പുനരുപയോഗത്തിന് പുതുവഴി തുറന്ന് വൈഡബ്ല്യുസിഎ നവംബർ ഫെസ്റ്റ്
Mail This Article
ബെംഗളൂരു∙ ഉപയോഗശൂന്യമെന്ന് പറഞ്ഞ് വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളിൽനിന്ന് മനോഹരമായ ഉൽപന്നങ്ങൾ നിർമിച്ച് പുനരുപയോഗത്തിനുള്ള സാധ്യത തുറന്ന് വൈഡബ്ല്യുസിഎ ബെംഗളൂരു സിറ്റി ഒരുക്കിയ നവംബർ ഫെസ്റ്റ്. പാഴ്തുണികളിൽ നിന്ന് മനോഹരമായ ചവിട്ടികൾ, ചകിരി നാരും വാഴനാരും കൊണ്ടുള്ള കരകൗശല ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ജൈവ ഉൽപന്നങ്ങൾ എന്നിവയ്ക്കു പുറമേ ഭക്ഷ്യമേളയും കോറമംഗല ആരതിയിൽ ഒരു ദിവസം നീണ്ടുനിന്ന മേളയെ സജീവമാക്കി. സാമൂഹികസേവന രംഗത്തും സ്ത്രീ ശാക്തീകരണ മേഖലയിലും നിറസാന്നിധ്യമായ വൈഡബ്ല്യുസിഎ ബെംഗളൂരു സിറ്റി നവംബർ ഫെസ്റ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണമായും സാമൂഹികസേവന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബിനു റേച്ചൽ ഫിലിപ്പ്, ജനറൽ സെക്രട്ടറി ഡോർക്കസ് പേൾ സുദീപ് എന്നിവർ ചേർന്ന് നിർവഹിച്ചു. കൺവീനർ സേറ സാമുവൽ, ട്രഷറർ ടെസി ജോൺ, ബീന തോമസ് എന്നിവർ നേതൃത്വം നൽകി.
ശാക്തീകരണത്തിലെ പുത്തൻ കാഴ്ചകൾ
ക്രോഷെ (കമ്പിളിനൂൽ) കൊണ്ട് കീചെയിൻ മുതൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ വരെ തിപ്പസന്ദ്രയിൽ താമസിക്കുന്ന കോട്ടയം സ്വദേശി അനു കുര്യൻ അലക്സാണ്ടറിന്റെ സ്റ്റാളിലുണ്ട്. 6 വർഷം മുൻപ് ഒഴിവുസമയം ചെലവിടാൻ വേണ്ടി തുടങ്ങിയ ക്രോഷെ പരീക്ഷണം പിന്നീട് വിവിധ തരം ഉൽപന്നങ്ങളുടെ നിർമാണത്തിലേക്ക് മാറുകയായിരുന്നു. ചണബാഗുകളിൽ (ജ്യൂട്ട് ബാഗ്) ഫാബ്രിക് ചിത്രങ്ങളൊരുക്കിയാണ് കോക്സ് ടൗണിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി എസ്തർ സുജിത്ത് മേളയ്ക്കെത്തിയത്. ഹാൻഡ് ബാഗുകൾ, ബോട്ടിൽ ആർട്ട്, ഇൻഡോർ പ്ലാന്റ് പോട്ടുകൾ എന്നിവയും കാഴ്ചക്കാരെ ആകർഷിച്ചു. ലിറ്റിൽ ബൈ ലെറ്റീഷ്യ എന്ന പേരിലുള്ള സ്വയം സംരംഭകത്വ കൂട്ടായ്മയ്ക്ക് തുടക്കമിട്ട സഹോദരിമാരായ സീലിയയും ലിസ്ബത്തും മേളയ്ക്കെത്തിയത് ക്രിസ്മസ് വിപണി കൂടി ലക്ഷ്യമിട്ടാണ്. ക്രിബ് അലങ്കാര വസ്തുക്കൾക്ക് പുറമേ ടേബിൾ മാറ്റ്, ഫർണിച്ചർ കവറുകൾ ഉൾപ്പെടെയാണ് ഇവർ വിൽപനയ്ക്കെത്തിച്ചത്.
കേരളീയ, തെന്നിന്ത്യൻ -പാശ്ചാത്യ വിഭവങ്ങളൊരുക്കിയാണ് വീട്ടമ്മമാരുടെ സംഘം ഭക്ഷ്യമേളയെ രുചികരമാക്കിയത്. വിവിധ തരം ദോശകൾ, പുട്ട്, വെള്ളയപ്പം, എന്നിവയ്ക്കൊപ്പം നാടൻ കറികളും സാൻവിച്ച്, ബർഗർ, പേസ്ട്രി ഉൽപന്നങ്ങൾ എന്നിവയും തീൻമേശയെ വൈവിധ്യങ്ങളുടെ സംഗമവേദിയാക്കി. ചേരികളിൽ താമസിക്കുന്നവരുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം,വനിതകൾക്കും കുട്ടികൾക്കുമായുള്ള സൗജന്യ കൗൺസലിങ്, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്, സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തിയവർക്കുള്ള തുടർവിദ്യാഭ്യാസ പരിപാടി, എസ്എസ്എൽസി – പിയുസി വിദ്യാർഥികൾക്കായുള്ള സൗജന്യ കംപ്യൂട്ടർ പഠന കോഴ്സ്, പ്രായമേറിയ വനിതകൾക്ക് വരുമാനാർഥം ടെയ്‌ലറിങ്, ആഭരണ നിർമാണം തുടങ്ങിയ പദ്ധതികളാണ് വൈഡബ്ല്യുസിഎയുടെ നേതൃത്വത്തിൽ നടത്തുന്നത്.