മെട്രോ ടിക്കറ്റ് നിരക്ക് കൂടും; കൂട്ടുന്നത് സിംഗപ്പൂർ, ഹോങ്കോങ് മാതൃകയിൽ; പഠിക്കാൻ സമിതി
Mail This Article
ബെംഗളൂരു∙ മെട്രോ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തുന്നതിൽ സിംഗപ്പൂർ, ഹോങ്കോങ് മെട്രോകളെ മാതൃകയാക്കാൻ ബിഎംആർസി. നിരക്ക് പരിഷ്കരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ബിഎംആർസി നിയോഗിച്ച സമിതി ഉടൻ ഇരുനഗരങ്ങളും സന്ദർശിക്കും. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ.തരണിയുടെ നേതൃത്വത്തിലുള്ള സമിതി ഡിസംബർ 15നു ബിഎംആർസിക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമാണ് പുതിയ നിരക്ക് നിലവിൽ വരിക.
നേരത്തേ ഡൽഹി മെട്രോ സന്ദർശിച്ച സമിതി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. 2011ൽ നമ്മ മെട്രോ സർവീസ് ആരംഭിച്ചതിനു ശേഷം നിരക്ക് കൂട്ടിയിട്ടില്ല.അതിനാൽ നിശ്ചിത കാലയളവിൽ നിരക്ക് കൂട്ടുന്നതിന് മാനദണ്ഡങ്ങൾ രൂപീകരിക്കും. നിലവിൽ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്. ഇത് 20% വരെ വർധിപ്പിക്കും. നിർമാണച്ചെലവ് ഉയർന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി.
തുമക്കൂരു റോഡിൽനിന്ന് മെട്രോയിലേക്ക് നടപ്പാലം തുറന്നു
ബെംഗളൂരു∙ തിരക്കേറിയ തുമക്കൂരു റോഡിൽനിന്ന് ദാസറഹള്ളി, നാഗസന്ദ്ര മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാർക്ക് നടപ്പാലം വഴി പ്രവേശിക്കാം. റോഡ് കടക്കുന്നതിനിടെ അപകടം പതിവായ ഇവിടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് മേൽപാല നിർമാണം പൂർത്തിയായത്. നാഗസന്ദ്ര മെട്രോ സ്റ്റേഷനെയും ഐകിയ മാളിനെയും ബന്ധിപ്പിച്ചുള്ള നടപ്പാലം കഴിഞ്ഞ വർഷം തുറന്നിരുന്നു.