അര ലീറ്റർ പാമ്പിൻ വിഷത്തിന് ഒന്നരക്കോടി രൂപ; 3 വർഷം കൊണ്ട് അഞ്ചരക്കോടിയിലധികം, അധിക വിഷം അമൃത്
Mail This Article
ചെന്നൈ ∙ 3 വർഷം കൊണ്ട് പാമ്പിൻ വിഷം വിറ്റ് അഞ്ചരക്കോടിയിലധികം രൂപ നേടി വടനെമ്മിലിയിലെ ഇരുള സമുദായാംഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘമായ സ്നേക് പാർക്. പാമ്പുകടിക്കുന്നവരെ ചികിത്സിക്കാനുള്ള ആന്റിവെനം തയാറാക്കാനാണ് വിഷം ഉപയോഗിക്കുന്നത്. മൂർഖൻ, അണലി തുടങ്ങിയ വിഷപ്പാമ്പുകളിൽ നിന്നു ശേഖരിക്കുന്ന വിഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആന്റിവെനം നിർമാണ കമ്പനികൾക്കാണ് വിൽക്കുന്നത്. പ്രതിവർഷം ശരാശരി 500 ഗ്രാം വിഷമെങ്കിലും ഇവിടെ ശേഖരിക്കുന്നു.
അര ലീറ്റർ പാമ്പിൻ വിഷത്തിന് ഒന്നരക്കോടി രൂപയോളമാണു വില. 3 വർഷം കൊണ്ട് 1,807 ഗ്രാം വിഷമാണ് ഇവിടെ നിന്ന് വിറ്റത്. അഞ്ചരക്കോടി രൂപയാണ് ഈ ഇനത്തിൽ ലഭിച്ചത്. ചെലവുകളെല്ലാം കഴിച്ച് രണ്ടരക്കോടി രൂപയോളം ലാഭം കിട്ടി. എന്നാൽ വിഷത്തെ വിഷം കൊണ്ട് പ്രതിരോധിക്കുന്ന പ്രവർത്തനത്തിന് ഇവരുടെ സേവനം വിലമതിക്കാനാകാത്തതാണ്.
ഇന്ത്യയിൽ പ്രതിവർഷം 50,000 ആളുകളെങ്കിലും പാമ്പുകടിയേറ്റ് മരിക്കുന്നുണ്ടെന്നാണ് കണക്ക്. പാമ്പുകടിയേറ്റവരെ ചികിത്സിക്കാനുള്ള ഏക മാർഗം ആന്റിവെനം നൽകലാണ്. രാജ്യത്ത്് 6 കമ്പനികളാണ് ആന്റിവെനം നിർമിക്കുന്നത്. 1.5 മില്യൻ വയൽ ആന്റിവെനമാണ് ഇവ നിർമിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇരുളർ ശേഖരിക്കുന്ന വിഷം ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.
കൈവശം 800 പാമ്പുകൾ വരെ
ഇരുള ഗോത്രത്തിൽപ്പെട്ട ആളുകളുടെ പരമ്പരാഗത തൊഴിലായ പാമ്പു പിടിത്തം ഉപജീവനത്തിന് ഉതകുന്ന തരത്തിൽ ഉപയോഗപ്പെടുത്താനാണ് തമിഴ്നാട് സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിൽ 1978ൽ പാമ്പു പിടിത്തക്കാരുടെ സഹകരണ സംഘം രൂപീകരിച്ചത്. സംഘത്തിന്റെ നേതൃത്വത്തിലാണ് മഹാബലിപുരത്തിനു സമീപം വടനെമ്മിലിയിൽ സ്നേക് പാർക് ആരംഭിച്ചത്.
തിരുപ്പോരൂർ, മഹാബലിപുരം, തിരുക്കലുകുണ്ട്രം പ്രദേശങ്ങളിലെ ഇരുള സമുദായംഗങ്ങളാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ.ഒരേ സമയം 800 പാമ്പുകളെ സൂക്ഷിക്കാനുള്ള ലൈസൻസാണ് സ്നേക് പാർക്കിനുള്ളത്. ഒരു പാമ്പിനെ പരമാവധി 21 ദിവസം വരെയാണ് ഇവിടെ സൂക്ഷിക്കുക. ഇതിനിടെ 4 തവണ വിഷം ശേഖരിക്കും. തുടർന്ന് ഇവയെ വനത്തിൽ തുറന്നുവിടും. ഉടൻ തന്നെ ഇവയെ വീണ്ടും പിടികൂടുന്നത് ഒഴിവാക്കാൻ ചെറിയൊരു അടയാളമിട്ടാണ് തുറന്നു വിടുക.മുൻപ് തോലെടുക്കാനായി പാമ്പിനെ വേട്ടയാടുകയായിരുന്നു ഇരുളരുടെ പതിവ്.
വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നതോടെ ഇത് നിയമവിരുദ്ധമായി. ഇതേത്തുടർന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ട് പട്ടിണിയിലായി ഗോത്രവിഭാഗത്തിന് സഹായമായത് മദ്രാസ് ക്രോക്കഡൈൽ ബാങ്ക് സ്ഥാപകൻ റൊമുലസ് വിറ്റാക്കറുടെ ഇടപെടലാണ്. ക്രോക്കഡൈൽ ബാങ്കിനുള്ളിൽ സ്നേക് പാർക്കിന് സ്ഥലം അനുവദിച്ചതും സഹകരണ സംഘം ആരംഭിച്ചതും ഇദ്ദേഹത്തിന്റെ മുൻകയ്യിലായിരുന്നു.