ADVERTISEMENT

വൈറ്റില,കുണ്ടന്നൂർ ഫ്ലൈ ഓവറുകളുടെ നിർമാണം പൂർത്തിയാക്കാൻ സമയം വീണ്ടും വീണ്ടും നീട്ടി നൽകുന്നതിനു പിന്നിലെന്താണ്?ജനങ്ങളുടെ ദുരിതം അടുത്ത തിരഞ്ഞെടുപ്പുവരെ നീളുമെന്ന ആരോപണം സത്യമാകുമോ? എന്തു പറഞ്ഞാലും ഈ സമയം നീട്ടൽ അൽപം ഓവറാണെന്നാണ് ജനങ്ങൾ പറയുന്നത്.

കൊച്ചി∙വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൂർത്തിയാക്കാൻ സമയം നീട്ടി നൽകിയതു പദ്ധതികൾ വീണ്ടും വൈകാനിടയാക്കുമെന്ന് ആരോപണം. നാലാം തവണയാണു വൈറ്റില േമൽപാലം പൂർത്തിയാക്കാൻ സമയം നീട്ടി നൽകുന്നത്. കുണ്ടന്നൂരിലും സ്ഥിതി വ്യത്യസ്തമല്ല. പുതുക്കിയ സമയക്രമം അനുസരിച്ചു വൈറ്റില മേൽപാലം ജൂണിലും കുണ്ടന്നൂർ മേൽപാലം ഏപ്രിൽ 30നും തീർക്കുമെന്നാണു പ്രഖ്യാപനം. 2019 മേയിൽ തീരേണ്ട വൈറ്റില മേൽപാലത്തിന് ആദ്യം ഡിസംബർ വരെയും പിന്നീടു 2020 മാർച്ച് വരെയും സമയം നീട്ടി നൽകിയിരുന്നു. അതാണു ജൂൺ വരെ വീണ്ടും നീട്ടിയിരിക്കുന്നത്.

വൈറ്റില മേൽപാലത്തിൽ ഇനി 4 ഗർഡറുകൾ വയ്ക്കാനുളള സെൻട്രൽ സ്പാനിന്റെ ഭാഗം.

പാലാരിവട്ടം പോലെ ആകരുതെന്ന നിർബന്ധമുളളതു കൊണ്ടും പണികളിൽ പാളിച്ച വരാതിരിക്കാനുമാണു സമയം നീട്ടി നൽകുന്നതെന്നാണു ന്യായീകരണം. എന്നാൽ പൊതുമരാമത്ത് വകുപ്പ് പണി കൃത്യമായി നിരീക്ഷിക്കുകയും കരാറുകാർ കൂടുതൽ തൊഴിലാളികളെ ജോലിക്കു നിയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്താൽ നിർമാണം കൃത്യമായി നടക്കും.

ഗുണനിലവാരം ഉറപ്പാക്കി വേഗത്തിൽ ജോലി തീർക്കാനായിരിക്കണം സർക്കാർ മുൻഗണന നൽകേണ്ടതെന്നു വിദഗ്ധർ പറയുന്നു. മേൽപാലങ്ങൾ വൈകുന്നതിനൊപ്പം ജനങ്ങളുടെ ദുരിതവും നീളുകയാണ്. ബസുകളും മറ്റു വാഹനങ്ങളും അനാവശ്യമായി കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കുകയാണ്. ഇതു മൂലമുണ്ടാകുന്ന ഇന്ധനനഷ്ടവും സമയനഷ്ടവും വളരെ വലുതാണ്. മൂന്നു വർഷമായി ജനം വൈറ്റിലയിലും കുണ്ടന്നൂരിലും ദുരിതം അനുഭവിക്കുകയാണ്. ഗതാഗതക്കുരുക്കിൽ നിന്ന് അടുത്ത മാസമെങ്കിലും മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരോടു സർക്കാർ ചെയ്യുന്ന വലിയ ചതിയാണ് ഈ സമയം നീട്ടി നൽകലെന്നു യാത്രക്കാർ പറയുന്നു.

വൈറ്റിലയിൽ നിർമാണം പൂർത്തിയായ അരൂർ ഭാഗത്തെ അപ്രോച്ച്.

എന്താണ് തടസ്സം?

1.ടാറിങ്

പാലത്തിൽ ഏതു തരം ടാറിങ് വേണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിലവാരം കൂടിയ ടാറിങ് ഐഐടി നിർദേശിച്ചെങ്കിലും കിഫ്ബി അനുമതിയില്ലാതെ ചെയ്യാൻ കഴിയില്ല. കിഫ്ബിയും റോഡ് ബോർഡ് ഫണ്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. പ്രത്യേക ഗ്രേഡിലുളള നിലവാരം കൂടിയ ബിറ്റ്മിൻ പാലത്തിൽ ഉപയോഗിക്കണമെന്നാണ് ഐഐടി നിർദേശം. വഡോദരയിൽ നിന്നു വേണം ഇതു കൊണ്ടു വരാൻ.

2.ആലുവ ഭാഗത്തേക്കുളള അപ്രോച്ച്

റീട്ടെയ്നിങ് വോളിനും റോഡിനുമിടയിലുളള ഭാഗത്തു മണ്ണു നിറയ്ക്കണോ കല്ലുകൾ നിറയ്ക്കണോയെന്ന കാര്യത്തിൽ തർക്കം. ഇതും വിവിധ ഏജൻസികളുടെ പരിഗണനയിൽ. ഇവിടെ അപ്രോച്ചിന്റെ ഒരു ഭാഗത്തെ പണി തുടങ്ങി വച്ചിട്ടുണ്ട്. പല വിഷയങ്ങളിലും വേഗം തീരുമാനമെടുക്കാമെങ്കിലും വച്ചു കൊണ്ടിരിക്കയാണ്. പാലത്തിലെ ബാക്കിയുളള 4 ഗർഡറുകൾ അടുത്താഴ്ച സ്ഥാപിക്കുമെന്നാണു കരാർ കമ്പനി പറയുന്നത്. മുൻപു സ്ഥാപിച്ചവയിൽ 3 സ്പാനുകളുടെ കോൺക്രീറ്റിങ് ജോലി ബാക്കിയുണ്ട്. പാലത്തിന്റെ കൈവരി സ്ഥാപിക്കുന്ന പണികളും അരൂർ ഭാഗത്തു പെയിന്റിങ്ങുമാണു നടന്നു വരുന്നത്. ആത്മാർഥതയോടെ പരിശ്രമിച്ചാൽ ഇപ്പോൾ നിശ്ചിയിച്ചിരിക്കുന്നതിൽ നിന്ന് ഒരു മാസം മുൻപു തന്നെ പാലം ഗതാഗതത്തിനു തുറക്കാൻ കഴിയും.

കൂടുതൽ വേഗത്തിൽ പണി എടുക്കണമെന്നു മാത്രം. അരൂർ ഭാഗത്തേക്കുളള അപ്രോച്ചിന്റെ പണികൾ നേരത്തെ തീർന്നതാണ്. വൈറ്റിലയിലും കുണ്ടന്നൂരിലും കരാറുകാർക്കു ലഭിക്കാനുളള കുടിശിക പണം കിഫ്ബി നൽകിയിട്ടുണ്ട്. വൈറ്റിലയിലെ കരാറുകാരായ ശ്രീധന്യയ്ക്കു 2 കോടി രൂപയും കുണ്ടന്നൂരിൽ നിർമാണം നടത്തുന്ന മേരി മാതാ കൺസ്ട്രക്‌ഷൻസിനു 9 കോടി രൂപയുമാണു കുടിശിക ഇനത്തിൽ നൽകിയത്. ഇനിയും ബില്ലുകൾ മാറിക്കിട്ടാനുണ്ടെന്നു പറയുന്നു. ഫെബ്രുവരി രണ്ടാം വാരം വൈറ്റിലയിലെ എല്ലാ സ്പാനുകളുടെയും പണി തീരേണ്ടതായിരുന്നു. വൈറ്റിലയിൽ സ്ലിപ് റോഡുകളുടെ നിർമാണം മന്ദഗതിയിലാണ്. എന്തു കൊണ്ടു മേൽപാല നിർമാണം വൈകിയെന്നു ചോദിച്ചാൽ പ്രളയം മുതൽ വിവാദങ്ങൾ വരെ പാലം നിർമാണത്തെ ബാധിച്ചുവെന്ന് അധികൃതർ പറയുന്നു.

ടൈം‘പാസ് ’: വൈറ്റില മേൽപാലത്തിന്റെ ആലുവ ഭാഗത്തേക്കുളള അപ്രോച്ചിലെ നിർമാണം. വിരലിലെണ്ണാവുന്ന തൊഴിലാളികൾ മാത്രമാണു ജോലിക്കുള്ളത്.

ബാക്കി ജോലികൾ

വൈറ്റിലയിൽ ജനുവരിയിൽ തന്നെ 85 ശതമാനം ജോലികളും പൂർത്തിയായിരുന്നു. എന്നാൽ ഒന്നര മാസം പിന്നിടുമ്പോൾ ബാക്കി ജോലികളിൽ 5 ശതമാനം മാത്രമാണു തീർന്നത്. 4 ഗർഡറുകൾ മാത്രമാണു പാലത്തിൽ ഇനി വയ്ക്കാനുളളത്. ആലുവ ഭാഗത്തേക്കുളള അപ്രോച്ച് പൂർത്തിയാകാനുണ്ട്. ഇവിടെ റോഡിന്റെ ഒരു വശത്തു ടാർ െചയ്തു വീതി കൂട്ടുന്ന പണി കഴി‍ഞ്ഞു. മറ്റൊരു വശത്തു കോൺക്രീറ്റിങ് കഴിഞ്ഞെങ്കിലും റീട്ടെയ്നിങ് വോളിനും റോഡിനുമിടയിലുളള ഗ്യാപ് നികത്തി ടാർ ചെയ്തിട്ടില്ല.

കുണ്ടന്നൂരിലും  മെല്ലെമെല്ലെ 

കുണ്ടന്നൂരിൽ അരൂർ ഭാഗത്തേക്കുളള അപ്രോച്ച് നിർമാണം തീരാനുണ്ട്. പാലാരിവട്ടം ഭാഗത്തെ അപ്രോച്ചിന്റെ നിർമാണം വൈകാതെ ആരംഭിക്കും. ഡിസൈനിലുണ്ടായ മാറ്റമാണു കുണ്ടന്നൂർ മേൽപാലം വൈകിച്ചത്. അരൂർ ഭാഗത്തേക്കു സർവീസ് റോഡിന് ആവശ്യത്തിനു വീതി നൽകാനായി അപ്രോച്ചിന്റെ ഡിസൈനിൽ മാറ്റം വരുത്തുകയായിരുന്നു. കൂടാതെ സെൻട്രൽ സ്പാനിന്റെ ഉയരം കണ്ടെയ്നർ ലോറികൾക്കു കടന്നു പോകാൻ കഴിയുന്ന തരത്തിൽ കൂട്ടാനും നിർദേശിച്ചിരുന്നു.

പാലത്തിന്റെ 96 ശതമാനം ജോലിയും പൂർത്തിയായി. 2020 മാർച്ചിൽ പൂർത്തിയാക്കേണ്ട പദ്ധതിയാണു വീണ്ടും ഒരു മാസം കൂടി നീട്ടിയിരിക്കുന്നത്. പൈപ്പ് പൊട്ടിയതു പണി അറിയാത്ത കരാറുകാരനെ ഏൽപിച്ചതാണു പദ്ധതി വൈകാനുളള പ്രധാന കാരണം. കെഎസ്ഇബി ലൈൻ മാറ്റാനുണ്ടായ കാലതാമസവും ഡിസൈൻ മാറ്റവും ഉൾപ്പെടെയുളള പ്രശ്നങ്ങളം നിർമാണത്തെ ബാധിച്ചു. അരൂർ ഭാഗത്തെ റീട്ടെയ്നിങ് വോൾ നിർമാണം നടക്കുന്നുണ്ട്. സ്ലീപ് റോഡുകളുടെ നിർമാണം ബാക്കിയാണ്. പെയിന്റിങ്ങും പുരോഗമിക്കുന്നു.

കുണ്ടന്നൂർ മേൽപാലത്തിന്റെ നിർമാണം പൂർത്തിയായ സെൻട്രൽ സ്പാൻ.

സർക്കാരിന്റെ അനാസ്ഥ

വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു സർക്കാർ നിയമസഭയിൽ ഉറപ്പു നൽകിയതാണ്. പാലം പണി തീരാത്തത് സർക്കാരിന്റെ അനാസ്ഥയുടെ മകുടോദാഹരണമാണ്. ∙ പി.ടി.തോമസ് എംഎൽഎ

നിരീക്ഷണ സംവിധാനമില്ല

പദ്ധതികൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്നു ഉറപ്പാക്കാനുളള നിരീക്ഷണ സംവിധാനം നമ്മൾക്കില്ല. പാലം പണി അനന്തമായി നീളുന്നതു മൂലം സംസ്ഥാനത്തിനും നഗരസഭകൾക്കുമുണ്ടാകുന്ന ഉണ്ടാകുന്ന നഷ്ടങ്ങൾ കൃത്യമായി കണക്കാക്കാൻ അത്തരമൊരു സംവിധാനത്തിനു കഴിയും. ∙ ഡോ.ഡി.ധനുരാജ് ചെയർമാൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്

ചുറ്റിക്കറങ്ങി ബസുകൾ

പാലം പണി മൂലം മൂന്നു കിലോമീറ്ററോളമാണു ബസുകൾ വൈറ്റില കടക്കാൻ ചുറ്റിസഞ്ചരിക്കുന്നത്. ഏകദേശം 3 വർഷമാകുന്നു ബസുകൾ ഇങ്ങനെ ചുറ്റി സഞ്ചരിക്കാൻ തുടങ്ങിയിട്ട്.കൂടാതെ വലിയ തോതിലുളള ഗതാഗതക്കുരുക്കും. ∙ പി.ബി.സുനീർ ജില്ലാ സെക്രട്ടറി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്  അസോസിയേഷൻ

തിരഞ്ഞെടുപ്പ് വരെ നീളും

രണ്ടു പാലങ്ങളുടെയും നിർമാണം സർക്കാർ, നിയമസഭ–തദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പു വരെ നീട്ടിക്കൊണ്ടുപോകും. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടു മനഃപൂർവം പണി വൈകിക്കുകയാണ്. ∙എം.എക്സ്. സെബാസ്റ്റ്യൻ വൈറ്റില കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com