സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു; പ്രതിദിനം സംസ്കരിക്കുന്നത് 6000 ടൺ
Mail This Article
ബെംഗളൂരു∙ നഗരത്തിലെ മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ പ്രവർത്തനം സാങ്കേതിക തകരാർ മൂലം തുടർച്ചയായി തടസ്സപ്പെടുന്നു. ബിബിഎംപിക്ക് കീഴിൽ വലിയ 7 മാലിന്യ സംസ്കരണ പ്ലാന്റുകളാണ് നഗരപ്രാന്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത്. പ്രതിദിനം 6000 ടൺ മാലിന്യമാണ് ഇവിടങ്ങളിൽ സംസ്കരിക്കുന്നത്. യന്ത്രങ്ങൾ തകരാറിലായാൽ അറ്റകുറ്റപ്പണികൾക്ക് ഉൾപ്പെടെ കാലതാമസം വരുന്നതാണ് പ്രതിസന്ധിയാകുന്നത്.
പരിധിയിൽ കൂടുതൽ മാലിന്യം വരുന്നതോടെ മാസങ്ങളോളം ഇവ സംസ്കരണ കേന്ദ്രങ്ങളിൽ കെട്ടികിടക്കും. കൂടിക്കിടക്കുന്ന മാലിന്യത്തിൽ തീപടരുന്നതും പതിവ് സംഭവമാണ്. രൂക്ഷമായ വായുമലിനീകരണവും ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുമ്പോൾ പ്രദേശവാസികൾ പ്രക്ഷോഭവുമായി എത്തുന്നതോടെ പ്ലാന്റിലേക്കുള്ള മാലിന്യ നീക്കവും മുടങ്ങും.
പ്രതിഷേധം ശക്തം
പ്രാദേശിക പ്രതിഷേധങ്ങളെ തുടർന്ന് പുതിയ മാലിന്യ കേന്ദ്രങ്ങൾ ആരംഭിക്കാനാകാതെ ബിബിഎംപി. ദൊഡ്ഡബല്ലാപുര, മണ്ഡൂർ, ഗോലഹള്ളി, ബിഡദി എന്നിവിടങ്ങളിലാണ് പുതിയ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങുന്നത്. ഇതിൽ നിർമാണം പൂർത്തിയായ ബിഡദിയിലെ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പ്ലാന്റിനെതിരെ മേഖലയിൽ ജനകീയ സമരം തുടരുകയാണ്. പ്രതിദിനം 11.5 മെഗാവാട്ട് വൈദ്യുതിയാണ് ബിഡദി പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.