ADVERTISEMENT

കൊച്ചി / കളമശേരി ∙ പ്രവാസികൾ ക്വാറന്റീനിൽ കഴിയുന്ന മുട്ടം എസ്‌സിഎംഎസ് കോളജിലെ ഹോസ്റ്റൽ മുറിയിൽ ലഭ്യമാക്കിയിരിക്കുന്നത് വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ. 80 മുറികളുള്ള ലേഡീസ് ഹോസ്റ്റലിലെ 60 മുറികളാണു പ്രവാസികളെ ക്വാറന്റീനിൽ പാർപ്പിക്കാനായി തയാറാക്കിയത്. ഇവർക്കുള്ള ഭക്ഷണമുൾപ്പെടെയുള്ളവ എസ്‌സിഎംഎസ് ഹോസ്റ്റൽ കന്റീനിൽ തന്നെ തയാറാക്കും.

ആദ്യം കളമശേരി രാജഗിരി കോളജിലെ യൂത്ത് ഹോസ്റ്റലാണു പ്രവാസികൾക്ക് ക്വാറന്റീനിൽ കഴിയാനായി തയാറാക്കിയിരുന്നത്. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾക്കു വേണ്ടി ഈ സൗകര്യം മാറ്റിവയ്ക്കുകയായിരുന്നു. തുടർന്നാണു കുറഞ്ഞ സമയത്തിനുള്ളിൽ എസ്‌സിഎംഎസ് കോളജ് ഹോസ്റ്റൽ ക്വാറന്റീനു വേണ്ടി തയാറാക്കിയത്.

100 കിടക്കകൾ

കുടുംബങ്ങൾക്ക് ഒരുമിച്ചും അല്ലാത്തവർക്ക് ഒറ്റയ്ക്കും താമസിക്കാൻ കഴിയുന്ന തരത്തിലാണു ഹോസ്റ്റൽ മുറിയിലെ ക്രമീകരണം. മുറിയിലേക്കു വേണ്ട 100 കിടക്കകളും തലയിണകളും ജില്ലാ അധികൃതർ ഇന്നലെ രാവിലെയോടെ ലഭ്യമാക്കി. എസ്‌സിഎംഎസ് അധികൃതർ തന്നെയാണു ഭക്ഷണം തയാറാക്കി നൽകുന്നത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരമായിരിക്കും ഭക്ഷണം ഓരോരുത്തരുടെയും മുറികളിലെത്തിക്കുന്നത്. 

രാജഗിരിയിൽ 60 പേർ

രാജഗിരി യൂത്ത് ഹോസ്റ്റലിൽ ഇതിനകം മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന 60 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കളമശേരി നഗരസഭയാണ് ഇവർക്കു വേണ്ട ഭക്ഷണമുൾപ്പെടെ ലഭ്യമാക്കുന്നത്. കളമശേരിയിൽ തന്നെ 50 പേർക്കു കൂടി താമസിക്കാനായി ഏലൂർ റോഡിനു സമീപം ജ്യോതിർഭവൻ ഹോസ്റ്റൽ കൂടി തയാറാക്കുന്നുണ്ട്.

ക്വാറന്റീൻ കേന്ദ്രങ്ങൾ 10

1. ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്റർ
2. മാഞ്ഞാലി എസ്എൻ ജിസ്റ്റ് ഹോസ്റ്റൽ
3. കളമശേരി ജ്യോതിർഭവൻ
4. കറുകുറ്റി അസീസി ശാന്തി കേന്ദ്രം
5. കാക്കനാട് ആഷിയാന ലേഡീസ് ഹോസ്റ്റൽ 

6. കളമശേരി രാജഗിരി കോളജ് ഹോസ്റ്റൽ
7. പാലിശേരി എസ്‌സിഎംഎസ് ഹോസ്റ്റൽ
8. മുട്ടം എസ്‌സിഎംഎസ് ഹോസ്റ്റൽ
9. കാക്കനാട് രാജഗിരി ഹോസ്റ്റർ
10. മൂവാറ്റുപുഴ നെസ്റ്റ് 

മികച്ച ഭക്ഷണം

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുന്നവർക്കു ലളിതവും സമൃദ്ധവുമായ ഭക്ഷണമാണു കളമശേരി രാജഗിരി കോളജിൽ ലഭ്യമാക്കുന്നത്. 

വ്യത്യസ്ത കറികൾ

ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള കറികളാണു നൽകുകയെന്ന് മുനിസിപ്പൽ സെക്രട്ടറി ബി.അനിൽകുമാർ പറഞ്ഞു. കുടുംബശ്രീ സംരംഭങ്ങളായ ജനകീയ അടുക്കളയും ഫുഡ് ഓൺ വീൽസും തയാറാക്കിയ ഭക്ഷണമാണു നഗരസഭ ലഭ്യമാക്കുന്നത്. 

വൈദ്യ സേവനം

കളമശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.വി.നസീറിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

വിദ്യാർഥികളും

വെല്ലൂർ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തിരുപ്പതി, ശിവഗംഗ എന്നിവിടങ്ങളിൽ നിന്നു മടങ്ങിയെത്തിയ 60 പേരെയാണ് ഇന്നലെ രാജഗിരി ഹോസ്റ്റലിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കിയത്. ഇവരിൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ 15 വിദ്യാർഥികളും ചെന്നൈ (14), ബെംഗളൂരു (5) എന്നിവിടങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com