അമരക്കാരനെ കാത്ത് വൈപ്പിൻ, വികസനത്തിന് ആരു നേതൃത്വം നൽകും ?
Mail This Article
വികസനത്തിന്റെ ബാലാരിഷ്ടതകൾ മാറിവരുന്നേയുള്ളു വൈപ്പിൻ മണ്ഡലത്തിന്. കുടിക്കാൻ ഇത്തിരി ശുദ്ധജലം, പാലം എന്നിങ്ങനെയൊക്കെയായിരുന്നു സമീപകാലംവരെ വൈപ്പിൻകരയുടെ മുദ്രാവാക്യം. ആരുമില്ലാത്തവനു ൈദവം കൂട്ടുണ്ടാവുമെന്നു പറഞ്ഞപോലെ ആരാലും തിരിഞ്ഞുനോക്കാതിരുന്ന ഇൗ തുരുത്തിലേക്കു പുതുവികസനത്തിന്റെ കൈകൾ നീണ്ടുവന്നപ്പോൾ വൈപ്പിനു പ്രതാപമേറി.
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, എൽഎൻജി െടർമിനൽ എന്നിങ്ങനെ കേരളം എടുത്തു പറയുന്ന പുതുനിക്ഷേപങ്ങൾ പലതുമുണ്ട് ഇവിടെ. വാട്ടർ മെട്രോ കൂടി പൂർത്തിയാവുന്നതോടെ അവസരങ്ങളുടെ അക്ഷയഖനിയായി മാറാനുള്ള ഒരുക്കത്തിലാണു മണ്ഡലം. വൈപ്പിൻ വികസനത്തെക്കുറിച്ചു സ്വപ്നം കണ്ടു തുടങ്ങുന്നതേയുള്ളു. ആ വികസനത്തിന് ആരു നേതൃത്വം നൽകണമെന്ന തിരഞ്ഞെടുപ്പാണു വൈപ്പിൻ മണ്ഡലത്തിന് ഏപ്രിൽ 6നു നടത്തേണ്ടത്.
നായകനാര്
10 വർഷം നയിച്ച എസ്. ശർമ ഇൗ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. ശർമയ്ക്കു പകരം കെ. എൻ. ഉണ്ണിക്കൃഷ്ണൻ ഇടതുമുന്നണി സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി ആരെന്നതിൽ ഇതുവരെ തീരുമാനമായില്ല. ശർമ മത്സരത്തിനില്ലെന്നറിഞ്ഞതോടെ ൈവപ്പിനിലേക്കു കോൺഗ്രസ് നേതാക്കളുടെ ഒഴുക്കു തുടങ്ങി. മുൻ എംപി കെ.പി. ധനപാലൻ, ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ്, 38 വർഷമായി യുഡിഎഫ് വൈപ്പിൻ മണ്ഡലം ചെയർമാനായി പ്രവർത്തിക്കുന്ന എം.പി. പോൾ, യുഡിഎഫ് ജില്ലാ കൺവീനറും മുൻ മന്ത്രിയുമായ ഡൊമിനിക് പ്രസന്റേഷൻ എന്നിവർ മത്സരത്തിന് ഇതുവരെ പേരുനൽകിയവരാണ്. എൻഡിഎയിൽ ബിഡിജെഎസ് മത്സരിച്ചുവന്ന സീറ്റ് ഇക്കുറി ബിജെപി ഏറ്റെടുത്തേക്കും.
കടലും കായലും
കടലും കായലുമില്ലാതെ വൈപ്പിനിലൊരു ജീവിതമില്ല. വൈപ്പിൻ ജെട്ടിയിൽ നിന്നു തുടങ്ങുന്ന മുനമ്പം സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചാൽ വെള്ളത്തിന്റെയും മത്സ്യത്തിന്റെയും ഗന്ധം കിട്ടും. പടിഞ്ഞാറുഭാഗം കടൽ. കിഴക്ക് കായൽ. മണ്ഡലത്തിന്റെ ആകെ നീളം 25 കിലോമീറ്റർ. വീതി വെറും 2.5 കിലോമീറ്റർ. പടിഞ്ഞാറു മത്സ്യത്തൊഴിലാളികൾ, കിഴക്കു കർഷകത്തൊഴിലാളികൾ എന്നതായിരുന്നു തൊഴിൽ സാമൂഹികാവസ്ഥ. ഇന്നതു മാറി.
കിഴക്കു പൊക്കാളി കൃഷി അന്യം നിന്നു. അവരിൽ പലരും ചെമ്മീൻ കർഷകരായി. എങ്ങനെപോയാലും മത്സ്യവുമായി ഒരു ബന്ധമുണ്ട്. അതിനാൽത്തന്നെ തങ്ങളുടെ സ്ഥാനാർഥികൾക്കും അത്തരമൊരു ബന്ധം വൈപ്പിൻകാർക്ക് ഇഷ്ടമാണ്. കിഴക്കുള്ള കർഷകതൊഴിലാളി മേഖല കമ്യൂണിസ്റ്റു പാർട്ടിക്കും പടിഞ്ഞാറ് കോൺഗ്രസിനും വളക്കൂറുള്ള മണ്ണായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചിടത്തു ബിജെപി കാര്യമായി വളർന്നു. ഇതാണു വൈപ്പിനിൽ ബിജെപിക്കുള്ള പ്രതീക്ഷ.
വെള്ളം, പാലം, വെള്ളം
നിലയില്ലാത്ത വെള്ളത്തിനു നടുവിൽ ജീവിക്കുമ്പോഴും ശുദ്ധജലം വൈപ്പിനിൽ കിട്ടാക്കനിയായിരുന്നു. അതിനുവേണ്ടി എണ്ണമറ്റ സമരങ്ങൾ. രൂക്ഷമായ ജലക്ഷാമം മാറിയിട്ട് അധികകാലമായിട്ടില്ല. പാലങ്ങളായിരുന്നു അടുത്ത പ്രശ്നം. കരയുമായി ഒരു ബന്ധവുമില്ലാതെ കിടന്ന ഒരുകാലമുണ്ടു വൈപ്പിന്. കേരള സംസ്ഥാനം രൂപപ്പെട്ട് അധികം വൈകാതെ ചെറായി പാലം പണിതു.
അതോടെ പറവൂരിലേക്കു പോകാൻ വഴിയായി. പിന്നീട് എത്രയോ പതിറ്റാണ്ടു നീണ്ട സമരങ്ങൾക്കും പക്ഷോഭങ്ങൾക്കും ശേഷമാണു ഒന്നര പതിറ്റാണ്ടു മുൻപു ഗോശ്രീ പാലം പൂർത്തിയായത്. സംസ്ഥാന പാതയിലെ വീതികുറഞ്ഞ 12 പാലങ്ങൾ പുനർനിർമിച്ചതോടെ ഗതാഗത പ്രശ്നം ഒരുപരിധിവരെ ഇല്ലാതായി. കിഴക്കൻമേഖലയിൽ അടിക്കടി വെള്ളം കയറുന്നതാണ് ഇന്നു മണ്ഡലം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
ഇടത് മേൽക്കൈ
1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പുമുതൽ തന്നെ വൈപ്പിൻ മണ്ഡലം നിലവിലുണ്ട്. 2011 വരെ ഞാറയ്ക്കൽ എന്നായിരുന്നു പേര്. മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേർത്തതൊഴിച്ചാൽ അതിരുകളിൽ മാറ്റമൊന്നുമുണ്ടായില്ല. പക്ഷേ, പേര് വൈപ്പിനെന്നു മാറി. സംവരണവും മാറി. പുതിയ പേരിൽ മത്സരം തുടങ്ങിയ 2011ലും 16ലും എസ്. ശർമയ്ക്കു തുടർച്ചയായ വിജയം സമ്മാനിച്ച മണ്ഡലത്തിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാലും ഇടതുപക്ഷത്തിനു നേരിയ മേൽക്കൈ കാണാം.
1991ൽ ഞാറയ്ക്കലിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച കെ. കുഞ്ഞമ്പുവിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് (എസ്) നേതാവ് വി. കെ. ബാബു ജയിച്ചു. ഇതൊഴികെ നടന്ന 13 തിരഞ്ഞെടുപ്പിൽ 7ൽ ഇടതുപക്ഷവും ആറിൽ കോൺഗ്രസും ജയിച്ചു. 1957ൽ കെ. സി. ഏബ്രഹാം ഹാട്രിക്കിലൂടെ (57, 60, 65) തുടക്കമിട്ട കോൺഗ്രസ് വിജയം 67ൽ സിപിഎമ്മിന്റെ എ. എസ്. പുരുഷോത്തമൻ തടഞ്ഞു. 70ൽ എം. കെ. രാഘവൻ മണ്ഡലം കോൺഗ്രസിനായി തിരിച്ചുപിടിച്ചു.
77 മുതൽ സംവരണ മണ്ഡലമായി മാറിയ ഞാറയ്ക്കലിൽ ആർഎസ്പിയിലെ ടി. എ. പരമനായിരുന്നു വിജയം. 80ൽ സിപിഎമ്മിലെ എം. കെ. കൃഷ്ണനും 87ൽ കോൺഗ്രസിലെ (എസ്) കെ. കെ. മാധവനും മണ്ഡലം പിടിച്ചു. 96ൽ ഞാറയ്ക്കലെത്തിയ ഡോ. എം. എ. കുട്ടപ്പൻ 2001ലും വിജയം ആവർത്തിച്ചു. 2006ൽ സിപിഎമ്മിലെ എം. കെ. പുരുഷോത്തമനായി വിജയി. 2011ലും 2016ലും എസ്. ശർമ. കടമക്കുടി, മുളവുകാട്, എടവനക്കാട്, കുഴിപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വൈപ്പിൻ മണ്ഡലം. ഇതിൽ കടമക്കുടി, കുഴിപ്പിള്ളി, ഞാറയ്ക്കൽ, പള്ളിപ്പുറം പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നു. ബാക്കി യുഡിഎഫും.