മൊബിലിറ്റി കാർഡ് എംടിസി ബസുകളിൽ ഈയാഴ്ച മുതൽ ഇനി മെട്രോ, എംടിസി യാത്രയ്ക്ക് ഒരേ കാർഡ്
Mail This Article
ചെന്നൈ ∙ മെട്രോ ട്രെയിനുകളിലെ സിങ്കാര ചെന്നൈ കാർഡ് അടക്കമുള്ള നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) ഉപയോഗിച്ച് നഗരത്തിലെ എംടിസി ബസുകളിൽ ടിക്കറ്റ് ഈയാഴ്ച മുതൽ ടിക്കറ്റ് എടുക്കാം. കഴിഞ്ഞ ദിവസങ്ങളിൽ ചില റൂട്ടുകളിൽ കാർഡ് വഴി ടിക്കറ്റ് എടുക്കുന്നത് പരീക്ഷിച്ചതിനു പിന്നാലെയാണു സ്ഥിരമാക്കാനുള്ള തീരുമാനം. ഇതോടെ നേരിട്ടു പണം നൽകുന്നതിനു പകരം കാർഡ് ടാപ് ചെയ്ത് ടിക്കറ്റ് എടുക്കാൻ യാത്രക്കാർക്കു സാധിക്കും. കാഷ്‌ലെസ് ഇടപാടുകൾക്കുള്ള ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രം ഉപയോഗിക്കുന്നതിൽ എംടിസി ബസ് കണ്ടക്ടർമാർക്കു പരിശീലനം നൽകി.
ആധുനിക വഴിയിൽ എംടിസി
മെട്രോ യാത്രക്കാർക്ക് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് നൽകുന്ന ‘സിങ്കാര ചെന്നൈ’ എൻസിഎംസി കാർഡ് ഉപയോഗിച്ച് എംടിസി ബസുകളിലും യാത്ര ചെയ്യുന്നതിനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കുക. എസ്ബിഐയുമായി ചേർന്നാണ് സിഎംആർഎൽ സിങ്കാര ചെന്നൈ കാർഡ് പുറത്തിറക്കിയത്. റീചാർജ് ചെയ്തു കാർഡ് ഉപയോഗിക്കാം. കണ്ടക്ടർമാരുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രത്തിൽ ടാപ് ചെയ്ത് ടിക്കറ്റ് നിരക്ക് നൽകി യാത്ര ചെയ്യാം. അതേസമയം, എംടിസിയുടെ സ്വന്തം എൻസിഎംസി കാർഡുകൾ അധികം വൈകാതെ പുറത്തിറക്കും.
കാഷ്‌ലെസ് ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചു ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം നേരത്തെ നടപ്പാക്കിയിരുന്നു. എന്നാൽ അധികം പേർ ഇതു ഉപയോഗപ്പെടുത്തില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, എൻസിഎംസി കാർഡ് ഉപയോഗിക്കാൻ അവസരം നൽകുന്നതോടെ ഇതിൽ മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മെട്രോയിലും എംടിസിയിലും യാത്ര ചെയ്യുന്നവർക്ക് ഒറ്റ ടിക്കറ്റ് ഉപയോഗിക്കാം.
അഭിപ്രായം പറയാം; യാത്രക്കാർക്കും
ബസ് യാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാർക്കിടയിൽ സർവേ നടത്താൻ എംടിസി തീരുമാനിച്ചു. കോർപറേഷൻ പരിധിയിലും പുറത്തു നിന്നുമുള്ള 2,310 യാത്രക്കാരിൽ നിന്നാണു വിവരങ്ങൾ തേടുക. എത്ര ദിവസം കൂടുമ്പോൾ യാത്ര ചെയ്യാറുണ്ട്, എത്ര ദൂരം യാത്ര ചെയ്യും, ബസിലെ സൗകര്യങ്ങൾ, സമയ കൃത്യത തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയും. നിരക്ക് സംബന്ധിച്ചും സേവനം മെച്ചപ്പെടുത്തുന്നതിനുമുള്ള അഭിപ്രായങ്ങളും തേടും.