ADVERTISEMENT

പെരുമ്പാവൂർ ∙ കോഴിത്തീറ്റ ലഭിക്കാത്തതിനാൽ കോഴി ഫാമുകൾ പ്രതിസന്ധിയിൽ. വെങ്ങോലയിൽ ആയിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. സംസ്ഥാനത്തൊട്ടാകെ ഫാമുകളിൽ കോഴിത്തീറ്റ ക്ഷാമം നേരിടുകയാണെന്നു കർഷകർ പറഞ്ഞു. വെങ്ങോല ഇലഞ്ഞിക്കൽ‌ സെയ്ഫ് വെങ്ങോലയുടെ ഫാമുകളിലെ കോഴികളാണ് ചത്തത്. കോഴിത്തീറ്റ തീർന്നതും വരവു നിലച്ചതുമാണ് പ്രതിസന്ധിക്കു കാരണം. തമിഴ്നാട്ടിലെ ഈറോഡിലെ കമ്പനിയാണ് പ്രധാനമായും തീറ്റ വിതരണം ചെയ്യുന്നത്. 20 ടൺ തീറ്റ കമ്പനിയിൽ നിന്നു നേരിട്ടിറക്കിയാണ് പ്രതിസന്ധി തൽക്കാലം പരിഹരിച്ചതെന്നു സെയ്ഫ് വെങ്ങോല പറഞ്ഞു. സമീപ ഫാമുകൾക്കും തീറ്റ നൽകി.മേഖലയിൽ നാൽപതിലേറെ ചെറുകിട കോഴിഫാമുകൾ തീറ്റ കിട്ടാതെ പ്രതിസന്ധിയിലാണ്. പ്രതിമാസം ഈ മേഖലയിലെ ചെറുകിട ഫാമുകളിലേക്കു മാത്രം വേണ്ടത് ഏകദേശം 400 ടൺ തീറ്റ. ലോക്ഡൗൺ തീരുമാനം പെട്ടെന്ന് ആയതിനാൽ തീറ്റ കരുതിവയ്ക്കാത്ത ഫാമുകൾ ഒട്ടേറെയുണ്ട്. 500, 1000 കോഴികളാണ് ചെറുകിട ഫാമുകളിൽ ഉണ്ടാകുക.

  കന്നുകാലി തീറ്റയ്ക്ക് പൈനാപ്പിൾ തണ്ട് അരിയുന്നതിനായി അങ്കമാലി ചമ്പന്നൂരിലെ ഫാമിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രം.
കന്നുകാലി തീറ്റയ്ക്ക് പൈനാപ്പിൾ തണ്ട് അരിയുന്നതിനായി അങ്കമാലി ചമ്പന്നൂരിലെ ഫാമിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രം.

പ്രതിസന്ധി രൂക്ഷം

ഈറോഡിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ ഇവിടത്തെ കമ്പനി ഉൽപാദനം നിർത്തിവച്ചു. കോഴിത്തീറ്റയുടെ പ്രധാന അസംസ്കൃത വസ്തു ചോളമാണ്. ഉത്തരേന്ത്യയിൽ നിന്നു ചോളം വരവു നിലച്ചതും ഉൽപാദനം കുറയാൻ കാരണമാണ്. അസംസ്കൃത വസ്തുക്കൾ കിട്ടാത്തതിനാൽ കേരളത്തിൽ കോഴിത്തീറ്റ ഉൽപാദിപ്പിക്കുന്ന കമ്പനികളും പ്രതിസന്ധിയിലാണ്.വാഴക്കുളം, കൊടകര തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികൾ തീറ്റ ഉൽപാദിപ്പിക്കുന്നുണ്ട്. അങ്കമാലിയിലെ ഫാമുകൾ അന്വേഷിച്ചെങ്കിലും തീറ്റ നൽകിയില്ല. കമ്പനികളുടെ ഉടമസ്ഥതയിൽ തന്നെ വൻകിട ഫാമുകൾ ഉള്ളതിനാൽ അവരുടെ ഫാമുകളിലേക്കുള്ള തീറ്റ മാത്രമേ ഇവിടെ ഉൽപാദിപ്പിക്കുന്നുള്ളു.

ക്ഷീര കർഷകർക്ക് പൈനാപ്പിൾ തണ്ടുമില്ല

കാലിത്തീറ്റയ്ക്കു പിന്നാലെ നാട്ടിൽ ലഭ്യമായ പൈനാപ്പിൾ തണ്ടും കിട്ടാതായതോടെ അങ്കമാലി മേഖലയിലെ ക്ഷീര കർഷകർ കൂടുതൽ പ്രതിസന്ധിയിലായി. വാഴക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പൈനാപ്പിൾ തണ്ട് യന്ത്രം ഉപയോഗിച്ച് അരിഞ്ഞ് പശുക്കൾക്കു കൊടുക്കുന്ന ഒട്ടേറെ ക്ഷീരകർഷകരുണ്ട്. കാലിത്തീറ്റയുടെ വരവു കുറഞ്ഞതോടെ പൈനാപ്പിൾ തണ്ടിന്റെ അളവു കൂട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ അങ്കമാലി മേഖലയിൽ പൈനാപ്പിൾ തണ്ട് കൊണ്ടുവരാനാകുന്നില്ല.തമിഴ്നാട്ടിൽ നിന്നുള്ള പെല്ലറ്റ് ഇപ്പോൾ വരുന്നില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്. 31 പശുക്കളുള്ള ചമ്പന്നൂരിലെ ഒരു ഫാമിൽ 90 ചാക്ക് പെല്ലറ്റ് വേണം. ഇവർ പൈനാപ്പിൾ തണ്ട് അരിഞ്ഞത് തീറ്റയായി കൊടുക്കുന്നതിനു പുറമെയാണിത്.അങ്കമാലി മേഖലയിൽ 10 പശുക്കളിൽ കൂടുതലുള്ള 43 ഫാമുകാരാണുള്ളത്. ഇവരിൽ ഭൂരിഭാഗവും പൈനാപ്പിൾ തണ്ട് തീറ്റയായി കൊടുക്കുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com