ADVERTISEMENT

ചെന്നൈ ∙ നഗരത്തിന്റെ മുഖഛായ മാറ്റുന്ന മേൽപാത നിർമാണത്തിന് അണ്ണാശാലയിൽ (മൗണ്ട് റോഡ്) വേഗമേറി. പ്രധാന തൂണുകൾ സ്ഥാപിക്കേണ്ട ഇടങ്ങളിൽ റോഡിന് ഇരുവശത്തുമുള്ള നടപ്പാതകൾ പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ നീക്കി. തൂണുകൾ നിർമിക്കാനായി റോഡിനു നടുവിൽ ബാരിക്കേഡ് സ്ഥാപിക്കുമ്പോൾ വാഹനങ്ങൾക്കു സഞ്ചരിക്കാൻ കൂടുതൽ സ്ഥലം ഒരുക്കാനാണ് നടപ്പാത ഒഴിവാക്കുന്നത്. നടപ്പാതകളുടെ സ്ഥലം ലഭിക്കുന്നതോടെ റോഡിന് 3 മുതൽ 4 മീറ്റർ വരെ വീതി കൂട്ടാൻ  സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

നന്ദനം, സെയ്ദാപെട്ട് മേഖലകളിലെ വീതി കൂടുതലുള്ള സ്ഥലങ്ങളിൽ തൂണുകൾക്കായി പൈലിങ് ജോലികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ മൗണ്ട് റോഡിലാണ് സെയ്ദാപെട്ടിൽ നിന്നാരംഭിച്ച് തേനാംപെട്ട് വരെ നീളുന്ന 3.2 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപാത വരുന്നത്. മേൽപാത യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ തിരക്കേറിയ 7 ട്രാഫിക് ജംക്‌ഷനുകൾ ഇല്ലാതാകും. മേൽപാത പൂർത്തിയാകുന്നതോടെ 3 മിനിറ്റിൽ ഇവിടം കടന്നുപോകാൻ വാഹനങ്ങൾക്കു സാധിക്കും.
തറക്കല്ലിട്ടത് ജനുവരിയിൽ
നാലുവരിയായി നിർമിക്കുന്ന മേൽപാലത്തിന്റെ തറക്കല്ലിടൽ ജനുവരിയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് നിർവഹിച്ചത്. 621 കോടി രൂപയാണ് നിർമാണച്ചെലവ്. എൽദാംസ് റോഡ്, എസ്ഐഇടി കോളജ്, സെനൊറ്റാഫ് റോഡ്, നന്ദനം, സിഐടി നഗർ തേഡ്, ഫസ്റ്റ് മെയിൻ റോഡുകൾ, ടോഡ് ഹണ്ടർ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് മേൽപാത ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. 14 മീറ്ററാണ് മേൽപാതയുടെ വീതി.

അണ്ണാ അറിവാലയം ഭാഗത്ത് നിന്ന് ആരംഭിച്ച് സെയ്ദാപെട്ട് സിഗ്‌നലിലാണ് പാത അവസാനിക്കുക. ടി നഗർ, വള്ളുവർക്കോട്ടം, നുങ്കംപാക്കം, നന്ദനം, ആൽവാർപെട്ട്, മൈലാപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് മൗണ്ട് റോഡിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനും മേൽപാത സഹായിക്കും.

ദേശീയപാത അറ്റകുറ്റപ്പണിക്ക്  8 കോടി അനുവദിച്ചു
ചെന്നൈ – ബെംഗളൂരു ദേശീയപാതയുടെ മധുരവയൽ മുതൽ കാഞ്ചീപുരം വരെയുള്ള 60 കിലോമീറ്റർ ദൂരത്തിലെ അറ്റകുറ്റപ്പണികൾക്കായി ദേശീയപാതാ അതോറിറ്റി 8 കോടി രൂപ അനുവദിച്ചു. ദേശീയപാതയിൽ ഏറ്റവും മോശമായ അവസ്ഥയിലുള്ളത് ഈ ഭാഗമാണ്. കുഴിയും നിറഞ്ഞ റോഡും അശാസ്ത്രീയമായ വഴി തിരിച്ചുവിടലും സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവവും ഇവിടം അപകട മേഖലയാക്കുന്നു. അപകടങ്ങളുടെ എണ്ണം വർധിച്ചതും വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നതും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെയും എംപിമാരുടെയും നിരന്തരമായ അഭ്യർഥനകളും കണക്കിലെടുത്താണ് അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചത്.

അതിവേഗപ്പാത വൈകും
ചെന്നൈ – ബെംഗളൂരു അതിവേഗപ്പാത പൂർത്തിയാകാൻ വൈകുമെന്ന് റിപ്പോർട്ട്. നിർമാണം 2025 മാർച്ചിൽ പൂർത്തിയാകുമെന്നാണ് അധികൃതർ മുൻപ് അറിയിച്ചിരുന്നത്. എന്നാൽ 3 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ തമിഴ്നാട്ടിലെ ഭാഗത്തുള്ള ജോലികൾ പൂർത്തിയാകാൻ 2025 ഓഗസ്റ്റ് എങ്കിലും ആകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.

2022ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നിർമാണം ആരംഭിച്ച പാതയാണിത്. കർണാടക, ആന്ധ്രപ്രദേശ് ഭാഗങ്ങളിലെ ജോലികൾ മാർച്ചിൽ പൂർത്തിയാക്കാൻ കഴിയും. തിരുവള്ളൂർ, കാഞ്ചീപുരം, വെല്ലൂർ, റാണിപ്പെട്ട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയുടെ 65 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്.

English Summary:

This article details the progress of the Annasalai flyover construction in Chennai, the allocation of funds for Chennai-Bengaluru National Highway repairs, and potential delays in the Expressway's completion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com