സിങ്കാര ചെന്നൈ കാർഡ് എടുക്കാം ഈസിയായി
Mail This Article
ചെന്നൈ ∙ മെട്രോ യാത്രക്കാർക്ക് സിങ്കാര ചെന്നൈ കാർഡ് ലഭിക്കുന്നതിനുള്ള നടപടികൾ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) ലളിതമാക്കി. മൊബൈൽ ഫോൺ നമ്പറിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ച് മെട്രോ സ്റ്റേഷനുകളിൽനിന്ന് ഉടൻ കാർഡ് ലഭിക്കുമെന്ന് സിഎംആർഎൽ അറിയിച്ചു. യാത്രക്കാരുടെ വിശദ വിവരങ്ങൾ അടങ്ങുന്ന കെവൈസി റജിസ്ട്രേഷൻ നടത്തിയ ശേഷമാണു നേരത്തെ കാർഡ് ലഭിച്ചിരുന്നത്. പുതിയ സംവിധാനം എല്ലാ സ്റ്റേഷനുകളിലും ലഭ്യമാണ്.
സിങ്കാര ചെന്നൈ എന്നറിയപ്പെടുന്ന നാഷനൽ കോമൺ മൊബിലിറ്റി കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യുന്നവർക്ക് 20 ശതമാനം നിരക്കിളവ് ലഭിക്കും. എൻസിഎംസി കാർഡ് ഉപയോഗിച്ചു രാജ്യത്തെ മറ്റു മെട്രോ ട്രെയിനുകളിലും യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രത്തിലും കാർഡ് ഉപയോഗിക്കാം. ട്രാവൽ കാർഡ്, ക്യുആർ കോഡ് ടിക്കറ്റ് എന്നിവയ്ക്കും വാട്സാപ്, പേയ്ടിഎം, ഫോൺപേ എന്നിവ വഴി ടിക്കറ്റ് എടുക്കുന്നവർക്കും 20 ശതമാനം നിരക്കിളവ് ലഭിക്കും. വാട്സാപ്പിലൂടെ ടിക്കറ്റ് എടുക്കാൻ 83000 86000.