ADVERTISEMENT

ചെന്നൈ ∙ ബ്രോഡ്‌വേ ബസ് ടെർമിനസ് നവീകരിക്കുന്നതിനു മുന്നോടിയായി, ടെർമിനസ‌ിന്റെ പ്രവർത്തനം റോയപുരം എൻആർടി മേൽപ്പാലത്തിനു സമീപത്തേക്ക് മാറ്റും. ഐലൻഡ് ഗ്രൗണ്ടിലേക്ക് മാറ്റാനായിരുന്നു ആദ്യ തീരുമാനം. ഈ നീക്കം ഉപേക്ഷിച്ചതായും റോയപുരത്ത് താൽക്കാലിക ടെർമിനസ് നിർമിക്കാൻ കരാർ ക്ഷണിച്ചതായും കോർപറേഷൻ അധിക‍ൃതർ അറിയിച്ചു. ചെന്നൈ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ റോയപുരത്തുള്ള 7 ഏക്കർ സ്ഥലത്ത് 3.42 കോടി രൂപ ചെലവിലാണ് താൽക്കാലിക ടെർമിനസ് നിർമിക്കുക.

ഐലൻഡ് ഗ്രൗണ്ടിൽ കൂവം നദിയോടു ചേർന്ന് പാർക്ക് നിർമിക്കുന്നതടക്കമുള്ള വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് പദ്ധതിയിൽ മാറ്റം വരുത്തിയത്. മദ്രാസ് ഹൈക്കോടതിക്ക് എതിർവശത്തുള്ള ബസ് സ്റ്റാൻഡും സമീപത്തെ കെട്ടിടങ്ങളും പൊളിച്ച് ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ടെർമിനസ് നിർമിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള ബസുകൾ 2002 വരെ ബ്രോഡ്‌വേയിൽ നിന്നാണ് സർവീസ് നടത്തിയിരുന്നത്.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് കോയമ്പേടിൽ ബസ് ടെർമിനസ് നിർമിച്ചതോടെ ദീർഘദൂര ബസുകളുടെ പ്രവർത്തനം ഇവിടെനിന്ന് മാറ്റി. പിന്നീട് നഗരത്തിനുള്ളിൽ സർവീസ് നടത്തുന്ന മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) ബസുകളുടെ പ്രധാന ടെർമിനസായി ബ്രോഡ്‌വേ മാറി. ഏറ്റവും കൂടുതൽ എംടിസി സർവീസുകൾ നടത്തുന്നത് ഇവിടെ നിന്നാണ്.

മദ്രാസ് ഹൈക്കോടതിയും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളും ചെന്നൈ ഫോർട്ട്, ബീച്ച് റെയിൽവേ സ്റ്റേഷനുകളും സമീപത്തുള്ളതിനാൽ നഗരത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാൻഡായി ബ്രോഡ്‌വേ മാറി. 2002നു ശേഷം കാര്യമായ വികസന പ്രവർത്തനങ്ങൾ ബ്രോഡ്‌വേ ബസ് സ്റ്റാൻഡിൽ നടന്നില്ല. പ്രതിദിനം പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡ് നവീകരിക്കണമെന്ന നാളുകളായുളള ആവശ്യമാണ് യാഥാർഥ്യമാകുന്നത്. 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
വരുന്നത്  10 നില വ്യാപാര സമുച്ചയം

ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ടെർമിനസും വ്യാപാര സമുച്ചയവുമാണ് നിർമിക്കുക. ഓട്ടമാറ്റിക് ഗേറ്റുകളോടു കൂടിയ ബസ് ബേകളും യാത്രക്കാർക്കുള്ള ലോഞ്ചുകളും ഒരുക്കും. സ്റ്റാൻഡിനോട് ചേർന്നുള്ള കുർളകം കെട്ടിടം പൊളിച്ച് 10 നില സമുച്ചയം പണിയും. സബേർബൻ, മെട്രോ സ്റ്റേഷനുകളിലേക്ക് എത്താൻ 7 നടപ്പാലങ്ങളും സ്ഥാപിക്കും.

823 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടെർമിനസ് സമുച്ചയത്തിനായി തയാറാക്കിയ 4 രൂപരേഖകൾ അധിക‍ൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. റോയപുരത്തെ താൽക്കാലിക സംവിധാനം തയാറാകുന്നതോടെ ബ്രോഡ്‌വേയിലെ സ്റ്റാൻഡും കെട്ടിടങ്ങളും പൊളിക്കാൻ നടപടി തുടങ്ങും.

English Summary:

Chennai's bustling Broadway Bus Terminus is being prepped for renovation. Operations will be temporarily shifted to a new location near the Royapuram NRT Flyover, ditching earlier plans of using the Island Grounds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com