അണുബാധ: നേത്രരോഗ മരുന്ന് ഉൽപാദനം നിർത്താൻ നിർദേശം
Mail This Article
ചെന്നൈ ∙ കണ്ണിൽ തുള്ളിമരുന്ന് ഒഴിച്ചവർക്ക് കാഴ്ച നഷ്ടപ്പെട്ടെന്നും ഗുരുതര അണുബാധയുണ്ടായെന്നുമുള്ള പരാതിയെ തുടർന്ന് ചെന്നൈ ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിനോടു കണ്ണുമായി ബന്ധപ്പെട്ട മരുന്നുകളുടെ ഉൽപാദനം നിർത്തിവയ്ക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോളർ ആവശ്യപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രഗ് കൺട്രോളറും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനും നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നതു വരെ ഉൽപാദനം നിർത്തിവയ്ക്കാനാണ് നിർദേശം. തുള്ളിമരുന്ന് ഉപയോഗിച്ച ഒരാൾ യുഎസിൽ മരിച്ചെന്നും ഒരാൾക്കു കാഴ്ച നഷ്ടപ്പെട്ടെന്നും അൻപതിലേറെ പേർക്ക് അണുബാധ ഉണ്ടായെന്നുമാണു പരാതി.
ബാക്ടീരിയ മരുന്നിൽ കലർന്നതാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണു യുഎസ് ആരോഗ്യ വിഭാഗം പറയുന്നത്. പരാതി വ്യാപകമായതോടെ കമ്പനിയുടെ മരുന്ന് ഇറക്കുമതി നിരോധിച്ചിരുന്നു. വിപണിയിൽ നിന്നു കമ്പനി മരുന്നു പിൻവലിക്കുകയും ചെയ്തു.