വിളച്ചിലെടുക്കരുത് കേട്ടോ! അമിതനിരക്ക് : വിമാനത്താവള റൂട്ടിലെ വെബ് ടാക്സി ഡ്രൈവർമാർക്ക് ബോധവൽക്കരണം
Mail This Article
ബെംഗളൂരു ∙ അമിതകൂലി ഈടാക്കൽ, മോശം പെരുമാറ്റം എന്നീ പരാതികൾ യാത്രക്കാരിൽ നിന്ന് ഉയർന്നതോടെ വിമാനത്താവള റൂട്ടിലോടുന്ന വെബ് ടാക്സി ഡ്രൈവർമാർക്ക് പൊലീസ് ബോധവൽക്കരണ ക്ലാസ് നൽകി. ബുക്ക് ചെയ്യുമ്പോൾ കാണിക്കുന്നതിനേക്കാൾ കൂടുതൽ പണം ഈടാക്കുന്നതും വിസമ്മതിക്കുന്നവരോടു മോശമായി പെരുമാറുന്നതും പതിവായ സാഹചര്യത്തിലാണ് നടപടി.
ഡിസിപി വി.ജെ.സജീത്ത് അധ്യക്ഷത വഹിച്ച ബോധവൽക്കരണ ക്ലാസിൽ സംഘടനാ നേതാക്കളും ഡ്രൈവർമാരും ഉൾപ്പെടെ ഇരുനൂറോളം പേർ പങ്കെടുത്തു. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇന്ധനം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു അധിക പണം ഈടാക്കുന്നത്. ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീ യാത്രക്കാരാണ് ഇവരുടെ തട്ടിപ്പിന് ഇരയാകുന്നവരിലേറെയും. കഴിഞ്ഞദിവസം അധികനിരക്ക് നൽകാൻ വിസമ്മതിച്ച വനിതാ ഡോക്ടറെ അപമാനിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ടോൾ ഒഴിവാക്കാൻ അപകടവഴി
വിമാനത്താവള യാത്രയിൽ ടോൾ നൽകുന്നത് ഒഴിവാക്കാൻ ഡ്രൈവർമാർ സമാന്തര വഴികൾ തിരഞ്ഞെടുക്കുന്നതായും പരാതി ഉയരുന്നുണ്ട്. ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരിൽ നിന്നു ടോളിനുള്ള പണം കൂടി ചേർത്താണ് ഈടാക്കുക. ഈ പണം സ്വന്തമാക്കാനാണ് റൂട്ടിൽ മാറ്റം വരുത്തുന്നത്. നഗരം അത്രത്തോളം പരിചിതമല്ലാത്തവർ പലപ്പോഴും ഇതു തിരിച്ചറിയുന്നില്ല. വിജനമായ സ്ഥലങ്ങളിലൂടെയുള്ള യാത്ര സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്.
ബുക്കിങ് സ്വീകരിക്കാൻ മണിക്കൂറുകൾ
വിമാനത്താവളത്തിൽ നിന്നുള്ള യാത്രയ്ക്ക് വെബ് ടാക്സി ലഭിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നതും പതിവാകുന്നു. റൂട്ടിൽ ടാക്സികളുടെ എണ്ണം കുറഞ്ഞതും ടിപ്പായി വൻ തുക ലഭിക്കാതെ ബുക്കിങ് സ്വീകരിക്കാൻ പലരും തയാറാകാത്തതുമാണ് ഇതിനു കാരണം. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിനുള്ള പിക്ക്–അപ് ഫീ വർധിപ്പിച്ചത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർമാരുടെ നടപടി. ചെലവേറിയതോടെ പലരും ടാക്സി വിറ്റ് ഓട്ടോ സർവീസിലേക്കു തിരിഞ്ഞതും ഇതിനു കാരണമാകുന്നു. അതേസമയം, ബിഎംടിസിയുടെ വായുവജ്ര ബസുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്.