രാസവാതകം ശ്വസിച്ച് 4 വിദ്യാർഥികൾകൂടി ആശുപത്രിയിൽ
Mail This Article
ചെന്നൈ ∙ തിരുവൊട്ടിയൂർ വിക്ടറി മട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ രാസവാതകം ശ്വസിച്ച് 4 വിദ്യാർഥികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാസവാതകം ശ്വസിച്ചു 35 വിദ്യാർഥികൾ ആശുപത്രിയിലായതിനെ തുടർന്ന് 10 ദിവസം അടച്ചിട്ട സ്കൂൾ ഇന്നലെ വീണ്ടും തുറന്നതിനു പിന്നാലെയാണു കുട്ടികൾക്കു തലകറക്കം അനുഭവപ്പെട്ടത്. ഇവരെ തിരുവൊട്ടിയൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ സ്കൂൾ വീണ്ടും അടച്ചു.
സ്കൂളിലെ വൃത്തിഹീനമായ ശുചിമുറിയിൽ നിന്നാണു രാസവാതകം പരക്കുന്നതെന്നും ഒട്ടേറെ വിദ്യാർഥികൾക്കു മൂത്രാശയ അണുബാധയുണ്ടായെന്നും വാർഡ് കൗൺസിലർ കെ.കാർത്തിക് ആരോപിച്ചു. തലകറക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 25നാണ് 35 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ 2 പേർ സ്റ്റാൻലി ഗവ. മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷമാണു സുഖപ്പെട്ടത്.