നല്ല ഓണം, നന്മയോണം
Mail This Article
ചെന്നൈ ∙ നഗരത്തിലെ മലയാളികൾക്കായി ഓണവിഭവങ്ങൾ സമാഹരിച്ച് ഓണച്ചന്ത ഒരുക്കുമ്പോൾ അതിനു പിന്നിൽ അധികമാരും അറിയാത്ത കാരുണ്യത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ട്. ഓണച്ചന്തകളിലൂടെ സമാഹരിക്കുന്ന ലാഭവിഹിതം മിക്ക സംഘടനകളും ചെലവഴിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്. നഗരത്തിലും നാട്ടിലുമുള്ള ആയിരക്കണക്കിനു അശരണരിലേക്കാണ് ഓണച്ചന്തകളുടെ ലാഭവിഹിതം എത്തുന്നത്.
കാരുണ്യപൂർവം കുടുംബശ്രീ
ചെന്നൈ മലയാളി കുടുംബശ്രീ 13 വർഷമായി നടത്തുന്ന ഓണച്ചന്തകളുടെ വരുമാനം കേരളത്തിലടക്കമുള്ള രോഗികൾക്കും അനാഥർക്കും സഹായം ആവശ്യമുള്ള വിദ്യാർഥികൾക്കുമാണ് നൽകുന്നത്. കോവിഡ് കാലത്തും ഓണച്ചന്ത സംഘടിപ്പിച്ച അപൂർവം സംഘടനകളിൽ ഒന്നാണ് കുടുംബശ്രീ. കോവിഡ് കാലത്ത് കേരളത്തിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി നടത്തിയ സ്കൂൾ ഫോൺ ചാലഞ്ച് പദ്ധതിക്കായി നൂറിലധികം സ്മാർട് ഫോണുകളാണ് കുടുംബശ്രീ സംഭാവന നൽകിയതെന്ന് സംഘടനയുടെ അമരക്കാരി രജനി മനോഹർ പറഞ്ഞു. വിവിധ അനാഥാലയങ്ങളിലേക്കും കുടംബശ്രീയുടെ സഹായമെത്തുന്നു. കാൻസർ ബാധിതരായവർക്ക് സഹായമെത്തിക്കാനും കുടംബശ്രീക്കു കഴിഞ്ഞതായി രജനി പറഞ്ഞു.
സ്ത്രീകളുടെ കൈപിടിച്ച് മുഗപ്പെയറിലെ വീട്ടമ്മമാർ
പ്രദേശത്തെ പതിനഞ്ചോളം സ്ത്രീകൾക്ക് വരുമാന മാർഗം ഒരുക്കുക എന്നതാണ് മുഗപ്പെയറിലെ മലയാളി വീട്ടമ്മമാർ ഒരുക്കുന്ന ഓണച്ചന്തയുടെ ലക്ഷ്യമെന്ന് സംഘാടകരിൽ ഒരാളായ എ.യു.ശ്രീശൈലി പറഞ്ഞു. സ്ത്രീകൾ വീടുകളിൽ തയാറാക്കുന്ന ഓണവിഭവങ്ങളാണ് വീട്ടമ്മമാർ സംഘടിപ്പിക്കുന്ന ചന്തയിലെ മുഖ്യ ആകർഷണം. ഈ ഉൽപന്നങ്ങൾ വിൽക്കുന്നതിലൂടെ ഇവ നിർമിക്കുന്ന സ്ത്രീകൾക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നു.
നോക്മയ്ക്കും ലക്ഷ്യം നന്മ
കേരള ഉൽപന്നങ്ങൾ വിൽക്കാൻ സാഹചര്യമൊരുക്കുകയാണ് ഓണച്ചന്തയിലൂടെ നോർത്ത് ചെന്നൈ മലയാളി അസോസിയേഷൻ (നോക്മ) ചെയ്യുന്നത്. ചന്തയിൽ നിന്ന് ലാഭം ഉണ്ടാകാറില്ല. എന്നാൽ ചില കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ സമാഹരിച്ച് 600 സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് നോക്മ. സംഘടനയിൽ നിന്ന് 500 രൂപയുടെ ടോക്കണുകൾ വാങ്ങുന്നവർക്ക് വിലക്കിഴിവ് നൽകി. 1000 രൂപയോളം വിലയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കണം എന്നതാണ് സ്റ്റാളുകൾ ഒരുക്കുന്നവരുമായുള്ള ധാരണ.
കൂട്ടായി പ്രവാസി മലയാളി കൂട്ടായ്മ
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണമാണ് ചെന്നൈ പ്രവാസി മലയാളി കൂട്ടായ്മയുടെ വനിതാ വിഭാഗമായ സ്ത്രീശക്തി ഒരുക്കുന്ന ഓണച്ചന്തയുടെ ലക്ഷ്യമെന്ന് കൂട്ടായ്മ സെക്രട്ടറി എസ്.ശ്രീജിത്ത് പറഞ്ഞു. രോഗികൾക്കു മരുന്നെത്തിക്കലാണ് പ്രവാസി കൂട്ടായ്മയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന്. സഹായം ആവശ്യപ്പെട്ട് ആളുകൾ എത്തുമ്പോൾ അംഗങ്ങൾ പെട്ടെന്നു സംഭാവന ചെയ്യുന്ന തുകയുപയോഗിച്ച് മരുന്നുകളും മറ്റു സഹായങ്ങളും എത്തിക്കുന്നു. ചെറിയൊരു തുക നിക്ഷേപമുണ്ടെങ്കിൽ സഹായമെത്തിക്കാനുള്ള കാലതാമസം കുറയ്ക്കാമെന്ന പ്രതീക്ഷയാണ് ഓണച്ചന്ത എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.
വേറിട്ട വഴിയിലൂടെ വിലയിൽ ഇടപെട്ട് കേരളസമാജം
ലാഭമുണ്ടാക്കാനുള്ള കച്ചവടമല്ല, മറിച്ച് വിപണിയിൽ ഗുണപരമായി ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു പതിറ്റാണ്ടുകളായി മദിരാശി കേരള സമാജത്തിൽ ഓണച്ചന്ത നടക്കുന്നത്. കേരളീയ ഉൽപന്നങ്ങൾ വാങ്ങിയ അതേ വിലയ്ക്കാണ് സമാജത്തിന്റെ ഓണച്ചന്തയിൽ വിൽക്കുന്നതെന്ന് സമാജം ജനറൽ സെക്രട്ടറി ടി.അനന്തൻ പറഞ്ഞു.
വിപണി വിലയിലും കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ ഇവിടെ വിൽക്കുന്നത് ലാഭം മാത്രം ലക്ഷ്യമിട്ട് വിൽപന നടത്തുന്നവരെയും വില കുറയ്ക്കാൻ നിർബന്ധിതരാക്കും. സമാജത്തിൽ 320 രൂപയ്ക്കു വിൽക്കുന്ന ഒരു കിലോ ചിപ്സിന്റെ ചെന്നൈയിലെ വിപണി വില 450 രൂപയ്ക്കും മുകളിലാണ്. ഇത്തരത്തിൽ വിപണിയിലെ വില കുറച്ച് ഉപഭോക്താക്കളെ സഹായിക്കുകയാണ് സമാജം. ചന്ത നടത്തുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം ഒരു പരിധി വരെ മറികടക്കുന്നത് സ്പോൺസർഷിപ്പിലൂടെയാണെന്നും അനന്തൻ പറഞ്ഞു.
കൊരട്ടൂർ മലയാളി സൗഹൃദവേദി പൊന്നോണ കിറ്റ് വിതരണം
ചെന്നൈ ∙ കൊരട്ടൂർ മലയാളി സൗഹൃദവേദിയുടെ പൊന്നോണ കിറ്റ് വിതരണം ബി. വിജയകുമാറിന് കിറ്റ് കൈമാറി പ്രസിഡന്റ് സി.ഇന്ദുകലാധരൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.എ.ജോയ്കുട്ടി ഓണാഘോഷങ്ങൾക്കു തിരി തെളിച്ചു. സാമൂഹിക പ്രവർത്തകരായ വാസവൻ, ഇ.എൻ.ജയചന്ദ്രൻ, എം.ഗോപരാജ്, ജനറൽ സെക്രട്ടറി സി.പി.പ്രകാശ്, വർക്കിങ് പ്രസിഡന്റ് എം.എസ്.വിജയൻ, വനിതാ വിഭാഗം സെക്രട്ടറി ജിൽജ ദേവസി എന്നിവർ പ്രസംഗിച്ചു. ട്രഷറർ എ.ജെ.ശ്രീലേഷ്, സെക്രട്ടറി ലിജേഷ്, മോഹൻദാസ്, ലത പരമേശ്വരൻ, സിന്ധു, ദർശന, വിനീത, രേഖ ശശികുമാർ, സുനിത സ്വാമിനാഥൻ, സിന്ധു ശ്രീനിവാസൻ, ബിന്ദു സന്തോഷ് എന്നിവർ നേതൃത്വം നൽകി.
മദ്രാസ് മലയാള വിദ്യാലയത്തിൽ ഓണച്ചന്ത
ചെന്നൈ ∙ മദ്രാസ് മലയാള വിദ്യാലയത്തിൽ സംഘടിപ്പിച്ച ഓണച്ചന്ത പ്രധാനാധ്യാപിക എ.വനജയക്ക് ആദ്യ വിൽപന നടത്തി കൺവീനർ എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൈകൊട്ടിക്കളി, പുലിക്കളി, മോഹിനിയാട്ടം എന്നിവ അരങ്ങേറി. നാടൻ നേന്ത്രക്കായ, ചിപ്സ്, വെളിച്ചെണ്ണ, ശർക്കരവരട്ടി, ഉണ്ണിയപ്പം, പപ്പടം, പാലട തുടങ്ങിയ വിഭവങ്ങൾ വിൽപനയ്ക്കുള്ളതായി സംഘാടകർ അറിയിച്ചു. സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ.