ADVERTISEMENT

ചെന്നൈ ∙ വെളുത്തുള്ളി വില വർധനയിൽ രുചി കുറഞ്ഞ് നഗരവാസികളുടെ ഭക്ഷ്യ വിഭവങ്ങൾ. ഏതാനും മാസങ്ങളായി ഉയർന്നു നിൽക്കുന്ന വെളുത്തുള്ളി വില ദീപാവലിക്കു ശേഷം വീണ്ടും കൂടാനാരംഭിച്ചതോടെ അടുക്കളകളിൽനിന്ന് വെളുത്തുള്ളി അപ്രത്യക്ഷമായിത്തുടങ്ങി. വിഭവങ്ങളിൽ ചേർക്കുന്ന വെളുത്തുള്ളിയുടെ അളവും ഗണ്യമായി കുറഞ്ഞു. സെപ്റ്റംബർ അവസാന വാരം മുതൽ കിലോയ്ക്ക് 360 രൂപയായി തുടരുന്ന വില ഇന്നലെ 380 രൂപയായി ഉയർന്നു. മഴക്കാലം ആരംഭിച്ചതിനാൽ വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാരും പറയുന്നു.

പതിവായി അരക്കിലോ വെളുത്തുള്ളി വാങ്ങിയിരുന്നത് കാൽക്കിലോയാക്കി കുറച്ചതായി പുരുഷവാക്കം താണാ സ്ട്രീറ്റിൽ താമസിക്കുന്ന കെ.കെ.വിനീത പറഞ്ഞു. സാമ്പാറും രസവുമടക്കം വീട്ടിലുണ്ടാക്കുന്ന മിക്ക കറികളിലും വെളുത്തുള്ളി നിർബന്ധമാണ്. ചിക്കൻ അടക്കമുള്ള സസ്യേതര വിഭവങ്ങൾക്കും വെളുത്തുള്ളി അരച്ചു ചേർക്കണം. വില കൂടിയതോടെ വെളുത്തുള്ളിക്കു പകരം കടയിൽ കിട്ടുന്ന ‘ജിഞ്ചർ ഗാർലിക് പേസ്റ്റ്’ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. വെളുത്തുള്ളി നേരിട്ട് അരച്ചു ചേർക്കുന്നതിന്റെ രുചിയും ഗുണവും കുറയുമെങ്കിലും വില മേലോട്ടു പോകുമ്പോൾ മറ്റു വഴികളില്ലെന്നാണ് വിനീതയുടെ അഭിപ്രായം.

ഹോട്ടലുകളും വെളുത്തുള്ളി ഉപയോഗം കുറച്ചതായി റോയപുരത്ത് ശ്രീ ഗീത കഫേ നടത്തുന്ന പ്രദീപ് പറഞ്ഞു. രസം, കുറുമ തുടങ്ങിയവയിലാണ് പ്രധാനമായും വെളുത്തുള്ളി കൂടുതൽ ചേർക്കുന്നത്. വില കൂടിയതോടെ അളവു കുറച്ചു ചേർത്താണ് വിഭവങ്ങൾ തയാറാക്കുന്നത്. ഉടഞ്ഞതും പൊട്ടിയതുമായ വെളുത്തുള്ളി വില കുറച്ചു കിട്ടുന്നതിനാൽ ഇത്തരം ഉൽപന്നങ്ങളാണ് ഹോട്ടലുകളിലെ വിഭവങ്ങൾ ഉണ്ടാക്കാൻ മിക്കവരും ഉപയോഗിക്കുന്നതെന്നും പ്രദീപ് പറഞ്ഞു.

English Summary:

The price of garlic in Chennai has skyrocketed after Diwali, reaching Rs. 380 per kilogram.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com