ADVERTISEMENT

ചെന്നൈ∙ നഗരത്തിൽ ശുദ്ധജല ലഭ്യതയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുമായി ചെന്നൈ മെട്രോപ്പൊലിറ്റൻ ഡവലപ്മെന്റ് അതോറിറ്റി (സിഎംഡിഎ). നഗരത്തിന്റെ വിവിധ മേഖലകളിലുള്ള 10 തടാകങ്ങൾ പുനരുദ്ധരിക്കാനാണ് നീക്കം. സംസ്ഥാന സർക്കാർ വകയിരുത്തിയ 100 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി. ജല ഗുണനിലവാരം മെച്ചപ്പെടുത്തൽ, ഭൂഗർഭജലം സമൃദ്ധമാക്കൽ, വിനോദ സൗകര്യങ്ങളൊരുക്കൽ, ബോധവൽക്കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് പദ്ധതിക്കു കീഴിൽ നടപ്പിലാക്കുക.

തിരിച്ചുപിടിക്കണം,നവീകരിക്കണം
കയ്യേറ്റങ്ങളും നഗരവൽക്കരണവും മൂലം വിസ്തൃതി കുറയുകയോ ജലലഭ്യത ഇല്ലാതാകുകയോ ചെയ്ത ജലാശയങ്ങളാണ് നവീകരണ പദ്ധതിക്കായി തിരഞ്ഞെടുത്തത്. ആദ്യ പടിയായി മലിനീകരണവും കയ്യേറ്റവും കണ്ടെത്താനുള്ള സർവേ നടത്തും. പ്രദേശവാസികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സമാഹരിച്ചാണു പദ്ധതികൾക്ക് അന്തിമരൂപം നൽകുക. മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ സിഎംഡിഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കും.

ജലാശയങ്ങളുടെ സംരക്ഷണ, പരിവർത്തന പ്രവർത്തനങ്ങൾക്ക് മാതൃകയാകുന്ന രീതിയിലായിരിക്കും പദ്ധതികൾ നടപ്പാക്കുക.സിമന്റ് രഹിത നിർമാണ പ്രവർത്തനങ്ങളാകും ജലാശയ പരിസരങ്ങളിൽ നടത്തുകയെന്ന് സിഎംഡിഎ അധികൃതർ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ജലാശയ പരിസരം പരിവർത്തനം ചെയ്യാനും പദ്ധതി ലക്ഷ്യമിടുന്നു.

ചതുപ്പുനില സംരക്ഷണം, ജൈവ വൈവിധ്യ പരിപാലനം, ഹരിത മേഖലകൾ സ്ഥാപിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്. പെരുമ്പാക്കം, റെട്ടേരി, മാദമ്പാക്കം, അയനമ്പാക്കം, വേളാച്ചേരി, ആദംപാക്കം, സെമ്പാക്കം എന്നീ 7 ജലാശയങ്ങളുടെ നവീകരണത്തിനുള്ള വിശദപദ്ധതിരേഖ തയാറാക്കുന്ന പ്രവർത്തനങ്ങൾ സിഎംഡിഎ ആരംഭിച്ചിട്ടുണ്ട്.കൊളത്തൂർ, പുഴൽ, മുടിച്ചൂർ എന്നീ ജലാശയങ്ങളുടെ പദ്ധതി രൂപരേഖ തയാറാക്കുന്നതും ഉടൻ ആരംഭിക്കും. പെരുങ്കുടി, പോരൂർ തടാകങ്ങളെയും പട്ടികയിൽ ചേർക്കുന്നതു സംബന്ധിച്ച ആലോചനകൾ നടക്കുന്നുണ്ട്. സേമ്പാക്കം, ആദംപാക്കം ജലാശയങ്ങളുടെ പദ്ധതിരേഖകൾ അവലോകന ഘട്ടത്തിലേക്കു കടന്നു. മാദമ്പാക്കത്തെ പ്രവർത്തികൾക്കുള്ള ടെൻഡർ നടപടികൾ ഡിസംബറോടെ ആരംഭിക്കുമെന്ന് സിഎംഡിഎ അധികൃതർ പറഞ്ഞു. മദ്രാസ് ഐഐടിയിലെയും പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിലെയും വിദഗ്ധർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. 

കായിക വിനോദങ്ങൾ മുതൽ പക്ഷിനിരീക്ഷണം വരെ
വിവിധ ജലവിനോദ പരിപാടികൾക്കും പക്ഷിനിരീക്ഷണത്തിനുമുള്ള സൗകര്യങ്ങൾ, കളിസ്ഥലം, ബോട്ടിങ്  തുടങ്ങിയവ ജലാശയങ്ങളോട് അനുബന്ധിച്ച് സജ്ജമാക്കും. നടപ്പാത, പൂന്തോട്ടങ്ങൾ എന്നിവയും ഒരുക്കും. കാർബൺ ന്യൂട്രൽ രൂപരേഖയാണ് ജലാശയ നവീകരണത്തിനായി സിഎംഡിഎ തയാറാക്കുന്നത്. ജലാശയ പരിപാലനത്തിനുള്ള വരുമാന മാർഗമെന്ന നിലയിൽ ചെറുകിട വ്യാപാരത്തിനുള്ള കിയോസ്കുകൾ തയാറാക്കാനും പദ്ധതിയുണ്ട്.

2025ൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.വേളാച്ചേരി ജലാശയത്തിലാണ് പക്ഷിനിരീക്ഷണം സജ്ജമാക്കുന്നത്. റെട്ടേരിയിൽ ജലാശയത്തോടു ചേർന്ന് ഒഴിവു സമയം ചെലവഴിക്കാൻ പൊതുസ്ഥലം സജ്ജമാക്കും. മുടിച്ചൂരിൽ 24 ഏക്കറിൽ  പാർക്ക് നിർമിക്കാനാണു പദ്ധതി. കുട്ടികൾക്കു കളിസ്ഥലം, പിക്നിക് പ്രദേശം, പൂന്തോട്ടം വിനോദ സൗകര്യം എന്നിവയും ഇവിടെയുണ്ടാകും.

പുഴൽ തടാകത്തോടു ചേർന്ന് മിയാവാക്കി വനം, പ്രദർശന കേന്ദ്രം, കളിസ്ഥലം, ജിംനേഷ്യം തുടങ്ങിവ ഒരുക്കും. ആദംപാക്കം തടാകം ആഴം കൂട്ടാനും ജലസംഭരണ ശേഷി വർധിപ്പിക്കാനും നടപടികളുണ്ടാകും. പരിസ്ഥിതി സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും വിനോദ സൗകര്യങ്ങൾ കൂട്ടാനും  ജീവിത നിലവാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്നാണ് സിഎംഡിഎ അധികൃതരുടെ കണക്കുകൂട്ടൽ.

English Summary:

The Chennai Metropolitan Development Authority (CMDA) is embarking on an extensive project to restore 10 lakes across the city with a budget of 100 crores. This initiative aims to improve water availability, environmental protection, and recreational facilities. This includes surveillance for pollution, engaging local communities, and promoting eco-friendly development. Major lakes such as Perumbakkam, Velachery, and others are set for transformation, with completion targeted for 2025.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com