താളംതെറ്റി വിമാനയാത്ര: എയർ ഇന്ത്യ റദ്ദാക്കിയത് 10 സർവീസുകൾ
Mail This Article
ചെന്നൈ ∙ എയർ ഇന്ത്യ മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കുന്നത് യാത്രികർക്കു പ്രതിസന്ധിയാകുന്നു. തിരുവനന്തപുരം സർവീസ് അടക്കം ചെന്നൈയിൽ നിന്നു പുറപ്പെടേണ്ട 5 വിമാനങ്ങളും ഇവിടെയെത്തേണ്ടിയിരുന്ന 5 വിമാനങ്ങളുമാണ് ഇന്നലെ റദ്ദാക്കിയത്.കഴിഞ്ഞ ഞായറാഴ്ചയും 9 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്ന സംഭവങ്ങൾ ഏതാനും മാസങ്ങളായി പതിവാണ്. ഭരണപരമായ കാരണങ്ങളാണു റദ്ദാക്കലിനിടയാക്കുന്നതെന്നാണു വിശദീകരണം.
എന്നാൽ, ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണു പ്രതിസന്ധിക്കിടയാക്കുന്നതെന്ന ആരോപണമാണു യാത്രക്കാർ ഉന്നയിക്കുന്നത്.മുന്നിറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതോടെ ദുരിതത്തിലായത് അത്യാവശ്യ യാത്രകൾക്കെത്തിയവരാണ്. രാത്രിയും പുലർച്ചെയുമുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വളരെ നേരത്തേ പുറപ്പെട്ടവരുമുണ്ട്.
അവസാനനിമിഷമാണ് വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച വിവരം മിക്കവർക്കും ലഭിക്കുന്നത്.തിരുവനന്തപുരത്തിനു പുറമേ കൊൽക്കത്ത, ഭുവനേശ്വർ, ബെംഗളൂരു, സിലിഗുരി എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കുമുള്ള വിമാനങ്ങളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഞായറാഴ്ച ഡൽഹി, പുണെ, ബെംഗളൂരു, ഗുവാഹത്തി, കൊൽക്കത്ത വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
യന്ത്രത്തകരാർ; ചെന്നൈ– സിംഗപ്പൂർ വിമാനം റദ്ദാക്കി
∙ ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനു തൊട്ടുമുൻപ് എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ 2.30ന് പുറപ്പെടേണ്ട വിമാനത്തിന്റെ ടേക്ക് ഓഫിനു മുൻപുള്ള പതിവു പരിശോധനയ്ക്കിടെ പൈലറ്റാണ് തകരാർ തിരിച്ചറിഞ്ഞത്. യാത്രക്കാരും ജീവനക്കാരുമടക്കമുള്ള 250 പേരെയും ഉടൻ തന്നെ പുറത്തിറക്കി. എന്നാൽ, വെള്ളിയാഴ്ച രാവിലെ 8നു ശേഷവും തകരാർ പരിഹരിക്കുകയോ പകരം യാത്രാസംവിധാനം ഏർപ്പെടുത്തുകയോ ചെയ്യാത്തതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇവർക്ക് പിന്നീട് ഭക്ഷണം നൽകുകയും നഗരത്തിലെ വിവിധ ഹോട്ടലുകളിൽ താമസസൗകര്യം ഏർപ്പെടുത്തുകയും ചെയ്തെന്ന് അധികൃതർ പറഞ്ഞു.
സുരക്ഷ ഉറപ്പാക്കാൻ ആധുനിക ടിക്കറ്റ് സ്കാനിങ് സംവിധാനം
യാത്രക്കാർ അല്ലാത്തവർ വിമാനത്താവളത്തിനുള്ളിൽ കടന്നുകയറുന്നത് ഒഴിവാക്കാൻ ആധുനിക ടിക്കറ്റ് സ്കാനിങ് സംവിധാനം ഏർപ്പെടുത്തി എയർപോർട്ട് അതോറിറ്റി. യന്ത്രങ്ങൾ ടിക്കറ്റുകളിലെബാർകോഡ് സ്കാൻ ചെയ്ത് യഥാർഥ ടിക്കറ്റാണെന്ന് ഉറപ്പുവരുത്തുന്ന രീതിയാണിത്.
ഇതോടെ ഉദ്യോഗസ്ഥർ ടിക്കറ്റുകൾ പരിശോധിക്കുന്ന രീതി ഇല്ലാതാകും.യാത്ര പോകാനെത്തിയ ഭാര്യയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി വ്യാജടിക്കറ്റുമായി യുവാവ് വിമാനത്താവളത്തിൽ പ്രവേശിച്ച സംഭവം ഏതാനും മാസം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന 2ഡി ബാർകോഡ് സ്കാനിങ് യന്ത്രമാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്.
സ്കാനർ എയർലൈൻ ഡേറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സുരക്ഷാ ജീവനക്കാർക്കു വിമാനത്തിന്റെ സമയം ഉൾപ്പെടെ മനസ്സിലാക്കാനും സാധിക്കും. വിമാനത്താവള ഗേറ്റുകളിലെ തിരക്കു കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കും.