കൊച്ചി മെട്രോ രണ്ടാംഘട്ടം; കേന്ദ്രാനുമതി ലഭിച്ചില്ല, തിരഞ്ഞെടുപ്പ് കണ്ടുള്ള പ്രഖ്യാപനം മാത്രമായിരുന്നോ?
Mail This Article
കൊച്ചി ∙ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിനു ഇതുവരെ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചില്ല. കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിനു 1,957.05 കോടി രൂപ കേന്ദ്രബജറ്റിൽ ഉൾപ്പെടുത്തുന്നുവെന്നായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. യഥാർഥത്തിൽ 338.75 കോടി രൂപയാണു മെട്രോ രണ്ടാംഘട്ട വികസനത്തിനു കേന്ദ്ര വിഹിതമായി ലഭിക്കുകയെന്നിരിക്കെ മൊത്തം പ്രോജക്ട് തുക തന്നെ ഉൾപ്പെടുത്തിയതു നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പ്രഖ്യാപനം മാത്രമാണെന്നു സംശയമുയർന്നിരുന്നു.
യഥാർഥത്തിൽ ബജറ്റിനു 5 മാസം മുൻപുതന്നെ മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ കൊച്ചി മെട്രോ രണ്ടാംഘട്ടം ഇടം നേടിയിരുന്നു. 11 മാസം മുൻപു പൊതു നിക്ഷേപ ബോർഡ് അനുമതി ലഭിച്ചതാണ്. പക്ഷേ, മന്ത്രിസഭ ചർച്ച ചെയ്തില്ല. ബജറ്റിനും തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനും ഇടയിൽ ഒരു മാസത്തോളം സർക്കാരിനു സമയം ലഭിച്ചിട്ടും പദ്ധതിക്കു മന്ത്രിസഭ അനുമതി നൽകിയില്ല. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്കു മന്ത്രിസഭ അനുമതി നൽകുന്നതു തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനമല്ലെന്നിരിക്കെ ഇതുവരെയും അനുമതി നൽകിയിട്ടില്ല.
അനുമതി സാങ്കേതികം മാത്രമാണെന്നും പദ്ധതിയുമായി മുന്നോട്ടുപോകാൻ തടസ്സമില്ലെന്നും കെഎംആർഎൽ വ്യക്തമാക്കി. എന്നാൽ കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ മാത്രമേ കേന്ദ്ര വിഹിതം ലഭിക്കൂ. ഇതു വ്യക്തമാകാതെ പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിക്കാൻ കെഎംആർഎല്ലിനു കഴിയില്ല. കെഎംആർഎൽ എംഡി ആയിരുന്ന അൽകേഷ്കുമാർ ശർമയാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതിനാൽ കെഎംആർഎൽ പ്രതീക്ഷയിലാണ്.
കലൂർ സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് ഇൻഫോപാർക്കിലേക്കു 11.2 കിലോമീറ്റർ ദൂരത്തിൽ രണ്ടാംഘട്ട വികസനത്തിനു 2,557 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ടാണു കെഎംആർഎൽ സമർപ്പിച്ചത്. ഇത് 1,957 കോടിരൂപയായി കേന്ദ്രം വെട്ടിച്ചുരുക്കി. ഇതിന്റെ 20 % ( 338.75 കോടി ) ആണു കേന്ദ്ര വിഹിതം. അത്രയും തുക സംസ്ഥാന സർക്കാരും വഹിക്കണം. ബാക്കി 1,016.24 കോടി രൂപ വായ്പയാണ്.
രണ്ടാംഘട്ടത്തിനും വായ്പ നൽകാമെന്നു ഫ്രഞ്ച് വികസന ബാങ്ക് ( എഎഫ്ഡി ) സമ്മതിച്ചിട്ടുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാൽ തന്നെ സംസ്ഥാന സർക്കാരിന്റെ അനുമതി കൂടിയുണ്ടെങ്കിലേ രണ്ടാംഘട്ട വികസനം സാധ്യമാകൂ. കേന്ദ്രം നൽകുന്ന 20 % വിഹിതത്തിനു പുറത്തുള്ള മുഴുവൻ പണവും വായ്പയുടെ തിരിച്ചടവു ബാധ്യതയും സംസ്ഥാനം വഹിക്കണം. നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന മെട്രോയ്ക്കു വേണ്ടി ഇനിയും കോടികളുടെ ബാധ്യത വരുത്തിവയ്ക്കണമോയെന്നു സർക്കാർ ഇതിനകം സൂചന നൽകിയതായാണ് അറിവ്.