പദ്ധതിരേഖയായി വണ്ടലൂർ – വന്തവാസി വ്യവസായ ഇടനാഴി എളുപ്പമാകും യാത്ര
Mail This Article
ചെന്നൈ ∙ നഗര വികസനത്തിന് കരുത്തേകുന്ന വണ്ടലൂർ – വന്തവാസി വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നു. നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളെയും പ്രധാന വ്യവസായ പാർക്കുകളെയും ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴിയുടെ വികസനത്തിനുള്ള വിശദ പദ്ധതിരേഖ സമർപ്പിച്ചതായി തമിഴ്നാട് റോഡ് ഡവലപ്മെന്റ് കമ്പനി (ടിഎൻആർഡിസി) അധികൃതർ പറഞ്ഞു.
വണ്ടലൂരിനടുത്ത് മണ്ണിവാക്കത്തു നിന്ന് ആരംഭിച്ച് തിരുവണ്ണാമല വന്തവാസിയിലെ ചെയ്യാർ സിപ്കോട്ട് വ്യവസായ പാർക്കു വരെ നീളുന്ന പാതയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നുള്ളവർക്ക്, പുതുതായി നിർമിക്കുന്ന പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വ്യവസായ ഇടനാഴി സഹായിക്കും.
യാത്രാസൗകര്യംവർധിക്കും
നഗരത്തോടു ചേർന്നു കിടക്കുന്ന വ്യവസായ കേന്ദ്രങ്ങൾക്ക് ലഭിക്കുന്നതിനു തുല്യമായ ഗതാഗത സൗകര്യങ്ങൾ സമീപ ജില്ലകളിലെ വ്യവസായ പാർക്കുകൾക്കും ലഭ്യമാക്കുകയാണ് പാത വികസനത്തിലൂടെ ലക്ഷ്യമിടുനത്. ചെങ്കൽപെട്ട്, കാഞ്ചീപുരം ജില്ലകളിലെ ശ്രീപെരുംപുത്തൂർ, ഒറഗടം തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളും വന്തവാസിയിലെ ചെയ്യാർ വ്യവസായ കേന്ദ്രവുമായുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നത് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാൻ വഴിയൊരുക്കുകയും ജീവനക്കാർ അടക്കമുള്ളവരുടെ യാത്രസുഗമമാക്കാൻ സഹായിക്കുകയും ചെയ്യും. നിലവിൽ ചെന്നൈ നഗരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ തിരുവള്ളൂർ, ചെങ്കൽപെട്ട്, കാഞ്ചീപുരം ജില്ലകളുടെ പട്ടികയിലേക്ക്, സമീപത്തു തന്നെയുള്ള തിരുവണ്ണാമലയും കൂട്ടിച്ചേർക്കപ്പെടും.
ചെയ്യാർ സിപ്കോട്ട് വ്യവസായ മേഖലയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായതിനെ തുടർന്ന് മൂന്നാം ഘട്ടം പ്രഖ്യാപിച്ച് കഴിഞ്ഞു. 2006ൽ സ്ഥാപിച്ച ഒന്നാം ഘട്ട വ്യവസായ പാർക്കും 2015ൽ നിർമിച്ച രണ്ടാം ഘട്ട പാർക്കും മൂവായിരത്തോളം ഏക്കർ സ്ഥലത്താണ് . മൂന്നാം ഘട്ടത്തിനായി 3000 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കാൻ നടപടി പുരോഗമിക്കുകയാണ്. മറ്റിടങ്ങളിൽ നിന്ന് എത്തിച്ചേരാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് പ്രദേശത്തിന്റെ വികസനത്തിനു തടസ്സമാകുന്നതെന്ന വിലയിരുത്തലിനെ തുടർന്നാണ് റോഡുകളുടെ വികസനം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുന്നത്.
നഗരപ്രാന്തത്തിൽ വീണ്ടുമൊരു പാത
ചെന്നൈയുടെ സമീപ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളായ ഈസ്റ്റ് കോസ്റ്റ് റോഡ് (ഇസിആർ), ഓൾഡ് മഹാബലിപുരം റോഡ് (ഒഎംആർ), ജിഎസ്ടി റോഡ്, ചെന്നൈ – ബെംഗളൂരു റോഡ്, സിടിഎച്ച് റോഡ്, നോർത്ത് ട്രങ്ക് റോഡ് തുടങ്ങിയവയ്ക്കു സമാനമായാണ് സിപ്കോട്ട് വ്യവസായ ഇടനാഴി രൂപകൽപന ചെയ്തിട്ടുള്ളത്. ഐടി ഇടനാഴിയായി ഒഎംആർ വികസിപ്പിച്ചതിനു സമാനമായി പുതിയ പാത നിർമിക്കുകയാണ് ലക്ഷ്യം.
നഗരത്തെ ചുറ്റി നിലവിലുള്ള ഔട്ടർ റിങ് റോഡിനെയും (ഒആർആർ) നിർമാണം പുരോഗമിക്കുന്ന പെരിഫറൽ റോഡിനെയും ബന്ധിപ്പിക്കുമെന്നതും പുതിയ റോഡിന്റെ മെച്ചമാണ്. ഔട്ടർ റിങ് റോഡിൽ മണ്ണിവാക്കത്തു നിന്ന് ആരംഭിച്ച് ഒറഗടം, വാലജാബാദ്, കാഞ്ചീപുരം, വന്തവാസി വഴി ചെയ്യാറിലെത്തുന്ന തരത്തിലാണ് റോഡിന്റെ നിർമാണം. നിലവിൽ സംസ്ഥാന ഹൈവേയായ പാത 6 വരിയാക്കാനാണ് പദ്ധതി. പുതിയ പാത യാഥാർഥ്യമാകുന്നതോടെ നഗരത്തിന്റെ തെക്കൻ ജില്ലകളിലുള്ളവർക്ക് ചെന്നൈയിൽ പ്രവേശിക്കാതെ തന്നെ പരന്തൂർ വിമാനത്താവളത്തിലേക്കും ബെംഗളൂരു ഹൈവേയിലേക്കും എത്താനാകും. ചെന്നൈ – ബെംഗളൂരു ദേശീയപാതയിൽ അനുഭവപ്പെടുന്ന ഗതാഗതത്തിരക്കു കുറയ്ക്കാനും വ്യവസായ ഇടനാഴിയുടെ വികസനം സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.