ചെന്നെയിലെ മഴ മുതലാക്കി കച്ചവടക്കാർ; പാൽ, ബ്രെഡ്, ബിസ്കറ്റ് തുടങ്ങിയവ വിറ്റഴിഞ്ഞത് വളരെ വേഗത്തിൽ
Mail This Article
ചെന്നൈ ∙ കനത്ത മഴയും വെള്ളക്കെട്ടും പേടിച്ച് പലരും സാധനങ്ങൾ വാങ്ങിക്കൂട്ടിയതോടെ ഒട്ടേറെപ്പേർക്ക് അവശ്യസാധനങ്ങൾ ലഭിക്കാതെയായി. പാലും ബ്രെഡും ബിസ്കറ്റും അടക്കമുള്ളവയാണ് പലരും അമിതമായ അളവിൽ വാങ്ങി സംഭരിച്ചത്. ഇതോടെയാണ് ആവശ്യക്കാരായ പലർക്കും സാധനങ്ങൾ കിട്ടാത്ത അവസ്ഥയുണ്ടായത്. പല കടകളിലും ഇന്നലെയാണ് മിക്ക സാധനങ്ങളും വീണ്ടും സ്റ്റോക്ക് ചെയ്തത്. മഴ മുന്നറിയിപ്പ് വന്ന പിന്നാലെ തന്നെ സൂപ്പർമാർക്കറ്റുകളിലും പലചരക്ക് കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ പെയ്യുമെന്ന അറിയിപ്പിനെ തുടർന്ന് ഞായറാഴ്ച തന്നെ പലരും വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ ശേഖരിക്കാൻ ആരംഭിച്ചിരുന്നു. രണ്ടാഴ്ചത്തേക്കുള്ള സാധനങ്ങൾ വരെ വാങ്ങിയവരുണ്ടെന്നാണ് കടക്കാർ പറയുന്നത്. ബുധനാഴ്ച റെഡ് അലർട്ടാണെന്ന് വാർത്ത കൂടി വന്നതോടെ ആവശ്യക്കാർ കൂടി.
മഴ മുതലാക്കി കച്ചവടക്കാരും
മെഴുകുതിരികളും തീപ്പെട്ടികളും അന്വേഷിച്ച് ഒട്ടേറെപ്പേരാണ് എത്തിയതെന്ന് പുരുഷവാക്കത്ത് പലചരക്ക് കട നടത്തുന്ന സെൽവരാജ് പറഞ്ഞു. കടയിലുണ്ടായിരുന്ന തിരികൾ തിങ്കളാഴ്ച വൈകിട്ടോടെ തീർന്നു. മഴ കനത്താൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കുമെന്ന സാധ്യത മുന്നിൽക്കണ്ടായിരുന്നു തിരികൾ ശേഖരിക്കാനുള്ള നെട്ടോട്ടം. ഒരു രൂപയ്ക്കും 2 രൂപയ്ക്കും വിറ്റിരുന്ന തിരികൾ, ആവശ്യക്കാർ ഏറിയതോടെ 5 രൂപയ്ക്കും 10 രൂപയ്ക്കുമാണ് ചില കടക്കാർ വിറ്റത്.
മിക്ക സൂപ്പർമാർക്കറ്റുകളിലും പാലും പച്ചക്കറികളും ബ്രെഡും അടക്കമുള്ളവ തിങ്കളാഴ്ച വൈകിട്ടോടെ പൂർണമായും വിറ്റഴിഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് ചില കടക്കാർ സാധനങ്ങൾ വാങ്ങുന്നതിനു പരിധി നിശ്ചയിച്ചിരുന്നു. ഓൺലൈൻ വിതരണ ശൃംഖലകളിലും സാധനങ്ങൾ തീർന്നിരുന്നു. ചൊവ്വാഴ്ച മഴ കനത്തതോടെ വിതരണവും മുടങ്ങി. പത്തിലേറെ കടകളിൽ കയറിയിറങ്ങിയിട്ടും ആവശ്യമുള്ള ഉൽപന്നങ്ങൾ ലഭ്യമായില്ലെന്ന് ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മഴയെത്തുടർന്ന് പല മത്സ്യ, മാംസ കടകളും അടച്ചിട്ടതും തിരിച്ചടിയായെന്നു നഗരവാസികൾ പറഞ്ഞു.
അടഞ്ഞുകിടന്നു, ഭക്ഷണശാലകൾ
മഴദിനങ്ങളിൽ കച്ചവടം വളരെ കുറഞ്ഞതായി ഹോട്ടലുടമകൾ പറഞ്ഞു. ചൊവ്വാഴ്ച ഓൺലൈൻ വിതരണം പോലും നടന്നില്ലെന്ന് മുഗപ്പെയറിൽ ‘കോട്ടയം കഫേ’ ഹോട്ടൽ നടത്തുന്ന എം.വി.അജയൻ പറഞ്ഞു.‘തിങ്കളാഴ്ച തന്നെ ആളുകൾ കടയിലെത്താതെയായി. ഓൺലൈൻ ഓർഡറുകളും കുറവായിരുന്നു. വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച കട അടച്ചിടുകയായിരുന്നു. പച്ചക്കറികൾ അടക്കമുള്ള പല ഉൽപന്നങ്ങളും നശിച്ചു. മഴ കുറഞ്ഞതോടെ ബുധനാഴ്ച കട തുറന്നു.
ബിരിയാണിയും ഫാസ്റ്റ്ഫുഡ് ഇനങ്ങളും മാത്രമായിരുന്നു അന്നത്തെ വിഭവങ്ങൾ. ഇറച്ചിയും മീനും അടക്കമുള്ളവയുടെ ലഭ്യതക്കുറവ് ബുദ്ധിമുട്ടുണ്ടാക്കി. 3 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന ഇൻവെർട്ടറാണ് കടയിലുള്ളത്. അടിക്കടി ഉണ്ടാകുന്ന മഴക്കെടുതികൾ കണക്കിലെടുത്ത് ജനറേറ്റർ സംവിധാനം സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. ഇടത്തരം ഹോട്ടലുകൾ നടത്തുന്നവരെയാണ് മഴയും വെള്ളപ്പൊക്കവും ഏറ്റവും കൂടുതൽ ബാധിക്കുന്നത്’– അജയൻ പറഞ്ഞു.
1.28 ലക്ഷം പേർക്ക് സൗജന്യ ഭക്ഷണം
16, 17 തീയതികളിൽ അമ്മ ഉണവകങ്ങൾ വഴി സൗജന്യമായി വിതരണം ചെയ്ത ഭക്ഷണം കഴിച്ചത് 1.28 ലക്ഷം പേരെന്ന് കണക്കുകൾ. ദുരിതാശ്വാസക്യാംപുകളിൽ കഴിയുന്നവർക്ക് നൽകിയ ഭക്ഷണത്തിനു പുറമേയാണിത്. 16ന് രാവിലെ മാത്രം 78,557 പേർ ഭക്ഷണം കഴിച്ചു. വൈകിട്ട് 29,316 പേരാണ് സൗജന്യ ഭക്ഷണം കഴിച്ചത്. 14,84,735 ഭക്ഷണ പാക്കറ്റുകൾ ദുരിതബാധിത മേഖലകളിലും വിതരണം ചെയ്തിരുന്നു.
വെള്ളക്കെട്ടുണ്ടായത് 542 ഇടങ്ങളിൽ
∙ നഗരത്തിൽ 542 സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതായി കോർപറേഷൻ അധികൃതർ അറിയിച്ചു. ഇവിടങ്ങളിലെല്ലാം തന്നെ മോട്ടറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു കളഞ്ഞു. 22 അടിപ്പാതകളിലും വെള്ളക്കെട്ടുണ്ടായി. ചൊവ്വാഴ്ച വൈകിട്ടോടെ പകുതിയോളം അടിപ്പാതകൾ ഗതാഗത യോഗ്യമാക്കി. ബുധനാഴ്ച രാവിലെ മറ്റു പാതകളും തുറന്നു. 300 ദുരിതാശ്വാസ ക്യാംപുകളാണ് നഗരത്തിൽ സജ്ജമാക്കിയത്. 304 മെഡിക്കൽ ക്യാംപുകളും സംഘടിപ്പിച്ചു.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘങ്ങൾ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലെ മിക്ക ദുരിതബാധിത സ്ഥലങ്ങളിലും സന്ദർശനം നടത്തുകയും ദുരിതാശ്വാസ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തു. കൊളത്തൂരിൽ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർക്ക് വ്യാഴാഴ്ച മുഖ്യമന്ത്രി നേരിട്ടെത്തി ഭക്ഷണം വിതരണം ചെയ്യുകയും അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കോർപറേഷൻ ജീവനക്കാരെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല.