ട്രാഫിക് : പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു; കെആർ പുരത്ത് കുരുക്കഴിക്കൽ
Mail This Article
ബെംഗളൂരു∙ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിവിധ പദ്ധതികൾ പരീക്ഷിച്ചിട്ടും ഫലം കാണാതിരുന്ന കെആർ പുരത്ത് പുതിയ ട്രാഫിക് നിയന്ത്രണം നിലവിൽ വന്നു. ഓൾഡ് മദ്രാസ് റോഡിലും കെആർ പുരം പൊലീസ് സ്റ്റേഷൻ റോഡിലുമാണ് പുതിയ നിയന്ത്രണങ്ങൾ ഇന്നലെ മുതൽ നടപ്പിലാക്കിയത്. മെട്രോ സ്റ്റേഷൻ കൂടി വന്നതോടെ കെആർ പുരത്തെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി.നേരത്തെ ടിൻ ഫാക്ടറി ജംക്‌ഷനിലും സമാന രീതിയിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കിയിരുന്നു. റോഡ് വീതികൂട്ടുകയും ബസ് ബേ ഉൾപ്പെടെ മാറ്റി സ്ഥാപിക്കുകയും ചെയ്തതോടെ ഇവിടെ ഒരുപരിധി വരെ കുരുക്ക് കുറയ്ക്കാൻ സാധിച്ചെന്നാണ് ട്രാഫിക് പൊലീസിന്റെ വിലയിരുത്തൽ.
കെആർ പുരത്തെ നിയന്ത്രണങ്ങൾ
∙ ഓൾഡ് മദ്രാസ് റോഡിലെ ബിബിഎംപി ജംക്‌ഷൻ മുതൽ വെറ്ററിനറി ആശുപത്രി, കെആർ പുരം പൊലീസ് സ്റ്റേഷൻ റോഡുകളിൽ ഗതാഗതം ഒരു വശത്തേക്ക് മാത്രം.
∙ ഓൾഡ് മദ്രാസ് റോഡിൽ നിന്ന് കെആർ പുരം, ടി.സി പാളയ, ആനന്ദപുര ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കെആർ പുരം പൊലീസ് സ്റ്റേഷന്റെ സമീപത്ത് നിന്ന് ഇടത്തോട്ട് തിരിയണം.
∙ ഐടിഐ ഗേറ്റിൽ നിന്ന് ഹൊസ്കോട്ട ഭാഗത്തേക്കുള്ള ബിഎംടിസി ബസുകൾ ശ്രീരാമ ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
∙ കെആർ പുരം ഡിപ്പോയിലേക്കുള്ള ബസുകൾ ഐടിഐ ഗേറ്റ് ഡീസൽ ഷെഡ് റോഡിൽ നിന്ന് യു ടേൺ തിരിഞ്ഞ് ഗവൺമെന്റ് കോളജ് ജംക്‌ഷൻ വഴി ഡിപ്പോയിൽ പ്രവേശിക്കണം.
∙ ആനന്ദപുര, കെആർ പുരം വില്ലേജ് ഭാഗത്ത് നിന്ന് നഗരത്തിലേക്കുള്ള വാഹനങ്ങൾ കോട്ട വെങ്കട്ടരമണ സ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓൾഡ് മദ്രാസ് റോഡിൽ പ്രവേശിക്കണം.
∙ ഐടിഐ ഗേറ്റ് ഭാഗത്ത്നിന്ന് നഗരത്തിലേക്ക് വരുന്ന ഭാരവാഹനങ്ങൾ ഗവൺമെന്റ് കോളജ് ജംക്‌ഷനിൽ നിന്ന് യു ടേൺ തിരിഞ്ഞ് പോകണം.
∙ ടി.സി പാളയയിൽനിന്ന് നഗരത്തിലേക്കുള്ള വാഹനങ്ങൾ മുനിയപ്പ ഗാർഡനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗവൺമെന്റ് കോളജ് റോഡ് വഴി പോകണം.
∙ കെആർ പുരം മാർക്കറ്റിൽനിന്ന് വില്ലേജ് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗവൺമെന്റ് ഹോസ്പിറ്റൽ ജംക്‌ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് കെആർ പുരം പൊലീസ് സ്റ്റേഷൻ റോഡ് വഴി പോകണം.
ഹെബ്ബാൾ മേൽപാല നിർമാണം: ഗതാഗത നിയന്ത്രണം
ബെംഗളൂരു∙ ഹെബ്ബാൾ മേൽപാല നിർമാണത്തിന്റെ ഭാഗമായി ഇന്ന് മുതൽ നാഗവാര ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കെആർ പുരം, നാഗവാര ഭാഗത്ത്നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഐഒസി–മുകുന്ദ തിയറ്റർ ജംക്‌ഷൻ, ലിംഗരാജപുരം മേൽപാലം, നാഗവാര–താനറി റോഡ് എന്നിവ ഉപയോഗിക്കണം. കെആർ പുരം, നാഗവാര ഭാഗത്ത്നിന്ന് ഹെബ്ബാൾ സർക്കിളിലേക്ക് വരുന്ന വാഹനങ്ങൾ ഭദ്രപ്പ ലേഔട്ട്, ദേവിനഗർ ക്രോസിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബിഇഎൽ സർക്കിൾ വഴി മേക്കറി സർക്കിളിൽ പ്രവേശിക്കണം.
ചർച്ച് സ്ട്രീറ്റിൽ ഒരാഴ്ച ഗതാഗത നിരോധനം
ബെംഗളൂരു∙ റോഡിലെ തകർന്ന കരിങ്കൽ പാളികൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി ചർച്ച് സ്ട്രീറ്റിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി. സന്നദ്ധസംഘടനയായ അൺബോക്സിങ് ബിഎൽആർ ഫൗണ്ടേഷനാണ് ചർച്ച് സ്ട്രീറ്റ് നവീകരിക്കുന്നത്. 2 വർഷത്തെ പരിപാലന ചുമതല ബിബിഎംപി ഫൗണ്ടേഷനു കൈമാറുകയായിരുന്നു. നടപ്പാതകൾ നവീകരിക്കും, തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കും, മാലിന്യശേഖരണ, ഓട സംവിധാനം മെച്ചപ്പെടുത്തും. സസ്യങ്ങൾ നട്ടുപിടിപ്പിച്ച് ഹരിതാഭ വർധിപ്പിക്കും.
ചർച്ച് സ്ട്രീറ്റിന്റെ ശോചനീയാവസ്ഥ കച്ചവടത്തെ ബാധിച്ചതായി വ്യാപാരികൾ ഉൾപ്പെടെ പരാതിപ്പെട്ട സാഹചര്യത്തിലാണു നവീകരണ നടപടികളുമായി ബിബിഎംപി രംഗത്തെത്തിയത്. ഇതിന്റെ ചുമതല സന്നദ്ധ സംഘടനയ്ക്കു കൈമാറിയതോടെ 3 കോടിരൂപ ബിബിഎംപിക്കു ലാഭിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.