ADVERTISEMENT

ചെന്നൈ ∙ മിഷോങ് ചുഴലിക്കാറ്റിന്റെ ഭീഷണി പൂർണമായി അകന്നെങ്കിലും നഗരത്തിന്റെ സമീപ മേഖലകൾ ഇപ്പോഴും ദുരിതത്തിൽ തന്നെ. സബേർബൻ, മെട്രോ സർവീസുകളും റോഡ് ഗതാഗതവും പുനഃരാരംഭിച്ച് ജനജീവിതം   സാധാരണ നില വീണ്ടെടുക്കുമ്പോഴും ഉൾവഴികളിലും നഗരപ്രാന്തങ്ങളിലും   വെള്ളക്കെട്ടിന്റെ കെടുതികൾ തുടരുന്നു. പലയിടത്തും ഭക്ഷണവും വെള്ളവും പോലും ലഭിക്കുന്നില്ലെന്ന പരാതിയുയർന്നു. നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. 

കൈപിടിച്ച് ഒപ്പം: വെള്ളക്കെട്ട് ഒഴിയാത്ത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ
കൈപിടിച്ച് ഒപ്പം: വെള്ളക്കെട്ട് ഒഴിയാത്ത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ

മഴ മാറിയതിനെ തുടർന്നു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണു കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്. പള്ളിക്കരണയിൽ മരിച്ച മുരുകന്റെ മ‍‍ൃതദേഹം മൂന്നു ദിവസത്തിനു ശേഷം ഇന്നലെ കണ്ടെത്തി. വടക്കൻ ചെന്നൈയിലെ പുളിയന്തോപ്പിൽ വീടുകൾക്കു ചുറ്റുമുള്ള വെള്ളക്കെട്ടുള്ള തെരുവുകളിൽ 3 മൃതദേഹങ്ങളെങ്കിലും കണ്ടതായി  പ്രദേശവാസികൾ ആരോപിച്ചു. വേളാച്ചേരിയിൽ മണ്ണിടിഞ്ഞു കുഴിയിൽ കുടുങ്ങിയ 2 യുവാക്കളെ ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. ദുരന്തം നേരിട്ടു വിലയിരുത്തുന്നതിന് എത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അടിയന്തര സഹായമായി 450 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചു. 

മഴക്കെടുതികൾ വിലയിരുത്താൻ ചെന്നൈയിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം കൈമാറുന്നു.
മഴക്കെടുതികൾ വിലയിരുത്താൻ ചെന്നൈയിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം കൈമാറുന്നു.

ചെന്നൈയിൽ വെള്ളപ്പൊക്കം തടയാനുള്ള 561.29 കോടി രൂപയുടെ ദീർഘകാല പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചു.5,060 കോടിയുടെ അടിയന്തര സഹായമാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ചെന്നൈ സെൻട്രൽ – എഗ്‌മൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നുമുതൽ ട്രെയിൻ സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 

ഒരു ദിവസത്തെ ശമ്പളവുമായി സിവിൽ സർവീസ് മേഖല
സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പിന്തുണയുമായി ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നൽകാൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് ഇരുവിഭാഗം അസോസിയേഷനുകളും അറിയിച്ചു.

ഇരുട്ടിൽ ജനം
വേളാച്ചേരി, ഒഎംആർ, പള്ളിക്കരണ തുടങ്ങി സ്ഥലങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുള്ളതിനാൽ ഇനിയും വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. തിങ്കൾ രാവിലെയാണു വൈദ്യുതി മുടങ്ങിയത്. മറ്റു പലയിടങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെങ്കിലും ചിലയിടങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. പല വീടുകളിലും വെള്ളം തീർന്നു. അതേസമയം, 90% സ്ഥലങ്ങളിലും വൈദ്യുതി ലഭിച്ചതായും ബാക്കി സ്ഥലങ്ങളിൽ ഇന്നു വിതരണം പുനഃസ്ഥാപിക്കുമെന്നും ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ അറിയിച്ചു.

തുടരുന്നു, കൊള്ള 
മഴക്കെടുതിയിൽ വലയുന്ന ജനത്തെ പിഴിയുന്ന സംഭവങ്ങൾ തുടരുന്നു. കാൻ വെള്ളം, പാൽ എന്നിവയ്ക്ക് 100 രൂപ വരെ ഈടാക്കുന്നതായി ജനം പരാതിപ്പെടുന്നു. പരമാവധി 35 രൂപ വരെയുള്ള കാനിനും 50 രൂപ വരെയുള്ള പാലിനുമാണ് നൂറോ അതിലേറെയോ രൂപ ഈടാക്കുന്നത്. പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ജനത്തിനു മേൽ ഇടിത്തീയായി മാറുകയാണ് ഈ കൊള്ള. പച്ചക്കറികളുടെ വിലയും ഉയർന്നതായി പരാതി ഉയരുന്നുണ്ട്. മഴ മാറിയതിനു പിന്നാലെ കോയമ്പേട് മൊത്തവിതരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരുന്നു. അതുകൊണ്ടു തന്നെ മാർക്കറ്റിൽ പച്ചക്കറി ലഭ്യമാണ്. എന്നിട്ടും സാധനങ്ങളുടെ കുറവും മറ്റും ചൂണ്ടിക്കാട്ടി അമിതവില ഈടാക്കുന്നതായാണു പരാതി.

പച്ചക്കറി, പാൽ അരികെയെത്തും
പച്ചക്കറികൾക്ക് അമിതവില ഈടാക്കുന്നത് തടയുന്നതിനായി ശക്തമായ നടപടികളുമായി സർക്കാർ. ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ പച്ചക്കറി എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന പച്ചക്കറി കടകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്നുമുതൽ ദിവസവും 100 വാഹനങ്ങളിൽ പച്ചക്കറി ജനങ്ങൾക്ക് എത്തിക്കുമെന്ന് കൃഷി മന്ത്രി എം.ആർ.കെ.പനീർസെൽവവും ദുരിതബാധിത പ്രദേശങ്ങളിൽ ഇന്ന് സൗജന്യമായി പാൽ വിതരണം ചെയ്യുമെന്ന് ചീഫ് സെക്രട്ടറി ശിവദാസ് മീണയും അറിയിച്ചു. 14.5 ലക്ഷം ലീറ്റർ ആവിൻ പാലും 34,000 പാൽപൊടി പാക്കറ്റുകളും ഇന്നലെ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

സ്കൂൾ, കോളജ് അവധി ഇന്നും
 നഗരത്തിലെയും സമീപ പ്രദേശത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിൽ വെള്ളക്കെട്ടു കൂടുതലുള്ള താലൂക്കുകളിലും അവധിയായിരിക്കും.മഴയ്ക്കു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതൽ അധ്യയനം മുടങ്ങിയ  സ്ഥാപനങ്ങൾ 11ന് മാത്രമേ വീണ്ടും തുറക്കുകയുള്ളൂ. മിക്ക സ്കൂളുകളിലും പരിസരങ്ങളിലും വെള്ളക്കെട്ടു രൂപപ്പെടുകയും ക്ലാസ് മുറികളിലടക്കം വെള്ളം കയറുകയും ചെയ്ത പശ്ചാത്തലത്തിലാണ്  നടപടി.

പ്രധാന നിർദേശങ്ങൾ

∙ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി 

പ്രധാനാധ്യാപകർ സ്‌കൂളിലെത്തി 

പരിശോധനകൾ നടത്തണം

∙ സ്കൂൾ പരിസരം നന്നായി വൃത്തിയാക്കണം

∙ സ്കൂൾ പരിസരങ്ങളും ക്ലാസ് മുറികളും 

പരിശോധിച്ച് വിഷജന്തുക്കൾ ഇല്ലെന്ന് 

ഉറപ്പാക്കണം.

∙ സ്കൂൾ വളപ്പിലെ ജലസംഭരണികളും 

കിണറുകളും അടച്ചിടണം

∙ ശുദ്ധജല ടാങ്കുകൾ അണുനാശിനി 

ഉപയോഗിച്ച് വൃത്തിയാക്കണം.

∙ സ്കൂളിലെത്തുന്ന വിദ്യാർഥികൾ 

ചുറ്റുമതിലിനു സമീപത്തേക്കും 

കിണറുകൾക്കും ജലസംഭരണികൾക്കും 

അടുത്തേക്കും പോകുന്നത് തടയണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com