ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ രണ്ടാം വിമാനത്താവളം നിർമിക്കാൻ കണ്ടെത്തിയ പരന്തൂരിലെ നിർദിഷ്ട സ്ഥലത്തിനു കേന്ദ്രാനുമതി (സൈറ്റ് ക്ലിയറൻസ്) ലഭിച്ചതോടെ യാഥാർഥ്യത്തിലേക്ക് പറന്നടുത്ത് പുതിയ വിമാനത്താവള സ്വപ്നങ്ങൾ.സ്ഥലത്തിനുള്ള അനുമതി എന്ന കടമ്പ താണ്ടിയതോടെ ബാക്കിയുള്ള അനുമതികളും വേഗത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണു സർക്കാർ. നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള പരന്തൂരിൽ വിമാനത്താവളം നിർമിക്കുന്നതിനെതിരെ പ്രദേശവാസികൾ കടുത്ത എതിർപ്പ് തുടരുന്നതിനിടെയാണു പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്.

ഇനിയും കടമ്പകൾ
മീനമ്പാക്കം രാജ്യാന്തര വിമാനത്താവളത്തിൽ തിരക്കേറിയതോടെയാണു പുതിയ വിമാനത്താവളമെന്ന സ്വപ്നത്തിനു ചിറകു വിരിഞ്ഞത്. ഇതിനായി 4 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും നറുക്കു വീണത് പരന്തൂരിനായിരുന്നു. തമിഴ്നാട് വ്യവസായ വികസന കോർപറേഷന്റെ (ടിഡ്കോ) നേതൃത്വത്തിലാണു വിമാനത്താവളം നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. സ്ഥലത്തിന് അനുമതിക്കായി 2022 ഓഗസ്റ്റിൽ ടിഡ്കോ കേന്ദ്ര വ്യോമയാന വകുപ്പിന് അപേക്ഷ നൽകി. എന്നാൽ 2 വർഷമായിട്ടും കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് ലഭിക്കാത്തതിനാൽ ഡിഎംകെ എംപി പി.വിൽസൺ ഇക്കാര്യം കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഉന്നയിച്ചു. ഇതിനു മറുപടിയായി, സ്ഥലത്തിന് അനുമതി ലഭിച്ചതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു.രണ്ടാം വിമാനത്താവള സ്വപ്നം യാഥാർഥ്യമാകുന്നതിനു രണ്ടു കടമ്പകളാണ് ഇനി ബാക്കി. പദ്ധതിക്കു തത്വത്തിലുള്ള കേന്ദ്രാനുമതിയാണ് ആദ്യത്തേത്. തുടർന്ന് ലൈസൻസ് ലഭിക്കുന്നതിനായി വ്യോമയാന ഡയറക്ടർ ജനറലിനെ (ഡിജിസിഎ) സമീപിക്കാം. ലൈസൻസ് ലഭിക്കുന്നതോടെ വിമാനത്താവള നിർമാണവും പ്രവർത്തനങ്ങളുമായി ടിഡ്കോയ്ക്കു മുൻപോട്ടു പോകാം.

വിമാനത്താവളത്തിൽ എത്താൻ മെട്രോ
മീനമ്പാക്കത്ത് നിന്ന് 60 കിലോമീറ്റർ അകലെയാണു പരന്തൂർ. തിരക്കുള്ള സമയത്ത് 2 മണിക്കൂറാണ് നഗരത്തിലേക്കുള്ള യാത്രാ സമയം. പരന്തൂരും നഗരവും തമ്മിലുള്ള ദൂരം കൂടുതലായതിനാൽ വിമാനത്താവളത്തിലേക്കു മെട്രോ സർവീസ് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അന്തിമ അനുമതി ലഭിച്ചിട്ടില്ലെങ്കിലും പൂനമല്ലിയിൽ നിന്നു പരന്തൂരിലേക്കു സർവീസ് നീട്ടാനാണ് ആലോചന. ഇതോടെ കുറഞ്ഞ സമയം കൊണ്ടു യാത്രക്കാർക്കു നഗരത്തിലേക്കും തിരിച്ചും എത്താനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com