ദൂരയാത്രയ്ക്ക് സിഎൻജി, എൽഎൻജി ബസ്; മലിനീകരണവും ചെലവും കുറയും, കേരളത്തിലേക്ക് നിരക്ക് കുറയുമോ?
Mail This Article
ചെന്നൈ ∙ ദീർഘദൂര യാത്രകൾക്കു സിഎൻജി, എൽഎൻജി ബസുകൾ നിരത്തിലിറക്കി ഗതാഗത വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എസ്ഇടിസി (സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ). പരിസ്ഥിതി മലിനീകരണവും പ്രവർത്തനച്ചെലവും കുറയ്ക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ എൽഎൻജി, സിഎൻജി ബസുകൾ വിജയകരമാണെന്നു കണ്ടാൽ സ്ഥിരമാക്കാനാണു തീരുമാനം. ഇതോടെ ഭാവിയിൽ ദീർഘദൂര യാത്രകളുടെ ടിക്കറ്റ് നിരക്കു കുറയും. സർക്കാർ ബസുകളുടെ മാതൃക പിന്തുടർന്നു സ്വകാര്യ ബസുകളും ഈ സംവിധാനത്തിലേക്കു മാറിയാൽ യാത്രാചെലവിലുള്ള വലിയ ബാധ്യത യാത്രക്കാർക്ക് ഒഴിവാകും.
മാറ്റത്തിന്റെ പാതയിൽ എസ്ഇടിസി
എംടിസി അടക്കം സംസ്ഥാനത്തെ മറ്റു ട്രാൻസ്പോർട്ട് കോർപറേഷനുകൾ സിഎൻജി, എൽഎൻജി ഇന്ധനത്തിലേക്കു മാറിയതിനു പിന്നാലെയാണ് എസ്ഇടിസിയും ഇതേവഴി സ്വീകരിക്കാൻ തീരുമാനിച്ചത്. ചെന്നൈയിൽനിന്നു തിരുച്ചിറപ്പള്ളിയിലേക്കുള്ള എസ്ഇടിസി ബസുകളിലാണു മാറ്റം. കോർപറേഷനുകൾ 20 ശതമാനത്തിലേറെയും ചെലവിടുന്നതു ഡീസലിനു വേണ്ടിയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു ദീർഘദൂര ബസ് സർവീസുകളും ഹരിത ഇന്ധനത്തിലേക്കു മാറുന്നത്. ഇന്ധനച്ചെലവിൽ കിലോമീറ്ററിന് 5.50 രൂപയുടെ കുറവ് ഇതുവഴി ഉണ്ടാകുമെന്നും ബസുകളുടെ മൈലേജ് വർധിപ്പിക്കുമെന്നും അധികൃതർ പറയുന്നു. രാജ്യത്തെ ആദ്യ സീറോ കാർബൺ ബഹിർഗമന സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കു ചുവടുവയ്ക്കുന്ന സംസ്ഥാനത്തിന് ഊർജം പകരുന്നതാണു പുതിയ തീരുമാനം.
കേരളത്തിലേക്ക് നിരക്ക് കുറയുമോ?ബസുകളുടെ പ്രവർത്തനച്ചെലവ് കുറയുന്നതോടെ കേരളത്തിലേക്ക് അടക്കമുള്ള ടിക്കറ്റ് നിരക്ക് കുറയുമെന്നാണു യാത്രക്കാരുടെ പ്രതീക്ഷ. നിലവിൽ കേരളത്തിലേക്കുള്ള എസ്ഇടിസി ബസുകളിൽ അധിക നിരക്ക് ഈടാക്കുന്നില്ലെങ്കിലും തിരക്കിനനുസരിച്ചു നിരക്ക് വർധിപ്പിക്കുന്ന രീതിയാണു സ്വകാര്യ ബസുകളുടേത്. സീസൺ സമയങ്ങളിൽ രണ്ടിരട്ടിയോ മൂന്നിരട്ടി വരെയോ നിരക്ക് വർധിപ്പിക്കാറുമുണ്ട്.