ADVERTISEMENT

ചെന്നൈ ∙ ഓണത്തപ്പനെ വരവേൽക്കാനൊരുങ്ങി നഗരവും. ചെന്നൈക്കു തിരുവോണ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കോവിഡിനു ശേഷമെത്തുന്ന പൊന്നോണം കെങ്കേമമാക്കാനുള്ള തയാറെടുപ്പുകൾ മിക്കവരും പൂർത്തിയാക്കി കഴിഞ്ഞു. നാട്ടിലേതു പോലെ അത്തം മുതൽ ‍10 നാളുകളും വീട്ടിൽ പൂക്കളമിടാൻ കഴിയാത്തവർ തിരുവോണ നാളിലെങ്കിലും പൂക്കളമിടാൻ ഇടം കണ്ടെത്തിക്കഴിഞ്ഞു. വിശാലമായ മുറ്റങ്ങളും വരാന്തകളും ഇല്ലെങ്കിലും ഒറ്റമുറി, ഇരട്ടമുറി ഫ്ലാറ്റുകൾക്കുള്ളിലും അൽപം സ്ഥലം തിരുവോണ ദിനത്തിലെ പൂക്കളത്തിനു വേണ്ടി മാറ്റി വയ്ക്കാത്ത മലയാളികളുണ്ടാവില്ല!

സദ്യ പങ്കുവച്ച്, മനം നിറച്ച്...

തിരുവോണ ദിനത്തിൽ വയർ നിറച്ച് ആഹാരം കഴിക്കാത്തവരെ പറ്റി ചിന്തിക്കാതിരിക്കാൻ മാവേലിത്തമ്പുരാന്റെ നാട്ടിൽ ‍നിന്നുള്ളവർക്കു കഴിയില്ല. ഈ ചിന്തയിൽ നിന്നാണ്, അസുഖമോ മറ്റു പ്രതിസന്ധികളോ മൂലം ഓണത്തിന് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ കഴിയാത്തവർക്കായി ഓണസദ്യ പങ്കുവയ്ക്കുക എന്ന ആശയം ഉദിച്ചതെന്ന് ചെന്നൈ മലയാളീസ് ഫെയ്സ്ബുക് കൂട്ടായ്മ പ്രവർത്തകനായ കെ.വി.ബ്രൂണോ പറഞ്ഞു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ ഒരു പങ്ക് അർഹരായവർക്കായി നൽകുകയാണ് ഉദ്ദേശിക്കുന്നത്. 

മുഗപ്പെയർ, ചെന്നൈ സെൻട്രൽ, ഇസിആർ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഉള്ള അർഹരായ ഏതാനും ആളുകൾക്കെങ്കിലും ഓണഭക്ഷണം എത്തിക്കാനാണ് പദ്ധതി. മുഗപ്പെയർ കേന്ദ്രീകരിച്ച് ജെൽബിനും (ഫോൺ – 9940617279) സെൻട്രലിൽ സി.എം.ഷിജോയും (9840428100) ഇസിആറിൽ കെ.വി.ബ്രൂണോയുമാണ് (8939065655) പ്രവർത്തനം ഏകോപിപ്പിക്കുക. ഭക്ഷണം ആവശ്യമുള്ളവർ ഫോൺ ‍വിളിച്ച് അറിയിച്ചാൽ ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള സംവിധാനമാണ് ക്രമീകരിക്കുന്നത്. 

ഓണസദ്യ തയാറാക്കുന്ന ഹോട്ടലുകളിലും കേറ്ററിങ് കേന്ദ്രങ്ങളിലും ബുക്കിങ് പൂർത്തിയായതിനാൽ ഭക്ഷണം വാങ്ങി നൽകുന്നത് ബുദ്ധിമുട്ടാകും എന്നതിനാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പങ്കുവയ്ക്കാൻ തയാറുള്ളവരുമായി സഹകരിച്ച് വിതരണം നടത്തുകയാണ് ചെയ്യുക. വളരെ പെട്ടെന്നുള്ള തീരുമാനമായതിനാൽ നഗരത്തിന്റെ ഇതര ഭാഗങ്ങളിലേക്കും കൂടുതൽ ‍ആളുകളിലേക്കും എത്തിക്കാനുള്ള പരിമിതിയും ഇവർ മനസ്സിലാക്കുന്നു. വരും വർഷങ്ങളിൽ കൂടുതൽ പങ്കാളിത്തത്തോടെ പദ്ധതി വ്യാപിപ്പിക്കാമെന്നാണു കൂട്ടായ്മയുടെ തീരുമാനം.

ഓണാഘോഷം ഉഷാറാക്കി ഹിന്ദുസ്ഥാൻ കോളജ് ഓഫ് ആർട്സ് ആൻ‍ഡ് സയൻസ് 

ചെന്നൈ ∙ ഹിന്ദുസ്ഥാൻ കോളജ് ഓഫ് ആർട്സ് ആൻ‍ഡ് സയൻസിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ സിടിഎംഎ ജനറൽ സെക്രട്ടറി എം.പി.അൻവർ ‍മുഖ്യാതിഥിയായി. തിരുവാൺമിയൂർ കേരള സമാജം പ്രസിഡന്റ് മോഹൻദാസ് വിശിഷ്ടാതിഥിയായിരുന്നു. പ്രിൻസിപ്പൽ എസ്.തിരുമകൻ, വൈസ് പ്രിൻസിപ്പൽമാരായ സാമുവൽ ‍സമ്പത്ത് കുമാർ, എസ്.ഇളഞ്ജിയം, ഡയറക്ടർ സൂസൻ മാർത്താണ്ഡൻ, അധ്യാപിക കെ.കൽപന, രവിശങ്കർ തുടങ്ങിയവർ ‍പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com