സർവീസുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനപ്രിയമാക്കാനാണ് ശ്രമം.

യാത്രക്കാരുടെ അഭിപ്രായം തേടി പൊലീസ്
ബിഎംടിസി ബസ് റൂട്ടുകളെ സംബന്ധിച്ച് യാത്രക്കാരിൽനിന്നു പൊലീസ് അഭിപ്രായങ്ങൾ ശേഖരിക്കുന്നു. റൂട്ട് ക്രമീകരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ബിഎംടിസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. യാത്രാക്ലേശം രൂക്ഷമായ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. അനാവശ്യ സർവീസുകൾ ഒഴിവാക്കും.

വിതരണ ജീവനക്കാർക്ക് ബോധവൽക്കരണം
ഗതാഗതനിയമ ലംഘനം കൂടിയ സാഹചര്യത്തിൽ ഓൺലൈൻ വിതരണ ജീവനക്കാർക്ക് ട്രാഫിക് പൊലീസ് ബോധവൽക്കരണ ക്ലാസ് ആരംഭിച്ചു. ഇതുവരെ ഇരുന്നൂറോളം പേർ ക്ലാസിൽ പങ്കെടുത്തു. ലക്ഷക്കണക്കിനു ജീവനക്കാർ ഉണ്ടെന്നിരിക്കെ മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നു പൊലീസ് പറയുന്നു. 

ഈ വർഷം ഒക്ടോബർ വരെ 9 കമ്പനികളിൽ നിന്നായി പതിനായിരത്തിലധികം ജീവനക്കാർക്ക് എതിരെയാണ് ഗതാഗത നിയമ ലംഘനത്തിനു കേസെടുത്തത്. നഗരത്തിലെ ഓൺലൈൻ വിതരണ ആപ്പുകളിലെ ജീവനക്കാരിൽ ഭൂരിഭാഗം പേർക്കും ഗതാഗത നിയമത്തെക്കുറിച്ച് അറിവില്ലെന്നു കണ്ടെത്തിയതോടെയാണു നടപടിയെന്നു ട്രാഫിക് പൊലീസ് ജോയിന്റ് കമ്മിഷണർ എം.എൻ.അനുഛേദ് പറഞ്ഞു.

ഗതാഗതക്കുരുക്കിൽനിന്നു രക്ഷ നേടാൻ നടപാതകളിലൂടെ വാഹനം ഓടിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നു. വൺ‌വേ നിയമം ലംഘിക്കുന്നതും നിരോധിത റോഡുകളിലൂടെ വണ്ടി ഓടിക്കുന്നതും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ഗതാഗത നിയമം ലംഘിച്ചതിനു ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരിൽനിന്ന് 13.7 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 2670 കേസുകളാണു റജിസ്റ്റർ ചെയ്തത്. ഹെൽമറ്റ് ധരിക്കാത്തതിനു 1422 കേസുകളെടുത്തു.

English Summary:

In an effort to combat severe traffic congestion, Bengaluru traffic police are encouraging IT employees to embrace public transport options like BMTC buses and the Metro at least once a week. This initiative aims to reduce traffic by 20% and minimize pollution caused by private vehicles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com