ചെന്നൈ നഗര വനവൽക്കരണം: ചൂടിനെ ചെറുക്കാൻ പദ്ധതി; തണൽക്കുട തുറക്കും
Mail This Article
ചെന്നൈ ∙ കടുത്ത ചൂടിൽ വിയർത്തൊലിക്കുന്ന നഗരവാസികൾക്കു പ്രതീക്ഷയേകി നഗര വനവൽക്കരണ പദ്ധതി. നഗരത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ മരങ്ങളും കുളങ്ങളും സ്ഥാപിക്കുന്ന പദ്ധതിയാണു വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കാനൊരുങ്ങുന്നത്. തഴച്ചുവളരുന്ന മരങ്ങൾ കടുത്ത വെയിലിൽനിന്നു നഗരത്തിനു തണൽ നൽകുമെന്നാണു പ്രതീക്ഷ. വെയിലിൽനിന്നുള്ള ആശ്വാസത്തിനു പുറമേ, പാർക്കുകളാക്കി ഇതിനെ മാറ്റാനും അധികൃതർ ലക്ഷ്യമിടുന്നു.
ഔഷധത്തോട്ടമൊരുക്കും
കടുത്ത ചൂടാണു നഗരത്തിൽ മിക്കപ്പോഴും. യഥാർഥ താപനിലയെക്കാൾ കൂടിയ ചൂട് അനുഭവപ്പെടും. നഗരത്തിലെ പച്ചപ്പ് അപ്രത്യക്ഷമായതാണു ചൂട് കൂടാൻ കാരണം. മെട്രോ റെയിൽ, മേൽപാതകൾ എന്നിവയുടെ നിർമാണത്തിനായി ഒട്ടേറെ മരങ്ങൾ വെട്ടി. ഇതിനു പരിഹാരമായാണ് വനം വകുപ്പ് നഗര വനം പദ്ധതി നടപ്പാക്കുന്നത്.നഗരത്തോടു ചേർന്നുള്ള 50 ഏക്കറിൽ 3,000 വൃക്ഷത്തൈകൾ നടും, 19 ജലാശയങ്ങൾ ഒരുക്കും. ആൽമരം, രാജവൃക്ഷം, പൂവരശ് തുടങ്ങി 77 ഇനങ്ങളിൽപെട്ട മരങ്ങളാണു നടുക.
കുറ്റിച്ചെടികൾ, ചെറുസസ്യങ്ങൾ, പൂച്ചെടികൾ എന്നിവയുമുണ്ടാകും. വേപ്പ് ഉൾപ്പെടെ 250 സസ്യങ്ങൾ അടങ്ങുന്ന ഔഷധത്തോട്ടവും ഒരുക്കും. സന്ദർശകർക്കു വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, കുട്ടികൾക്കു കളി സ്ഥലം, വ്യായാമത്തിന് ഓപ്പൺ എയർ ജിം എന്നിവയും ഒരുക്കും. ഒഎംആറിലെ സിരുശേരിയിൽ 5.5 ഏക്കർ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. മരങ്ങളോടു ചേർന്നും അല്ലാതെയുമാണ് കുളങ്ങൾ നിർമിക്കുക. മരങ്ങൾ കൂടുമ്പോൾ നഗരത്തിന്റെ പച്ചപ്പ് വർധിക്കുകയും കാലാവസ്ഥ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ കുറയുകയും ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ആശ്വാസമേകി പാർക്കുകൾ
ജനസംഖ്യാ വളർച്ചയ്ക്ക് ആനുപാതികമായി പച്ചപ്പ് ഇല്ലെങ്കിലും ഇപ്പോൾ നഗരത്തിലുള്ള പാർക്കുകൾ ആശ്വാസ കേന്ദ്രങ്ങൾ തന്നെയാണ്. ചെത്പെട്ട് ഇക്കോ പാർക്ക്, ഷെണോയ് നഗർ പാർക്ക് തുടങ്ങി ചെറുതും വലുതുമായി 871 പാർക്കുകളാണു നഗരത്തിലുള്ളത്. വിപുലമായ സൗകര്യങ്ങളോടെ കത്തീഡ്രൽ റോഡിൽ കലൈജ്ഞർ പാർക്ക് അടുത്തിടെയാണ് ആരംഭിച്ചത്. വ്യായാമം, വിശ്രമം, ബോട്ടിങ്, കളിസ്ഥലം അടക്കമുള്ള പാർക്കുകളും, ഇരിപ്പിടങ്ങൾ മാത്രമുള്ള പാർക്കുകളും നഗരത്തിലുണ്ട്. അതേസമയം, ചില പാർക്കുകൾ ശോച്യാവസ്ഥയിലാണെന്നും അറ്റകുറ്റപ്പണി നടത്തണമെന്നും നഗരവാസികൾ ആവശ്യപ്പെടുന്നു.