ഷട്ടിൽ ബസ് സർവീസ്; പിന്തുണ തേടി ഊബർ: മന്ത്രി അനുകൂലമെന്ന് സൂചന
Mail This Article
ബെംഗളൂരു ∙ നഗരത്തിൽ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നതിനായി ജനങ്ങളുടെ പിന്തുണ തേടി, ബെംഗളൂരു ടെക് സമ്മിറ്റിൽ സ്റ്റാളുമായി ഊബർ. ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് നഗരങ്ങളിലേതിനു സമാനമായ സർവീസിന് അനുമതി നൽകാൻ സർക്കാർ വിസമ്മതിക്കുന്നതിനെ തുടർന്നാണിത്. ഷട്ടിൽ സർവീസ് യാത്രയുടെ അനുകൂല ഘടകങ്ങളെക്കുറിച്ചും ആപ്പിന്റെ പ്രവർത്തനത്തെക്കുറിച്ചും ബോധവൽക്കരിക്കുന്നുണ്ട്.
മറ്റു നഗരങ്ങളിൽ സർക്കാരിന്റെ പങ്കാളിത്തതോടെയാണ് ഊബർ ബസ് സർവീസ് നടത്തുന്നത്. എന്നാൽ, ബിഎംടിസിയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് കർണാടക സർക്കാർ ഇതിനോടു മുഖംതിരിച്ചത്. അതേസമയം, ഇന്നലെ സമ്മിറ്റിനിടെ മന്ത്രി പ്രിയങ്ക് ഖർഗെയുമായി ഊബർ ഇന്ത്യ പ്രസിഡന്റ് പ്രബ്ജീത്ത് സിങ് ചർച്ച നടത്തി. മന്ത്രിയിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതായാണ് കമ്പനി അധികൃതർ അറിയിച്ചത്.
ലക്ഷ്യം, ഐടി മേഖലകൾ
കെആർ പുരം– സിൽക്ക്ബോർഡ് റൂട്ടിൽ ബസ് സർവീസ് തുടങ്ങാനാണ് ഊബർ ഗതാഗത വകുപ്പിന്റെ അനുമതി തേടിയത്. 30 ഐടി പാർക്കുകളിലായി 15 ലക്ഷം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ടാക്സി, ഓട്ടോ സർവീസുകളേക്കാൾ ചെലവ് കുറഞ്ഞ യാത്രയാണ് ബസ് സർവീസിലൂടെ ഊബർ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം മേഖലയിലെ ഗതാഗതക്കുരുക്കഴിക്കാനും സഹായിക്കും. തിരക്കേറിയ മറ്റ് ബസുകളേക്കാൾ സുഖപ്രദമായി യാത്ര ചെയ്യാനാകുമെന്നു കമ്പനി ചൂണ്ടിക്കാട്ടുന്നു. 35 സീറ്റുള്ള ബസുകളാകും സർവീസ് നടത്തുക.
കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കും: ബഹിരാകാശത്തേക്ക് നയിക്കാൻ സംസ്ഥാനം; വിഹിതം 50% ആക്കും
ബെംഗളൂരു ∙ രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ വിപണിയിലേക്കുള്ള കർണാടകയുടെ വിഹിതം 50 ശതമാനമാക്കി ഉയർത്താൻ ലക്ഷ്യമിട്ടുള്ള നയത്തിന്റെ കരട് സിദ്ധരാമയ്യ സർക്കാർ പുറത്തിറക്കി. നഗരത്തിൽ നടന്നുവരുന്ന ബെംഗളൂരു ടെക് സമ്മിറ്റ് വേദിയിൽ, ഇസ്റോ ചെയർമാൻ എസ്.സോമനാഥിന്റെ സാന്നിധ്യത്തിലാണ് ഐടിബിടി മന്ത്രി പ്രിയങ്ക് ഖർഗെ, കർണാടകയുടെ ബഹിരാകാശ സാങ്കേതികവിദ്യാ നയത്തിന്റെ കരട് പുറത്തിറക്കിയത്. 2024–29 കാലയളവിലേക്കുള്ള നയമാണിത്.
ഇസ്റോയുടെ 10 കേന്ദ്രങ്ങൾക്കു പുറമേ, ഈ രംഗത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഇടത്തരം, ചെറുകിട സംരംഭങ്ങളും അക്കാദമിക സ്ഥാപനങ്ങളും സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തെ പുതുതലമുറ സ്ഥാപനങ്ങളുടെ ഹബ്ബായി ബെംഗളൂരു മാറിക്കഴിഞ്ഞതായും കരടിൽ പറയുന്നുണ്ട്. 150 ദശലക്ഷം യുഎസ് ഡോളറിന്റെ ഫണ്ടാണ് ഈ സ്റ്റാർട്ടപ്പുകൾ ആകർഷിക്കുന്നത്.