മണ്ഡലകാലത്തിന് ഒരുങ്ങി ചെന്നൈ നഗരം; ശരണമന്ത്രങ്ങളുരുവിട്ട് പുണ്യനാളുകളിലേക്ക്
Mail This Article
ചെന്നൈ∙ കലിയുഗവരദനായ അയ്യപ്പ സ്വാമിയുടെ ദർശനപുണ്യം തേടി ഭക്തർ മാലയിട്ടു മല കയറുന്ന മണ്ഡലകാലത്തിനു നാളെ തുടക്കം. വ്രതവിശുദ്ധിയുടെ, ശരണമന്ത്രഘോഷങ്ങളുടെ 41 ദിനരാത്രങ്ങളെ വരവേൽക്കാൻ ചെന്നൈ നഗരവും ഒരുങ്ങി. നഗരത്തിലെ അയ്യപ്പ ക്ഷേത്രങ്ങളിൽ മണ്ഡലകാല ചടങ്ങുകൾ നാളെ ആരംഭിക്കും. മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമായി എത്തുന്ന ആയിരക്കണക്കിനു ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ക്ഷേത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
മഹാലിംഗപുരം ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രം
പുലർച്ചെ 4.30–11, വൈകിട്ട് 5–8.30 എന്നീ സമയങ്ങളിൽ മാലയിടുന്നതിനും പുലർച്ചെ 5.30 മുതൽ വൈകിട്ട് 6 വരെ തുടർച്ചയായി കെട്ടുനിറയ്ക്കുന്നതിനും സൗകര്യം. കെട്ടുനിറയ്ക്ക് ബുക്ക് ചെയ്യണം. മാല, മുണ്ട്, ഇരുമുടി സഞ്ചി, പൂജാ സാധനങ്ങൾ തുടങ്ങിയവ ക്ഷേത്രം കൗണ്ടറിൽ നിന്നു ലഭിക്കും. അയ്യപ്പനുള്ള അഭിഷേകം, ചന്ദനക്കാപ്പ്, നെയ്യഭിഷേകം, അപ്പം, അരവണ പ്രസാദങ്ങൾ എന്നിവ കൗണ്ടറിൽ നിന്നു ബുക്ക് ചെയ്യാം.അടുത്ത ജനുവരി 14 വരെ ദിവസവും വൈകിട്ട് 6.45 മുതൽ നെയ്യ് ജ്യോതി. തുടർന്ന് 8.15 വരെ ചെന്നൈയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പ്രമുഖ കലാകാരന്മാരുടെ സംഗീത, നൃത്ത പരിപാടികൾ. സ്വാമിമാർക്ക് മൂന്നു നേരം അന്നദാനം ഉണ്ടാകും. പ്രത്യേക മണ്ഡല പൂജ 16 മുതൽ ജനുവരി 14 വരെ നടക്കും. അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 15 മുതൽ 23 വരെ. ഫോൺ: 044-28171197, 28172197
അണ്ണാ നഗർ അയ്യപ്പ ക്ഷേത്രം
മാലയിടൽ, കെട്ടുനിറ അടക്കമുള്ള ചടങ്ങുകൾ നാളെ പുലർച്ചെ ആരംഭിക്കും. പുലർച്ചെ 4നു നട തുറന്ന ശേഷം 5നു ഗണപതി ഹോമം. തുടർന്ന് അഭിഷേകം. മാലയിടൽ, െകട്ടുനിറ എന്നിവയ്ക്കാവശ്യമായ സാധനങ്ങൾ ലഭിക്കുന്നതിന് അധിക കൗണ്ടറുകൾ ഏർപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 16 മുതൽ ജനുവരി 14വരെ പ്രാതലും ഉച്ചഭക്ഷണവും അടങ്ങുന്ന അന്നദാനം ഉണ്ടാകും. ദിവസവും ൈവകിട്ട് 5.45നു പുഷ്പാഭിഷേകം. തുടർന്ന് ചുറ്റുവിളക്ക്, ദീപാരാധന, നിറമാല. ദിവസവും വൈകിട്ട് ഭക്തി ഗാനാലാപനം അരങ്ങേറും. വിവരങ്ങൾക്ക് 7448813282.
ആവഡി ബിവി പുരം അയ്യപ്പ ക്ഷേത്രം
മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കും. ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ കെട്ടുനിറയ്ക്കുള്ള സാധനങ്ങൾ ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർഷിക ഉത്സവം 27 മുതൽ ഡിസംബർ 4 വരെ. മണ്ഡല പൂജാ ചടങ്ങുകൾ ഡിസംബർ 24 മുതൽ 26 വരെ.
കെകെ നഗർ അയ്യപ്പൻ ഗോശാല കൃഷ്ണൻ ക്ഷേത്രം
പുലർച്ചെ 4.30നു നട തുറന്ന ശേഷം 5.30 മുതൽ മാലയിടാം. 8നു പന്തീരടി പൂജ. 9ന് അന്നദാനം. 10നു സർവാഭിഷേകം. വൈകിട്ട് 7നു കർപ്പൂര ജ്യോതി. 7.15 മുതൽ ഭക്തി ഗാനം, കച്ചേരി, ഭരതനാട്യം തുടങ്ങിയവ. ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് 6.30നു പൂമൂടൽ നടത്തും. ഫോൺ:044–23662395, 9500091367.
പെരമ്പൂർ അയ്യപ്പ ക്ഷേത്രം
പുലർച്ചെ 4നു നട തുറന്ന ശേഷം അഭിഷേകം. 5 മുതൽ കെട്ടുനിറയ്ക്കലും 6 മുതൽ മാലയിടലും. ദിവസേന അന്നദാനം, പ്രസാദ വിതരണം. ഡിസംബർ 7നു മഹാ ശാസ്താ പ്രീതി അന്നദാനം. ഡിസംബർ 2–4 തീയതികളിൽ ലക്ഷാർച്ചന. ഫോൺ:044 25512526.
അയനാവരം അയ്യപ്പ ക്ഷേത്രം
അടുത്ത ജനുവരി 14 വരെ ദിവസവും വൈകിട്ട് 6നു നിത്യ ഗണപതി ഹോമം. 6.45നു ചുറ്റുവിളക്ക് പൂജ. ഡിസംബർ 22നു വൈകിട്ട് 6നു മഞ്ഞപ്ര മോഹൻ അവതരിപ്പിക്കുന്ന നാമ സങ്കീർത്തനം. ഡിസംബർ 25നു രാവിലെ 9നു മഹാ സുദർശന ഹോമം. 31നു വിളക്ക് പൂജ. ജനുവരി 14നു തിരുവാഭരണപ്പെട്ടി ഘോഷയാത്ര, മകര ജ്യോതി ദർശനം. ഫോൺ: 9444080486.
മണലി ന്യൂ ടൗൺ ധർമശാസ്താ ക്ഷേത്രം
രാവിലെ 5 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 9 വരെയും പ്രതിദിന പൂജകളും രാത്രി 9ന് പ്രത്യേക അഭിഷേകം, അലങ്കാരം, അന്നദാനം എന്നിവയുമുണ്ടാകും. മാലയിടുന്നതിനും കെട്ടു നിറയ്ക്കുമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ ദിവസവും ഭജന ഗാനാലാപനവും നടക്കും. ഫോൺ: 9445382904, 9884195980.
ചെന്നൈ സെൻട്രൽ–കൊല്ലം സ്പെഷൽ ട്രെയിൻ
ശബരിമല തീർഥാടനകാലത്തെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ–കൊല്ലം–ചെന്നൈ സെൻട്രൽ വീക്ക്‌ലി സ്പെഷൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപെട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
∙ 19,26, ഡിസംബർ 3,10,17,24,31, ജനുവരി 7,14 തീയതികളിൽ രാത്രി 11.20നു ചെന്നൈയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30നു കൊല്ലത്തെത്തും. മടക്ക സർവീസ് 20,27, ഡിസംബർ 4,11,18,25, ജനുവരി 1,8,15 തീയതികളിൽ വൈകിട്ട് 4.30നു കൊല്ലത്ത്നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 11.35നു ചെന്നൈയിലെത്തും.
∙ 23,30 ഡിസംബർ 7,14,21,28 ജനുവരി 4,11,18 തീയതികളിൽ ചെന്നൈയിൽ നിന്നു രാത്രി 11.20നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30നു കൊല്ലത്തെത്തും. മടക്ക സർവീസ് 24, ഡിസംബർ 1,8,15,22,29, ജനുവരി 5,12,19 തീയതികളിൽ കൊല്ലത്ത് നിന്നു വൈകിട്ട് 5.50നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.35നു ചെന്നൈയിലെത്തും.
∙ 18,25, ഡിസംബർ 2,9,16,23,30, ജനുവരി 6,13 തീയതികളിൽ ചെന്നൈയിൽ നിന്നു വൈകിട്ട് 3.10നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.20നു കൊല്ലത്തെത്തും. മടക്ക സർവീസ് 19,26, ഡിസംബർ 3,10,17,24,31 ജനുവരി 7,14 തീയതികളിൽ കൊല്ലത്ത് നിന്നു രാവിലെ 10.45നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3.30നു സെൻട്രലിലെത്തും.
∙ എസി ഗരീബ്‌രഥ് – 20,27, ഡിസംബർ 4,11,18,25, ജനുവരി 1,8,15 തീയതികളിൽ ചെന്നൈയിൽ നിന്നു വൈകിട്ട് 3.10നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.20നു കൊല്ലത്തെത്തും.
മടക്ക സർവീസ് 21,28, ഡിസംബർ 5,12,19,26, ജനുവരി 2,9,16 തീയതികളിൽ കൊല്ലത്ത് നിന്നു രാവിലെ 10.45നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3.30നു ചെന്നൈയിലെത്തും.
∙ കാച്ചെഗുഡ–കോട്ടയം–കാച്ചെഗുഡ (07131/07132, 07133/07134), ഹൈദരാബാദ്–കോട്ടയം–ഹൈദരാബാദ് (07135/07136, 07137/07128), നാന്ദേഡ്–കൊല്ലം– സെക്കന്ദരാബാദ് (07139/07140) എന്നീ സ്പെഷൽ ട്രെയിനുകളും സർവീസ് നടത്തും. ആന്ധ്ര ഭാഗത്ത് നിന്നു കാട്പാടി വഴി കേരളത്തിലേക്കും തിരിച്ചുമാണ് സർവീസ്.