ക്രിസ്മസ്, പുതുവർഷ യാത്ര: കേരള, കർണാടക ആർടിസി ബസുകളിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തുടങ്ങുന്നു
Mail This Article
ബെംഗളൂരു ∙ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ അടുത്തിരിക്കേ, കേരള, കർണാടക ആർടിസി ബസുകളിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും. ഡിസംബർ 19 മുതലുള്ള സർവീസുകളിലെ ബുക്കിങ്ങാണ് തുടങ്ങുന്നത്. സ്വകാര്യ ബസുകളിലെ ടിക്കറ്റ് ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ തന്നെ വിറ്റുതീർന്നിരുന്നു.
ശബരിമല തിരക്ക് കണക്കിലെടുത്ത്, ബയ്യപ്പനഹള്ളി ടെർമിനൽ– തിരുവനന്തപുരം നോർത്ത് സ്പെഷൽ പ്രതിവാര എക്സ്പ്രസിന്റെ സർവീസ് ജനുവരി 29 വരെ നീട്ടിയിട്ടുണ്ട്. കോട്ടയം വഴിയുള്ള ട്രെയിൻ ചൊവ്വാഴ്ചകളിൽ തിരുവനന്തപുരം നോർത്തിൽ നിന്നും ബുധനാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നുമാണ് പുറപ്പെടുക. കൂടാതെ, ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി– കോട്ടയം പ്രതിവാര സ്പെഷൽ സർവീസ് ജനുവരി 15 വരെയും സർവീസ് നടത്തുന്നുണ്ട്. ഹുബ്ബള്ളിയിൽ നിന്ന് ചൊവ്വാഴ്ചകളിലും തിരിച്ചു കോട്ടയത്ത് നിന്ന് ബുധനാഴ്ചകളിലുമാണ് സർവീസ്.
പത്തനംതിട്ട എസി ബസ് ഇനി ഒന്നരാടം മാത്രം
പകരം ബസില്ലാത്തതിനെ തുടർന്ന് ബെംഗളൂരു– പത്തനംതിട്ട സ്വിഫ്റ്റ് എസി ബസ് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി ചുരുക്കി. നോൺ എസി ഡീലക്സ് ബസാണ് നിലവിൽ പകരം ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട ഡിപ്പോയിൽ എസി സ്പെയർ ബസില്ലാത്തതാണ് മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസിനെ ബാധിച്ചത്. ബസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം ഈ ആഴ്ച തന്നെ സർവീസ് പുനരാരംഭിക്കുമെന്നാണ് കേരള ആർടിസി അധികൃതരുടെ വിശദീകരണം.
പാലക്കാട് റൂട്ടിലും ഐരാവത് 2.0
കർണാടക ആർടിസിയുടെ പുതിയ ഐരാവത് ക്ലബ് ക്ലാസ് 2.0 എസി സർവീസ് ബെംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്കും ഓടിത്തുടങ്ങി. രാത്രി 10.05ന് ശാന്തിനഗറിൽ നിന്ന് പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, കോയമ്പത്തൂർ വഴി രാവിലെ 5.45ന് പാലക്കാട്ടെത്തും. രാത്രി 9.30ന് പാലക്കാട് നിന്ന് പുറപ്പെട്ട് രാവിലെ 5.40നു ബെംഗളൂരുവിലെത്തും. നിലവിൽ കേരളത്തിൽ കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലേക്കാണ് ഐരാവത് ക്ലബ് ക്ലാസ് 2.0 സർവീസുകളുള്ളത്.