കബ്ബൺ പാർക്കിലെ റോഡുകൾ തുറന്നിട്ടും കുരുക്കഴിയുന്നില്ല; ശനിയാഴ്ച തുറക്കലും ശരിയാവുന്നില്ല
Mail This Article
ബെംഗളൂരു∙ നഗരത്തിലെ പ്രധാന നിരത്തുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കബ്ബൺ പാർക്കിലെ റോഡുകൾ ശനിയാഴ്ചകളിൽ തുറന്നു കൊടുത്തത് ഫലം കണ്ടില്ല. അതിനാൽ, കബ്ബൺ പാർക്കിനുള്ളിലെ റോഡുകളിൽ രണ്ടും നാലും ശനിയാഴ്ചകളിൽ വീണ്ടും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമുള്ള നിരോധനം തുടരും.
3 മാസം മുൻപാണ് ശനിയാഴ്ചകളിൽ കബ്ബൺ പാർക്കിനുള്ളിലെ റോഡുകളിലെ നിയന്ത്രണം പിൻവലിച്ചത്. സമീപറോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാഫിക് പൊലീസിന്റെ നിർദേശപ്രകാരമാണ് കബ്ബൺ റോഡിൽ ശനിയാഴ്ചകളിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.
എംജി റോഡ്, കബ്ബൺ റോഡ്, അംബേദ്കർ വീഥി, കെആർ സർക്കിൾ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് കബ്ബൺ പാർക്കിനുള്ളിലെ റോഡുകൾ. 2017ലാണ് ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ രാത്രി 10 വരെവാഹനങ്ങൾക്ക് ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹനനിയന്ത്രണം നടപ്പിലാക്കിയതോടെ പാർക്കിനുള്ളിലെ വായുമലിനീകരണത്തിൽ കുറവ് കണ്ടെത്തിയിരുന്നു.
അനധികൃത പാർക്കിങ് നിയന്ത്രിക്കും
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സമീപ റോഡുകളിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കുമെന്ന് ട്രാഫിക് പൊലീസ്. കബ്ബൺ പാർക്കിലേക്കുള്ള പ്രവേശനകവാടങ്ങളായ മിൻസ്ക് സ്ക്വയർ, ഹൈക്കോടതി എന്നിവിടങ്ങളിലാണ് അനധികൃത വാഹന പാർക്കിങ് പൂർണമായും നിരോധിക്കുക.
നിലവിൽ അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാഹനങ്ങൾ നിർത്തുന്നത് സമീപ റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്. രാവിലെയും വൈകിട്ടും പാർക്കിനുള്ളിൽ വിശ്രമിക്കാനും വ്യായാമത്തിനും എത്തുന്നവരുടെ ജീവന് ഭീഷണിയായ വാഹനങ്ങളുടെ കുതിപ്പ് തടയണമെന്നാവശ്യപ്പെട്ട് കബ്ബൺ പാർക്ക് വോക്കേഴ്സ് അസോസിയേഷൻ വീണ്ടും ഹോർട്ടികൾചർ വകുപ്പിനെ സമീപിച്ചിരുന്നു.