ADVERTISEMENT

ചെന്നൈ ∙ ഒരു രാത്രിയും പകലും വിറപ്പിച്ചു പെയ്തിറങ്ങിയ മഴയിൽനിന്ന് ആശ്വാസതീരത്തേക്കു തുഴഞ്ഞ് നഗരം. ഇന്നലെ മഴ മാറി നിന്നതോടെ ‍നഗരത്തിലെ താഴ്ന്ന മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ട് പൂർണമായും നീങ്ങി. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ മഴയുണ്ടാകില്ലെന്നാണു പ്രതീക്ഷ.കാറ്റിന്റെ ദിശയും വേഗവും മൂലം ന്യൂനമർദ മേഖലയുടെ സഞ്ചാരപാതയിൽ വ്യത്യാസമുണ്ടായതോടെയാണു മഴ ഒഴിവായത്. തീവ്രന്യൂനമർദം ഇന്നു പുലർച്ചെ ആന്ധ്രയിലെ നെല്ലൂരിനും പുതുച്ചേരിക്കും ഇടയിൽ കരതൊടും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും ഇന്നു വീണ്ടും സജീവമാകും. അതേസമയം, ചൊവ്വാഴ്ച 6.8 മില്ലി മീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 143.3 മില്ലി മീറ്റർ മഴ പെയ്തതായി ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതു പ്രതീക്ഷിച്ചതിലും 21 മടങ്ങ് അധികമാണെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

മുല്ലൈ നഗറിൽ വെള്ളക്കെട്ടുള്ള റോഡിലൂടെ ബോട്ടിൽ യാത്ര ചെയ്യുന്നവർക്കൊപ്പം എതിർവശത്തൂകൂടെ കാറിൽ പോകുന്നവർ
മുല്ലൈ നഗറിൽ വെള്ളക്കെട്ടുള്ള റോഡിലൂടെ ബോട്ടിൽ യാത്ര ചെയ്യുന്നവർക്കൊപ്പം എതിർവശത്തൂകൂടെ കാറിൽ പോകുന്നവർ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 2 പേർ മരിച്ചു. പഴനിയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണു തലയ്ക്കു പരുക്കേറ്റ വീട്ടമ്മയും പെരിയമേട്ടിൽ വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിയുമാണു കൊല്ലപ്പെട്ടത്. മഴ മാറിയെങ്കിലും ചെന്നൈയിലും സമീപത്തെ 3 ജില്ലകളിലും ഇന്നു രാവിലെ വരെ റെഡ് അലർ‌ട്ടുണ്ട്. തീവ്രന്യൂനമർദം കര തൊടുന്നതു വരെ ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാലാണു റെഡ് അലർട്ട് പിൻവലിക്കാത്തതെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

ദുരിതത്തിൽനിന്ന് കരകയറി നഗരം
തുടർമഴയും വെള്ളക്കെട്ടും ബാധിച്ചതോടെ ദുരിതത്തിലായ നഗരം ഇന്നലെ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. വെള്ളക്കെട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ കോർപറേഷന്റെ നേതൃത്വത്തിൽ മോട്ടർ ഉപയോഗിച്ചു വെള്ളം വറ്റിക്കാനുള്ള തീവ്രശ്രമങ്ങൾ നടന്നു. വെള്ളം ഇറങ്ങിപ്പോകാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ബോട്ട് ഉപയോഗിച്ചു താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. മുന്നൊരുക്കങ്ങളുടെ ഭാഗമായി കോർപറേഷൻ നേരത്തെ കരുതിയ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു.

ഇതിനിടെ, മഴ പൂർണമായി വിട്ടുനിന്നത് വ്യാപാര, വാണിജ്യ മേഖലകൾക്ക് ആശ്വാസമായി. സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിട്ടുണ്ടെങ്കിലും മഴ ഒഴിഞ്ഞതിനാൽ കുറെ പേർ ഓഫിസിലെത്തി. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ചായക്കടകൾ അടക്കമുള്ള ഭക്ഷ്യശാലകൾ പതിവു പോലെ പ്രവർത്തിച്ചതിനാൽ പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. വലിയ മഴ വരുമെന്നു ഭയന്നു ജനം സാധനങ്ങൾ വാങ്ങിക്കൂട്ടിയതിനാൽ കടകൾ ചൊവ്വാഴ്ച വൈകിട്ട് കാലിയായി.

എംആർസി നഗറിൽ റോഡിൽ നിറഞ്ഞ വെള്ളം മോട്ടറുകൾ ഉപയോഗിച്ച് പമ്പ് ചെയ്തു കളയുന്ന കോർപറേഷൻ തൊഴിലാളികൾ
എംആർസി നഗറിൽ റോഡിൽ നിറഞ്ഞ വെള്ളം മോട്ടറുകൾ ഉപയോഗിച്ച് പമ്പ് ചെയ്തു കളയുന്ന കോർപറേഷൻ തൊഴിലാളികൾ

എന്നാൽ ഇന്നലെ സാധനങ്ങൾ ലഭ്യമായി. ചൊവ്വാഴ്ച വിതരണം നിർത്തിവച്ച സ്വിഗ്ഗി, സെപ്റ്റോ പോലുള്ള ഓൺലൈൻ വിതരണ കമ്പനികൾ ഇന്നലെ രാവിലെ മുതൽ വീണ്ടും സജീവമായി. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാനായി ‘അമ്മ ഉണവക’ങ്ങളിൽ നിന്നു സർക്കാർ സൗജന്യമായി ഭക്ഷണം ലഭ്യമാക്കി. 

വടക്കൻ മേഖല വെള്ളക്കെട്ടിൽ
നഗരത്തിലെ പല ഭാഗങ്ങളിലെയും വെള്ളക്കെട്ട് ഒഴിവായെങ്കിലും വടക്കൻ മേഖലയിൽ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. പട്ടാളം, പുളിയന്തോപ്പ്, വ്യാസർപാടി തുടങ്ങിയ സ്ഥലങ്ങളിലാണു വെള്ളക്കെട്ട് തുടരുന്നത്. എല്ലാ മഴക്കാലത്തും ഇവിടെ വെള്ളക്കെട്ട് സ്ഥിരമാണെങ്കിലും കോർപറേഷന്റെ നേതൃത്വത്തിൽ മഴവെള്ള ഓടകളുടെ നിർമാണം വ്യാപിപ്പിച്ചതിനാൽ ഇത്തവണ പ്രശ്നമുണ്ടാകില്ലെന്നായിരുന്നു പ്രദേശവാസികളുടെ പ്രതീക്ഷ. എന്നാൽ പതിവു പോലെ വീടുകളും റോഡുകളും ഇപ്പോഴും വെള്ളത്തിലാണ്. തെക്കൻ ചെന്നൈയിലെ പള്ളിക്കരണയിലും വെള്ളക്കെട്ട് ദുരിതം ഇപ്പോഴും തുടരുകയാണ്.

തീവ്രന്യൂനമർദം ഇന്ന് കരതൊടും
വ്യാപക മഴയ്ക്കു കാരണമായ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്നു രാവിലെ പുതുച്ചേരിക്കും ആന്ധ്രയിലെ നെല്ലൂരിനും ഇടയിൽ കര തൊടുമെന്ന് മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ചെന്നൈ, തിരുവള്ളൂർ അടക്കമുള്ള വടക്കൻ ജില്ലകളിലും പുതുച്ചേരിയിലും ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം, ചുഴലിക്കാറ്റ് ഭീഷണിയില്ലെന്നും ആശങ്ക വേണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഗതാഗതം സാധാരണ നിലയിൽ
കാലാവസ്ഥ അനുകൂലമായതോടെ നഗര ഗതാഗതം സാധാരണ നിലയിലേക്കു തിരിച്ചെത്തി. സബേർബൻ, എംആർ‌ടിഎസ് ട്രെയിൻ സർവീസുകൾ ഇന്നു പതിവു പോലെ പ്രവർത്തിക്കും. ബേസിൻ ബ്രിജ് ഭാഗത്തെ വെള്ളക്കെട്ട് പരിഹരിച്ചതിനാൽ ദീർഘദൂര ട്രെയിനുകൾ സെൻട്രൽ സ്റ്റേഷനിൽനിന്നു പുറപ്പെടും. വിമാന സർവീസുകൾക്കും തടസ്സങ്ങളില്ല. മെട്രോ ട്രെയിൻ സർവീസുകൾ ഇന്നുമുതൽ അതത് ദിവസങ്ങളിലെ ടൈംടേബിൾ അനുസരിച്ചാകും ഓടുകയെന്ന് സിഎംആർഎൽ അറിയിച്ചു. മഴയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ടൈംടേബിളിൽ മാറ്റം വരുത്തിയിരുന്നു.

വിചിത്രവാദവുമായിദേശിക സ്വാമികൾ
യുവാക്കളിൽ ഭക്തി കുറഞ്ഞതാണ് ഇടയ്ക്കിടെ മഴക്കെടുതി ഉണ്ടാകാനുള്ള കാരണമെന്ന വിചിത്ര വാദവുമായി മധുര അധീനം ജ്ഞാന സംബന്ധ ദേശിക സ്വാമികൾ. ക്ഷേത്രഭൂമി പാട്ടത്തിനെടുത്തു കച്ചവടം നടത്തുന്നവർ പാട്ടത്തുക നൽകാതെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകാൻ വിസമ്മതിച്ചു.

അലർട്ട്  മഴയ്ക്ക്; വലച്ചത് വെയിൽ
നഗരത്തിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ വലിയ ആശങ്കയിലായിരുന്നു ജനം. എന്നാൽ രാവിലെ മുതൽ മഴ മാറിനിൽക്കുകയും പകൽ വെയിൽ ലഭിക്കുകയും ചെയ്തതോടെ നഗരവാസികൾക്ക് ആകെ ആശയക്കുഴപ്പം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. അതേസമയം, റെഡ് അലർട്ട് എന്നത് ഒന്നോ രണ്ടോ മണിക്കൂറിലേക്കോ ഏതെങ്കിലും പ്രദേശങ്ങൾക്കോ മാത്രമായല്ലെന്നും ഒരു ജില്ലയിൽ ഒരു ദിവസത്തേക്ക് പ്രഖ്യാപിക്കുന്നതാണെന്നും കാലാവസ്ഥാ കേന്ദ്രം അധികൃതർ വ്യക്തമാക്കി.

റെഡ് അലർട്ട് ഉണ്ടെന്നു കരുതി എല്ലായിടത്തും അതിതീവ്ര മഴ ലഭിക്കണമെന്നില്ല. കാറ്റിന്റെ ദിശ, വേഗം എന്നിവയിലുള്ള മാറ്റത്തിനനുസരിച്ച് അവ അനുഭവപ്പെടുന്നതിൽ വ്യത്യാസമുണ്ടാകും. ന്യൂനമർദം ശക്തമായി തുടരുന്നതിനാലും വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിനാലുമാണ് ചെന്നൈ അടക്കമുള്ള ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും നിലവിലുള്ള കാലാവസ്ഥ സ്വഭാവത്തിനനുസരിച്ച് ജാഗ്രതാ നിർദേശം നൽകുകയാണ് ചെയ്തതെന്നും പറഞ്ഞു.

ആവിൻ വിറ്റത് 1.5 ലക്ഷം ലീറ്റർ അധികം പാൽ
മഴ കനത്ത ചൊവ്വാഴ്ച നഗരത്തിൽ ആവിൻ വിറ്റഴിച്ചത് സാധാരണയിലും 1.5 ലക്ഷം ലീറ്റർ കൂടുതൽ പാൽ. പ്രതിദിനം 14.50 ലക്ഷം ലീറ്റർ പാലാണ് ആവിൻ നഗരത്തിൽ വിതരണം ചെയ്യുന്നത്. എന്നാൽ ചൊവ്വാഴ്ച 16 ലക്ഷം ലീറ്റർ പാൽ വിൽപന നടത്തിയതായാണ് കണക്ക്. കനത്ത മഴയിലും തടസ്സമില്ലാതെ പാൽ വിതരണം നടത്താൻ കഴിഞ്ഞതായി ആവിൻ അധിക‍ൃതർ പറഞ്ഞു.

മഴ പാൽ വിതരണത്തെ ബാധിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. പാൽ വിതരണത്തിനു മാത്രമായി ഇരുനൂറിലധികം വാഹനങ്ങളും പാലുൽപ്പന്നങ്ങൾക്കായി 31 വാഹനങ്ങളും ഏർപ്പെടുത്തി. മറ്റു ജില്ലകളിൽ നിന്ന് ആവശ്യാനുസരണം പാലും പാൽപ്പൊടിയും എത്തിക്കാനും സംവിധാനം ഏർപ്പെടുത്തി.

English Summary:

chennai is recovering after a deluge of rain. Floodwaters have receded from most areas, bringing much-needed relief to residents. Low-lying areas remain affected as the city focuses on recovery efforts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com