സിഗ്‌നലിൽനിന്ന് 100 മീറ്റർ അകലം കുരുക്കഴിക്കാൻ മാറ്റും ബസ് സ്റ്റോപ്
Mail This Article
ചെന്നൈ ∙ നഗരത്തിലെ വാഹനക്കുരുക്ക് അഴിക്കാൻ നൂറിലേറെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. മേൽപാതകൾക്കും സിഗ്‌നലുകൾക്കും സമീപമുള്ള സ്റ്റോപ്പാണ് മാറ്റുക. 100 മീറ്റർ അകലത്തിൽ സ്റ്റോപ് സ്ഥാപിക്കാനാണ് ആലോചന. ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തിയ ശേഷം നടപടികളിലേക്കു കടക്കും.
കുരുക്കിലാക്കുന്ന സ്റ്റോപ്
നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കാനുള്ള തീരുമാനം ഏറെ വൈകിയാണെങ്കിലും നഗരവാസികൾക്കു വലിയ ആശ്വാസം പകരും.നിലവിൽ പലയിടങ്ങളിലും സിഗ്‌നലുകൾക്കോ മേൽപാതകൾക്കോ സമീപമാണു ബസ് സ്റ്റോപ്. സ്റ്റോപ്പിൽ ബസ് നിർത്തുന്ന കുറഞ്ഞ സമയത്തിനകം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിട്ടുണ്ടാകും. സിഗ്‌നലിൽ പച്ച വെളിച്ചം തെളിഞ്ഞാലും ബസുകൾ നിർത്തിയിടുന്നതിനാൽ പിന്നിലുള്ള വാഹനങ്ങൾക്കു കടന്നു പോകാനാകില്ല.ബസുകൾ പുറപ്പെട്ടു തുടങ്ങുമ്പോഴേക്കും ചുവപ്പ് കത്തുകയും വാഹനങ്ങളുടെ കാത്തിരിപ്പു സമയം കൂടുകയും ചെയ്യും.
സിഗ്‌നൽ കഴിഞ്ഞുള്ള സ്റ്റോപ്പുകൾക്കു സമീപവും ഇതേ അവസ്ഥയാണ്. മേൽപാതകൾക്കു സമീപമുള്ള സ്റ്റോപ്പിൽ ബസുകൾ നിർത്തിയിടുന്ന സമയത്തു മേൽപാത പൂർണമായും കുരുക്കിലാകും.ആദ്യ ഘട്ടത്തിൽ ബ്രോഡ്‌വേ–മുഗപ്പെയർ (7എം), വടപനി–തരമണി (5ടി) എന്നീ റൂട്ടുകളിലെ സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കാനാണു തീരുമാനം.തുടർന്നു മറ്റിടങ്ങളിലെ സ്റ്റോപ്പുകളും മാറ്റും.
യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സിഗ്‌നലിൽനിന്ന് 100 മീറ്റർ അകലത്തിലേക്ക് സ്റ്റോപ് മാറ്റും. നഗരത്തിൽ 30 വർഷം മുൻപു സ്ഥാപിച്ച സ്റ്റോപ്പുകളാണ് ഇപ്പോഴുമുള്ളതെന്നും മുൻപത്തെ അപേക്ഷിച്ച് ഇപ്പോൾ വാഹനത്തിരക്ക് ഏറിയതായും എംടിസി വൃത്തങ്ങൾ പറയുന്നു. കോർപറേഷന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ സ്റ്റോപ് മാറ്റാനാകൂ. അനുമതി ലഭിച്ചതായി അധികൃതർ പറഞ്ഞു.
പൊങ്കൽ യാത്ര:ടിക്കറ്റ് ഇപ്പോൾ ബുക്ക് ചെയ്യാം
ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം എസ്ഇടിസി 90 ദിവസമാക്കി വർധിപ്പിച്ചു. 60 ദിവസം മുൻപു വരെയായിരുന്നു ഇതുവരെ ബുക്കിങ് അനുവദിച്ചിരുന്നത്. 3 മാസമാക്കി വർധിപ്പിച്ചതോടെ പൊങ്കൽ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. 2025 ജനുവരി 14 മുതലാണു പൊങ്കൽ. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ www.tnstc.in