ADVERTISEMENT

കൊച്ചി ∙ സ്ഥലമെടുപ്പു വേഗത്തിലാക്കിയാൽ ഒന്നര വർഷം കൊണ്ടു മെട്രോ ട്രെയിൻ തൃപ്പൂണിത്തുറയിലെത്തും. തൃപ്പൂണിത്തുറയ്ക്കുള്ള മെട്രോ നിർമാണത്തിനു ഇനി തടസ്സം അതുമാത്രം. ഏറ്റവും ഒടുവിലായി തൃപ്പൂണിത്തുറ മെട്രോ നിർമാണത്തിനുള്ള പ്രൂഫ് കൺസൽറ്റൻസിക്കു 4 കമ്പനികളുടെ ചുരുക്കപ്പട്ടിക തയാറായി. ഡിഎംആർസിക്കു ശേഷം ആ ചുമതലയിലേക്ക് ആർവി അസോഷ്യേറ്റ്സിനെ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റായി നിയമിച്ചു. കെഇസി ഇന്റർനാഷനൽ ലിമിറ്റഡും വിജയ് നിർമാൺ കമ്പനിയും ചേർന്ന സംയുക്ത സംരംഭത്തിനാണു നിർമാണ കരാർ.

1.17 കിലോമീറ്റർ ദൂരത്തേക്കു സ്ഥലമെടുക്കാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ കയ്യിലുള്ളതും നിർമാണങ്ങളൊന്നുമില്ലാത്തതുമായ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതിനായി 100 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത്രയുമായാൽ 16 മാസം വേണം നിർമാണത്തിന്. ഡിഎംആർസി കൺസൽറ്റൻസി നിർവഹിച്ചിരുന്നപ്പോൾ ടെൻഡറുകളെല്ലാം ഡിഎംആർസിയായിരുന്നെങ്കിൽ ഇപ്പോൾ കെഎംആർഎൽ നേരിട്ടുതന്നെയാണു ടെൻഡർ. കെഎംആർഎൽ നേരിട്ടുചെയ്യുന്ന ആദ്യ ജോലിയാണിത്.

പ്രൂഫ് കൺസൽറ്റൻസിക്ക് 4 കമ്പനികൾ

രൂപരേഖ അനുസരിച്ചാണോ നിർമാണം എന്നു പരിശോധിക്കലാണു പ്രൂഫ് കൺസൽറ്റന്റിന്റെ ജോലി. ഡിസൈൻ, സിവിൽ ജോലി, രേഖകൾ എല്ലാം ഇതിൽ ഉൾപ്പെടും. ഏപ്രിലിൽ ടെൻഡർ വിളിച്ചപ്പോൾ 2 കമ്പനി വന്നു. ടെൻഡർ റദ്ദാക്കി ജൂണിൽ വീണ്ടും വിളിച്ചു. ബാലാജി റെയിൽ റോഡ് സിസ്റ്റംസ്, റൈറ്റ്സ് ലിമിറ്റഡ്, ശ്രീഗിരി കൺസ്ട്രക്‌ഷൻസ്, എസ്ടിയുപി കൺസ്ട്രക്‌ഷൻസ് എന്നിവയാണു ചുരുക്കപ്പട്ടികയിലെ 4 സ്ഥാപനങ്ങൾ.

ആർവി അസോഷ്യേറ്റ്സ്

കൊച്ചി മെട്രോ നിർമാണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഡിഎംആർസി വഹിച്ച ചുമതല പേട്ട മുതൽ തൃപ്പൂണിത്തുറ വരെ വഹിക്കുന്നത് ആർവി അസോഷ്യേറ്റ്സ് ആർക്കിടെക്ട്സ്, എൻജിനീയേഴ്സ് ആൻഡ് കൺസൽറ്റന്റ്സിന്. സെക്യൂരിറ്റി, കോൺട്രാക്ട് മാനേജ്മെന്റ്, സേഫ്റ്റി തുടങ്ങിയ കാര്യങ്ങളിലൊന്നും ഇനി കെഎംആർഎൽ തലപുകയ്ക്കേണ്ട. ഡിഎംആർസി മെട്രോയുടെ ഒന്നാം ഘട്ടത്തിന്റെ ചുമതല വഹിച്ചപ്പോൾ ഇൗ വിഭാഗങ്ങൾക്കെല്ലാം കെഎംആർഎൽ പ്രത്യേക ഏജൻസികളെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കുറി ആ ബാധ്യത ആർവി അസോഷ്യേറ്റ്സിനെ ഏൽപിച്ചു. കൺസൽറ്റൻസി ഫീസ് 17 കോടി രൂപ.

നിർമാണം കെഇസി– വിഎൻജെ സംരംഭം

മെട്രോയുടെ പേട്ട– എസ്എൻ ജംക്‌ഷൻ ഭാഗം നിർമിക്കുന്ന കമ്പനിയാണു കെഇസി. ഒരു ചൈനീസ് കമ്പനിയുമായി ചേർന്ന സംരംഭമാണ് ഇത്. എസ്എൻ ജംക്‌ഷൻ – തൃപ്പൂണിത്തുറ നിർമാണത്തിനു വിജയ് നിർമാൺ കമ്പനിയുമായാണു പങ്കാളിത്തം. 166 കോടിയുടെ നിർമാണ കരാർ. പേട്ട – എസ്എൻ ജംക്‌ഷൻ ലൈനിൽ വടക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ സ്റ്റേഷനുകൾ. അടുത്ത ഘട്ടത്തിൽ തൃപ്പൂണിത്തുറ റെയിൽവേ ലൈനിനോടു ചേർന്ന് മറ്റൊരു ടെർമിനൽ. പേട്ട പാലത്തിന്റെ നിർമാണവും ഇതിനൊപ്പം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com