‘ഫ്രീ’ ആയി വിവാഹം നടത്തും, ഓടിനടക്കുന്നവർ പരേതരാകും; പേരുവെട്ടാൻ രാഷ്ട്രീയക്കാരുടെ അടവുകൾ
Mail This Article
മൂവാറ്റുപുഴ∙ ചുറുചുറുക്കോടെ ഓടിനടക്കുന്ന വയോധികരെ പരേതരാക്കുക, വിവാഹിതയാകാത്ത യുവതിയുടെ വിവാഹം നടത്തിയതായി വ്യാജ റിപ്പോർട്ട് തയാറാക്കുക തുടങ്ങി വോട്ടർ പട്ടികയിൽ നിന്ന് എതിരാളികളുടെ വോട്ട് വെട്ടാൻ പതിനെട്ടടവും പയറ്റുകയാണ് ചിലർ. ഇതേ ചൊല്ലി വലിയ തർക്കങ്ങളും കയ്യാങ്കളിയും അരങ്ങേറുന്നത് പഞ്ചായത്ത് ഓഫിസുകളെ സംഘർഷകേന്ദ്രങ്ങളാക്കുകയാണ്.
വാളകം മുൻ പഞ്ചായത്ത് പ്രസിഡന്റ് സാബു പി. വാഴയിലിന്റെ അമ്മ ഏലിയാമ്മ പൈലി മരിച്ചുപോയെന്നറിയിച്ച് വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കാനുള്ള ശ്രമം വാളകം പഞ്ചായത്തിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചു. സാബു അമ്മയെ പഞ്ചായത്ത് ഓഫിസിൽ അധികാരികൾക്കു മുൻപിൽ എത്തിച്ചാണ് ഈ നീക്കം ചെറുത്തത്. വാളകം സ്വദേശിനിയായ 20 വയസ്സുകാരിയുടെ വിവാഹം നടന്നുവെന്നും ഇവർ വീടുമാറിപ്പോയെന്നും അറിയിച്ച് പട്ടികയിൽ നിന്നു പേരു വെട്ടി. ഇതിനെതിരെ യുവതി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി.
വോട്ടർ പട്ടികയിൽ പേരുള്ള ഒട്ടേറെ പേരുടെ പേരുകൾ സമാനമായ വിധത്തിൽ വെട്ടിയിട്ടുണ്ട്. പ്രമുഖ നേതാക്കന്മാരുടെ ബന്ധുക്കളെ പ്പോലും പട്ടികയിൽ നിന്നു വെട്ടിമാറ്റാനുള്ള ശ്രമം നടന്നു. സാധാരണക്കാരുടെ പേര് ലിസ്റ്റിൽ നിന്നു വെട്ടിയാൽ വോട്ടു ചെയ്യാനെത്തുമ്പോൾ മാത്രമേ അറിയുകയുള്ളൂ. പേരു വെട്ടിമാറ്റാൻ വ്യാജവിവരം നൽകുന്നവർക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നാണ് ആവശ്യം.